| Sunday, 5th March 2023, 11:53 pm

മമ്മൂക്കയുടെ സജഷന്‍ കമല്‍ സാറിന് ഇഷ്ടപ്പെട്ടില്ല, അഭിനയിക്കാന്‍ നില്‍ക്കുകയാണെങ്കില്‍ ഞാന്‍ പറയുന്നത് കേട്ട് അഭിനയിച്ചാല്‍ മാത്രം മതി പറഞ്ഞു: രാജന്‍ പൂജപ്പുര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കമലിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ഹിറ്റ് ചിത്രമാണ് മഴയെത്തും മുന്‍പെ. ശോഭന, ആനി എന്നിവര്‍ നായികമാരായ ചിത്രത്തിന് ഇന്നും വലിയ റിപ്പീറ്റ് വാല്യു ഉണ്ട്.

ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ ഡബ്ബിനിടയിലും മമ്മൂട്ടിയും കമലും തമ്മിലുണ്ടായ വഴക്കിനെ പറ്റി പറയുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജന്‍ പൂജപ്പുര. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം പഴയ ഓര്‍മകള്‍ പങ്കുവെച്ചത്.

‘ഒരിക്കല്‍ ഒരു സീന്‍ പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ മമ്മൂക്ക ഒരു സജഷന്‍ പറഞ്ഞു. അത് കമല്‍ സാറിന് ഇഷ്ടപ്പെട്ടില്ല. നിങ്ങള്‍ അഭിനയിക്കാന്‍ നില്‍ക്കുകയാണെങ്കില്‍ ഞാന്‍ പറയുന്നത് കേട്ട് അഭിനയിച്ചാല്‍ മാത്രം മതി എന്ന് കമല്‍ സാര്‍ പറഞ്ഞു. അത് കേട്ട് പുള്ളി മൂഡ് ഔട്ടായി. പിന്നെ സ്വഭാവികമായും ഡയറക്ടറും ആക്ടറും എന്ന നിലയില്‍ മുന്നോട്ട് പോയി.

മമ്മൂക്കയുടെ വീടിന്റെ പാല് കാച്ചിനിടയിലാണ് ഡബ്ബിങ് വന്നത്. പാല് കാച്ചലിന്റെ തലേന്ന് ഡബ്ബിങ്ങിന് വരാമോയെന്ന് മമ്മൂക്കയോട് ചോദിച്ചു. പാല് കാച്ചല്‍ കഴിഞ്ഞ് മതി, അല്ലെങ്കില്‍ മറ്റന്നാള്‍ വൈകുന്നേരം ചെയ്യാമെന്ന് മമ്മൂക്ക പറഞ്ഞു. മറ്റന്നാള്‍ വൈകുന്നേരം വീട്ടില്‍ ആളുകള്‍ വരുന്ന സമയമല്ലേ, നാളെ ഒഴിവ് കിട്ടും, ഡബ്ബ് ചെയ്യാന്‍ മറ്റന്നാള്‍ തിയേറ്ററില്ലെന്ന് ഞാന്‍ പറഞ്ഞു.

എനിക്ക് ഒരു മണിക്കൂര്‍ ഡബ്ബ് ചെയ്യാന്‍ തിയേറ്ററില്ലേ എന്ന് മമ്മൂക്ക വന്ന് സൗണ്ട് എഞ്ചിനീയറോട് ചോദിച്ചു. ഒരു മണിക്കൂറോ, നിങ്ങള്‍ ഒരു ദിവസം എടുത്തോ എന്ന് അയാള്‍ പറഞ്ഞു. തിയേറ്ററില്ല എന്ന് നീയല്ലേ പറഞ്ഞത് എന്ന് എന്നോട് ചോദിച്ചു. ഇത് കേട്ട് കമല്‍ സാര്‍ വന്നു. രാജാ അങ്ങേര്‍ക്ക് ചെയ്യാന്‍ വയ്യെങ്കില്‍ പറഞ്ഞുവിടാന്‍ പറഞ്ഞു.

നാളെ പാലുകാച്ചലല്ലേ, എല്ലാവരും വരും അതുകൊണ്ടാണ് ഇന്ന് ഡബ്ബ് ചെയ്യെന്ന് പറഞ്ഞതെന്ന് ഞാന്‍ മമ്മൂക്കയോട് പറഞ്ഞു. നീയൊന്നും ഒരു ചുക്കും പറയണ്ടെന്ന് പറഞ്ഞ് അകത്ത് കേറി ഡബ്ബ് ചെയ്തു. അത് കഴിഞ്ഞ് പുറത്ത് വന്നപ്പോള്‍ വന്ന കാറിന്റെ ടയര്‍ പഞ്ചറായി. വീട്ടില്‍ വിളിച്ച് വേറെ വണ്ടി വന്നിട്ടാണ് കേറി പോയത്,’ രാജന്‍ പറഞ്ഞു.

Content Highlight: production controller about mammootty and kamal

We use cookies to give you the best possible experience. Learn more