| Saturday, 1st July 2023, 1:16 pm

കാറിലിരുന്ന സത്യന്റെ കയ്യില്‍ ഒരു പയ്യന്‍ തട്ടി, കൈ വലിച്ച് അദ്ദേഹം ഒറ്റ അടി കൊടുത്തു: കബീര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സത്യനെ ആദ്യമായി കണ്ട അനുഭവം പങ്കുവെക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എ. കബീര്‍. സിനിമയില്‍ താന്‍ എത്തിപ്പെടുന്നതിന് മുമ്പ് സത്യനെ കാണാനുള്ള കൊതി കൊണ്ട് അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലില്‍ പോയിരുന്നു എന്ന് കബീര്‍ പറഞ്ഞു. സത്യന്‍ പുറത്തേക്ക് വന്നപ്പോള്‍ ഒരു പയ്യന്‍ അദ്ദേഹത്തിന്റെ കയ്യില്‍ തട്ടിയെന്നും സത്യന്‍ കൈ വലിച്ച് അടിച്ചുവെന്നും സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ കബീര്‍ പറഞ്ഞു.

‘സത്യന്‍ മാഷിനെ കാണാനുള്ള കൊതി കാരണം അദ്ദേഹം താമസിക്കുന്ന ആലപ്പുഴ കളക്ട്രേറ്റിന് മുമ്പിലുള്ള ഭീമ ഗാര്‍ഡന്‍ എന്ന് പറഞ്ഞ ലോഡ്ജില്‍ പോയി. അദ്ദേഹത്തിനൊപ്പം സംവിധായകന്‍ സേതുമാധവനും നിര്‍മാതാവ് എം.ഒ. ജോസഫുമുണ്ട്. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയുടെ ഷൂട്ടിനിടയില്‍ റെസ്റ്റ് ചെയ്യാന്‍ വേണ്ടി വന്നിരുന്നതാണ്.

കാണാന്‍ വേണ്ടിയുള്ള മോഹം കാരണം വളരെ ദൂരെ മാറി നിന്ന് സത്യന്‍ മാഷ് വരുന്നത് കണ്ടു. ഇടനാഴിയിലൂടെ നടന്ന് അദ്ദേഹം പുറത്തേക്ക് വന്നു. കാറിലേക്ക് കയറി. മുമ്പിലാണ് ഇരിക്കുന്നത്.

ഗേറ്റ് തുറന്ന് വണ്ടി പുറത്തേക്ക് ഇറങ്ങിയപ്പോള്‍ എന്റെ കൂടെ വന്ന പയ്യന്‍ ഇദ്ദേഹത്തിന്റെ കയ്യില്‍ തട്ടി. തട്ടിയ ഉടനെ കൈ വലിച്ച് അദ്ദേഹം ഒരു അടി വെച്ചു കൊടുത്തു. അടിയും കൊണ്ട് അവനും പോയി, ഇദ്ദേഹത്തിന്റെ കാറും വിട്ടുപോയി. അങ്ങനെയാണ് ഞാന്‍ സത്യന്‍ മാഷിനെ ആദ്യമായി കാണുന്നത്,’ കബീര്‍ പറഞ്ഞു.

സംവിധായകന്‍ അറിയാതെ ഷൂട്ടിനിടയില്‍ സിനിമയില്‍ മുഖം കാണിച്ചതിനെ പറ്റിയും കബീര്‍ പറഞ്ഞു. ‘എന്റെ വീടിന് നേരെ ഓപ്പോസിറ്റുള്ള കനാലിന്റെ അടുത്ത് ആസ്പിന്‍വാള്‍ എന്നൊരു കമ്പനിയുണ്ട്. ഒരു ദിവസം അതിന്റെ മുന്നിലൂടെ ഒരു ലോറിയില്‍ ക്യാമറയും മറ്റുമൊക്കെയായി പോകുന്നത് കണ്ടു. അതിന് പിറകിലായി ഒരു ജാഥയും വരുന്നുണ്ടായിരുന്നു.

ആയിരക്കണക്കിന് ആളുകളുടെ കൂട്ടം കണ്ട് ഞാനും ജാഥക്കടുത്തേക്ക് ഓടിയെത്തി. ജാഥയില്‍ നോക്കുമ്പോള്‍ അന്നത്തെ താരങ്ങളായ പി.ജെ.ആന്റണിയും കവിയൂര്‍ പൊന്നമ്മയും വേറെകുറെ നടീനടന്‍മാരുമുണ്ട്. സംവിധായകന്‍ മണിയുടെ ക്രോസ് ബെല്‍റ്റ് എന്ന സിനിമയുടെ ഷൂട്ടിങ്ങായിരുന്നു അത്.

ജാഥ മുന്നോട്ട് മുന്നോട്ട് പോകുമ്പോള്‍ ആളുകളൊക്കെ പാട്ടുപാടുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത് ജാഥയിലേക്ക് തള്ളിക്കയറുന്നുണ്ടായിരുന്നു. ഞാനും ആ കൂട്ടത്തില്‍ തള്ളിക്കയറി ജാഥയില്‍ നിന്നു. ഇതെല്ലാം കഴിഞ്ഞ് കുറെ നാളുകള്‍ക്ക് ശേഷം ആ പടം റിലീസ് ചെയ്തു. തിയേറ്ററില്‍ പോയി സിനിമ കാണുമ്പോള്‍ ആ പടത്തിനകത്ത് ഞാനുമുണ്ട്. അങ്ങനെയാണ് ആരും വിളിക്കാതെ ഞാന്‍ സിനിമക്കകത്ത് എത്തുന്നത്.

ആരും വിളിക്കാതെ ഓടിക്കയറിയ ആളാണ്. ആ സിനിമയുടെ സംവിധായകന്‍ മണിസാറ് പോലും അറിഞ്ഞിട്ടില്ല ഇങ്ങനൊരാള്‍ ആ സിനിമയില്‍ അഭിനയിച്ചത്. അതാണ് എന്റെ സിനിമയുടെ തുടക്കം,’ കബീര്‍ പറഞ്ഞു.

Comntent Highlight: production controller a kabeer talks about seeing sathyan for the first time

We use cookies to give you the best possible experience. Learn more