| Thursday, 13th April 2023, 11:03 pm

മോഹന്‍ലാലിനെ അങ്ങനെയൊരു കഥാപാത്രത്തില്‍ പ്രേക്ഷകര്‍ അംഗീകരിച്ചില്ല, സിനിമ പരാജയപ്പെട്ടു: എ. കബീര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍, സംയുക്ത വര്‍മ, ഗീതു മോഹന്‍ദാസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഫാസില്‍ സംവിധാനം ചെയ്ത ചിത്രമാണ് ലൈഫ് ഈസ് ബ്യൂട്ടിഫുള്‍. അമ്മു മീവിസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ നിര്‍മിച്ച ചിത്രം തിയേറ്ററുകളില്‍ കാര്യമായ വിജയം നേടിയില്ല.

ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് അംഗീകരിക്കാനായില്ലെന്നും അതാണ് പരാജയപ്പെടാന്‍ കാരണമെന്നും പറയുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എ. കബീര്‍. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലൈഫ് ഈസ് ബ്യൂട്ടിഫുള്ളിനെ പറ്റി കബീര്‍ സംസാരിച്ചത്.

‘എല്ലാ ചിത്രങ്ങളും 100 ശതമാനവും ഓടുമെന്ന് പറഞ്ഞുകൊണ്ട് തന്നെയാണ് സംവിധായകനും നിര്‍മാതാവും പടം എടുക്കുന്നത്. ഒരു ആ പടം ഫ്‌ളോപ്പാവുമെന്ന് പറഞ്ഞ് എടുക്കുന്നില്ല. എന്റെ കുഞ്ഞ് നല്ല കുഞ്ഞാണെന്ന് പറഞ്ഞാണ് തിയേറ്ററില്‍ കൊടുക്കുന്നത്. തിയേറ്ററില്‍ വരുമ്പോള്‍ ഇതെന്ത് സിനിമയാണ് എന്ന് പറഞ്ഞ് ആളുകള്‍ ഇറങ്ങിപ്പോയാല്‍ തീര്‍ന്നു.

നമ്മുടെ കുഞ്ഞിനെ കുളിപ്പിച്ച് പൗഡര്‍ ഒക്കെ ഇട്ട് റെഡിയാക്കി കൊണ്ട് വെക്കുമ്പോള്‍ ആ കൊച്ച് ചീത്ത കൊച്ചാണ് എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും.

ലൈഫ് ഈസ് ബ്യൂട്ടിഫുള്ളിന് ചെറിയ ഒരു തകരാറ് സംഭവിച്ചു. ഭാര്യയുടെ അനിയത്തിയോട് നായകനുള്ള ബന്ധം പ്രേക്ഷകര്‍ അംഗീകരിച്ചില്ല. വളരെ മനോഹരമായ പടമായിരുന്നു. വീണ്ടും കണ്ട് നോക്കിയാല്‍ ആ പടത്തിനെ പറ്റി ആര്‍ക്കും കുറ്റം പറയാന്‍ പറ്റില്ല. പക്ഷേ ആ ബന്ധം കുടുംബ പ്രേക്ഷകര്‍ അംഗീകരിച്ചില്ല.

മോഹന്‍ലാലിനെ ആ രീതിയില്‍ കാണാന്‍ പ്രേക്ഷകര്‍ക്ക് താല്‍പര്യമില്ല. ഒരു കഥയില്‍ കഥാപാത്രങ്ങളെ എങ്ങനെ കൊണ്ടു വരണമെന്ന് തീരുമാനിക്കുന്നത് സംവിധായകനാണ്. സിനിമ സംവിധായകന്റേതാണ്. നിര്‍മാതാവിന് പോലും അതില്‍ വലിയ റോളൊന്നുമില്ല. അപ്പച്ചനെ പോലെ ഒരു നിര്‍മാതാവോ മറ്റാരെങ്കിലുമോ ഫാസിലിനോട് പോയി അങ്ങനെയല്ല ഇങ്ങനെയാണ് എന്ന് പറയില്ല,’ കബീര്‍ പറഞ്ഞു.

Content Highlight: production controller a kabeer talks about life is beautiful movie

Latest Stories

We use cookies to give you the best possible experience. Learn more