| Saturday, 25th February 2023, 9:36 pm

ജയന്‍ മരിച്ചപ്പോള്‍ പകരം ഒരു പുതുമുഖത്തെ എടുത്തു, ആളെ കാണാന്‍ കൊള്ളാം, അഭിനയിക്കുമോ എന്നാണ് ഷെരീഫിക്ക ചോദിച്ചത്: പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എ. കബീര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി, സോമന്‍, സുകുമാരന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത ചിത്രമാണ് സ്‌ഫോടനം. ചിത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്തിരുന്നത് ജയനെ ആയിരുന്നുവെന്നും അദ്ദേഹം മരണപ്പെട്ടതിനെ തുടര്‍ന്നാണ് മമ്മൂട്ടിയെ തെരഞ്ഞെടുത്തതെന്നും പറയുകയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്ന എ. കബീര്‍. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സ്‌ഫോടനം എന്ന ചിത്രത്തെ പറ്റി കബീര്‍ പറഞ്ഞത്.

‘1980ലാണ് ജയന്‍, സോമന്‍, സുകുമാരന്‍ എന്നിവരെ നായകന്മാരാക്കി ഒരു പടം പ്ലാന്‍ ചെയ്യുന്നത്. വില്ലനായി ബാലന്‍ കെ. നായരെയും തീരുമാനിച്ചു. പി.ജി. വിശ്വംഭരനാണ് സംവിധായകന്‍. ലൊക്കേഷനെല്ലാം തീരുമാനിച്ചു. ഇരുപത് ദിവസത്തെ ഷൂട്ടിങ്ങാണ് അന്ന്. അങ്ങനെയിരിക്കുമ്പോഴാണ് മദ്രാസില്‍ വെച്ച് കോളിളക്കത്തിന്റെ ഷൂട്ടിനിടയില്‍ ജയന്‍ മരിക്കുന്നത്. അതോടെ പ്ലാനെല്ലാം തെറ്റി. കാരണം ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു ജയന്‍.

പിന്നെ ജയന് പകരം ആരെ എടുക്കുമെന്ന് ചര്‍ച്ചയായി. രവി മേനോനേയോ രവി കുമാറിനേയോ ഇടാമെന്നൊക്കെ തിരക്കഥാകൃത്ത് ഷെരീഫിക്ക പറഞ്ഞു. അതൊന്നും ബാബു അംഗീകരിച്ചില്ല. പുള്ളിയാണ് വിതരണക്കാരന്‍. നമുക്കൊരു പുതിയ ആളെ ഇട്ടാലോ എന്ന് ബാബു പറഞ്ഞു. ആരാണ് പുതുമുഖമെന്ന് വിശ്വംഭരന്‍ ചോദിച്ചു. ഒരു കക്ഷിയുണ്ട്, മേളയിലും വില്‍ക്കാനുണ്ട് സ്വപ്‌നങ്ങളിലുമൊക്കെ അഭിനയിച്ച മമ്മൂട്ടി എന്ന് പറയുന്ന ആളാണ്. അങ്ങനെ അദ്ദേഹത്തെ വിളിപ്പിക്കാന്‍ തീരുമാനിച്ചു.

ബാബുവിന്റെ അനിയനാണ് മമ്മൂട്ടിയെ കൂട്ടിക്കൊണ്ട് വന്നത്. കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞ ശേഷം മമ്മൂട്ടിയോട് പുറത്തിറങ്ങി നിന്നോളാന്‍ പറഞ്ഞു. അന്നും പുള്ളിയെ കാണാന്‍ ഹാന്‍ഡ്‌സമാണ്. ഞാന്‍ അകത്ത് കേറിയപ്പോള്‍ ആളെ കാണാന്‍ കൊള്ളാം, അഭിനയിക്കുമോ എന്ന് ഷെരീഫിക്ക ചോദിച്ചു. അദ്ദേഹം അഭിനയിക്കും, അതെനിക്ക് ഉറപ്പുണ്ട് എന്ന് ബാബു പറഞ്ഞു. ഷെരീഫിക്കക്ക് ഓക്കെയാണെങ്കില്‍ മമ്മൂട്ടിയെ എടുക്കാമെന്ന് വിശ്വംഭരന്‍ പറഞ്ഞു.

അങ്ങനെയാണ് അദ്ദേഹം സ്‌ഫോടനത്തിലേക്ക് ഹീറോയായി വരുന്നത്. അന്ന് ജയന്റെ റോള്‍ സുകുമാരന് കൊടുത്തു, സുകുവേട്ടന്റെ റോള്‍ മമ്മൂട്ടിക്ക് കൊടുത്തു,’ കബീര്‍ പറഞ്ഞു.

Content Highlight: production controller a kabeer about mammootty and jayan

We use cookies to give you the best possible experience. Learn more