അക്ഷയ് കുമാര്‍, സെയ്ഫ് അലി ഖാന്‍, കരീന കപൂര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി പുറത്തിറങ്ങിയ ചിത്രമാണ് തഷന്‍. ചിത്രത്തിന്റെ കുറച്ച് ഭാഗങ്ങള്‍ കേരളത്തിലും ഷൂട്ട് ചെയ്തിരുന്നു. അന്ന് കേരളത്തിലെത്തിയ താരങ്ങളുടെ ദൃശ്യങ്ങള്‍ക്കായി മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ ശ്രമങ്ങളെ പറ്റി പറയുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എ. കബീര്‍.
തന്റെ സുഹൃത്ത് കൂടിയായ ഒരു ചാനലുകാരന് അന്ന് അവരുടെ വിഷ്വല്‍സ് പകര്‍ത്താനായെന്നും അയാള്‍ അത് പിന്നീട് ആജ് തക് ചാനലിന് വിറ്റുവെന്നും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കബീര്‍ പറഞ്ഞു.
‘തഷന്റെ ഷൂട്ട് പത്ത് ദിവസം കുട്ടനാട്ടില്‍ ഉണ്ടായിരുന്നു. അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും കരീന കപൂറുമായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. വള്ളംകളി ഒക്കെ വെച്ച് അത് ഷൂട്ട് ചെയ്തു. ഇവര്‍ ആലപ്പുഴയില്‍ ഷൂട്ടിനായി ഇറങ്ങുമ്പോള്‍ തന്നെ പത്രപ്രവര്‍ത്തകര്‍ക്ക് വിഷ്വല്‍സ് വേണം. അത് വാശിയാണല്ലോ. ബോളിവുഡ് താരങ്ങള്‍ ആലപ്പുഴയില്‍ ഇറങ്ങി എന്നത് തങ്ങള്‍ക്ക് ആദ്യം ഷൂട്ട് ചെയ്യണമെന്ന വാശിയിലാണ് അവര്‍.
എന്റെ സുഹൃത്തും കൂടിയായ ഒരു ചാനലുകാരന്‍ ജെട്ടിയില്‍ ഒളിച്ചിരുന്നു. ബോട്ട് വന്നപ്പോള്‍ ഇയാളും അതില്‍ ചാടിക്കയറി. ഇറങ്ങാന്‍ പറയാന്‍ പറ്റുമോ? എന്റെ സുഹൃത്തല്ലേ. അയാള്‍ ചെറിയ ക്യാമറയില്‍ ഇവര്‍ സംസാരിക്കുന്നതും ചെറിയ വിഷ്വല്‍സുമൊക്കെ എടുത്തു. ഇടക്ക് സെയ്ഫ് അലി ഖാന്‍ ഇത് കണ്ടപ്പോള്‍ ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞു. അപ്പോള്‍ നിര്‍ത്തി.
ബോട്ട് നിര്‍ത്തിയപ്പോള്‍ ആദ്യം ചാടിയിറങ്ങുന്നത് ഇയാളാണ്. നേരെ ഹോട്ടലിലേക്ക് പോയി ഇവര്‍ നടന്നുവരുന്ന വിഷ്വല്‍സ് ഷൂട്ട് ചെയ്തു. അത് പിന്നെ അവരുടെ ചാനലില്‍ കാണിച്ചു. പിന്നെ ആ വിഷ്വല്‍സ് കാണിക്കുന്നത് ആജ് തക് എന്ന ഹിന്ദി ചാനലിലാണ്. അവര്‍ക്ക് ഇയാള്‍ അത് വിറ്റു.
കരീനയും സെയ്ഫ് അലി ഖാനും കേരളത്തില്‍ വന്ന് പ്രേമമായി എന്ന് പറഞ്ഞ് ആജ് തക് ദിവസവും അത് കൊടുക്കാന്‍ തുടങ്ങി. പിന്നീട് ആ പ്രേമം സക്‌സസായി, അവര്‍ കല്യാണവും കഴിച്ചു. പക്ഷേ അന്ന് അവര്‍ തമ്മില്‍ പ്രേമമൊന്നുമില്ല. ഷൂട്ടിന് വേണ്ടി ഇവിടെ വന്നതാണ്. ആളുകള്‍ ഇങ്ങനെ പറഞ്ഞ് അവര്‍ തമ്മില്‍ പ്രേമമായി എന്നാണ് ബോംബെയില്‍ നിന്നും പിന്നീട് അറിഞ്ഞത്,’ കബീര്‍ പറഞ്ഞു.
Content Highlight: production controller a kabeer about kareena and saif ali khan