മമ്മൂട്ടി, മോഹന്‍ലാല്‍, ജൂഹി ചൗള എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഫാസില്‍ അണിയിച്ചൊരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ഹരികൃഷ്ണന്‍സ്. ചിത്രത്തിലെ രണ്ട് ക്ലൈമാക്‌സുകളെ പറ്റി ഇപ്പോഴും ചര്‍ച്ചകള്‍ ഉയരാറുണ്ട്.
ചിത്രത്തില്‍ രണ്ട് ക്ലൈമാക്‌സുകള്‍ വന്നതിനെ പറ്റി സംസാരിക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എ. കബീര്‍. സെറ്റില്‍ മമ്മൂട്ടിയും മോഹന്‍ലാലും നല്ല കമ്പനിയായിരുന്നുവെന്ന് കബീര്‍ പറഞ്ഞു. ഫാസിലിന് ആര്‍ട്ടിസ്റ്റുകളോട് ഭയഭക്തിയോ പേടിയോ ഇല്ലെന്നും ആര്‍ട്ടിസ്റ്റുകളെ കൊണ്ട് ജോലി ചെയ്യിക്കുന്നുവെന്നേ ചിന്തിക്കുകയുള്ളൂവെന്നും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കബീര്‍ പറഞ്ഞു.
‘ഷൂട്ടിങ് തുടങ്ങി കഴിഞ്ഞാല്‍ ലാല്‍ സാറിന്റെ ചില ചന്തത്തരങ്ങളൊക്കെയുണ്ട്. എല്ലാവരേയും ചിരിപ്പിച്ചും ആഹ്ലാദിപ്പിച്ചുമാണ് അദ്ദേഹം. മമ്മൂക്കയും ലാല്‍ സാറും വലിയ കമ്പനിയാ. മച്ചാനും മച്ചാനും പോലെയാണ്. ഇച്ചാക്ക എന്നാണ് ലാല്‍ സാര്‍ വിളിക്കുന്നത്. അനിയന്മാര്‍ വിളിക്കുന്നത് പോലെയാണ് മോഹന്‍ലാല്‍ മമ്മൂക്കയെ വിളിക്കുന്നത്.
ഫാസില്‍ സാറിന് ടെന്‍ഷനൊന്നുമില്ല, പുള്ളി ഇരുന്ന് ആലോചിക്കും. സിരഗറ്റ് പുകച്ച് തള്ളും. അടുത്ത ഷോട്ടെടുക്കും. അദ്ദേഹം സ്‌ക്രിപ്റ്റില്‍ ഇന്‍വോള്‍വ് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ വേറെ ഒന്നും നോക്കാനില്ല. കുറെ സിഗരറ്റ് വലിച്ച് തള്ളുന്നത് കാണാം. ഫാസില്‍ സാറിനെ പോലെ ഒരു സംവിധായകന് ആര്‍ട്ടിസ്റ്റിനെ ഒന്നും ഭയഭക്തിയോ പേടിയോ ഒന്നുമില്ല. ആര്‍ട്ടിസ്റ്റുകളെ കൊണ്ട് ജോലി ചെയ്യിക്കുന്നു. അത്രയേ ഉള്ളൂ.
ഹരികൃഷ്ണന്‍സിന് രണ്ട് ക്ലൈമാക്‌സ് ചെയ്തത് സംവിധായകന്റെ സംഭാവനയാണ്. തിരുവിതാംകൂര്‍ ഹിന്ദു ആധിപത്യം ഉള്ള സ്ഥലം, മലബാറില്‍ മുസ്‌ലിം ആധിപത്യമുള്ള സ്ഥലം. ജനങ്ങള്‍ക്ക് എന്ത് തോന്നുമെന്നാവും സാര്‍ ചിന്തിച്ചിട്ടുണ്ടാവുക. ചിലപ്പോള്‍ അങ്ങനെ ചിന്തിച്ചിട്ടുമുണ്ടാവില്ല. അന്ന് അത് വിഷയമായിട്ടില്ല.
അവസാന നിമിഷമാണ് അങ്ങനെയൊരു ക്ലൈമാക്‌സ് സാര്‍ ചെയ്തത്. ഷോട്ടെടുക്കുന്ന സമയത്ത് തോന്നിയിട്ട് എടുത്തതാണ്. നേരത്തെ അങ്ങനെ ഒരു ചിന്ത പോലും ഇല്ലായിരുന്നു എന്നാണ് എന്റെ വിശ്വാസം,’ കബീര്‍ പറഞ്ഞു.
Content Highlight: production controller a kabeer about harikrishnans