| Sunday, 8th January 2023, 10:31 pm

അഭിനയിച്ചത് ശരിയാകാത്തതിന് മോഹന്‍രാജിന്റെ തലക്കടിച്ചു; പിന്നെ കേട്ടത് ജഗദീഷിന്റെ അലര്‍ച്ചയാണ്: ശിവരാമന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1989ല്‍ ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് കിരീടം. മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തില്‍ വില്ലനായി എത്തിയത് മോഹന്‍രാജായിരുന്നു. കീരിക്കാടന്‍ ജോസ് എന്ന പേരിലാണ് പ്രേക്ഷകര്‍ക്കിടയില്‍ അദ്ദേഹം അറിയപ്പെടുന്നത്.

അഭിനയത്തിലേക്ക് നടനെത്തിയത് കിരീടത്തിലൂടെയായിരുന്നു. സേതുമാധവന്‍ എന്ന മോഹന്‍ലാലിന്റെ കഥാപാത്രവുമായുള്ള കീരിക്കാടന്‍ ജോസിന്റെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലെ ഒരു ശ്രദ്ധേയമായ ഭാഗമായിരുന്നു.

ഇപ്പോഴിതാ, കീരിക്കാടന്‍ ജോസ് കിരീടത്തിലേക്ക് എത്തിയതിനെ കുറിച്ചും ജഗദീഷുമായി ഉണ്ടായ ഇടിയെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് കിരീടത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്ന ശിവരാമന്‍. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”കീരിക്കാടന്‍ ജോസിനെ കിരീടത്തിലേക്ക് കൊണ്ടുവരുന്നത് കലാധരന്‍ ആണ്. ആദ്യം മറ്റൊരാള്‍ വന്ന് ആ വേഷം ചെയ്തതാണ്. ഒരു പിടിയും കിട്ടുന്നില്ലായിരുന്നു. അദ്ദേഹത്തിന് പറ്റുന്നില്ല. അപ്പോള്‍ സിബി സാര്‍ പറഞ്ഞു, ഇത് ശരിയാവുന്നില്ലെന്ന്.

അങ്ങനെയിരിക്കുമ്പോഴാണ് കലാധരന്‍ പറയുന്നത് ഞാന്‍ വേറെ ഒരാളെ കൊണ്ടുവരുമെന്ന്. നമുക്ക് നോക്കാമെന്ന് പറഞ്ഞു. അങ്ങനെയാണ് കീരിക്കാടനെ കിരീടത്തിലേക്ക് വിളിക്കുന്നത്.

എന്നാല്‍ അവസാനം കലാധരന്റെ ഒരു പടത്തില്‍ ഒരു അടിയുണ്ടായി. ഈ കിരീക്കാടന് ആക്ഷന്‍ പറഞ്ഞാല്‍ മുഖത്ത് ഒന്നും വരില്ല. ഒരു ആക്ഷന്‍ രംഗമായിരുന്നു എടുക്കേണ്ടത്. അതിനായിട്ട് ഇരുമ്പ് വടി കൊണ്ടുവന്നിട്ടുണ്ടായിരുന്നു.

നടന്‍ ചെയ്തത് ശരിയാവുന്നില്ല എന്ന് പറഞ്ഞ് ജഗദീഷ് തലയ്ക്ക് ഒരു അടി കൊടുത്തു. അഭിനയിച്ചു കഴിഞ്ഞ് എല്ലാവരും റൂമിലേക്ക് പോയി. അതുകഴിഞ്ഞ് ആഹാരത്തിനു മുമ്പ് ഒരു അലര്‍ച്ച കേട്ടു.

ജഗദീഷ് കീരിക്കാടന്റെ അടുത്ത് സോറി പറയാന്‍ പോയതായിരുന്നു. പുള്ളി മറ്റേതിന്റെ ദേഷ്യം കൊണ്ട് ജഗദീഷിനെ അടിച്ചു. ജഗദീഷ് എന്നെ കൊല്ലുന്നേ എന്നൊരു അലര്‍ച്ച ഉണ്ടാക്കി. എല്ലാവരും കൂടി ഓടിച്ചെന്നു. കീരിക്കാടന് പക്ഷെ അതില്‍ ഭയങ്കര സങ്കടം തോന്നി. എല്ലാവരും അദ്ദേഹത്തെ മോശം പറഞ്ഞു. അങ്ങനെ ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു,’ ശിവരാമന്‍ പറഞ്ഞു.

content highlight: production controler about kireedam movie

We use cookies to give you the best possible experience. Learn more