| Friday, 14th July 2023, 8:14 pm

അവതാര്‍ 3 ഉള്‍പ്പടെയുള്ള പ്രൊഡക്ഷന്‍ ആശങ്കയില്‍; ഹോളിവുഡ് സമരം അഭിനേതാക്കളും ഏറ്റെടുത്തു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹോളിവുഡ് സിനിമാ സമരത്തില്‍ എഴുത്തുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അഭിനേതാക്കളും. പ്രതിഫല വര്‍ധന ആവശ്യപ്പെട്ടും എ.ഐ തൊഴില്‍മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചുമാണ് ഇപ്പോള്‍ ഹോളിവുഡില്‍ സമരം നടക്കുന്നത്.

ലോകസിനിമ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പണ്‍ഹൈമറിന്റെ ലണ്ടന്‍ പ്രീമിയറിനിടെ വേദിവിട്ടിറങ്ങിയാണ് മുഴുവന്‍ താരങ്ങളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

കിലിയന്‍ മര്‍ഫി, റോബര്‍ട്ട് ഡൗണി ജൂനിയര്‍, എമിലി ബ്ലണ്ട്, മാറ്റ് ഡാമണ്‍, ഫ്‌ലോറന്‍സ് പഗ് തുടങ്ങിയവരാണ് പ്രദര്‍ശനം പാതിവഴിയില്‍ ഉപേക്ഷിച്ച് ലെസ്റ്റര്‍ സ്‌ക്വയറിലെ ഒഡിയന്‍ ലക്‌സ് വേദി വിട്ടത്.

അറുപത് വര്‍ഷത്തിനിടെ ഹോളിവുഡ് സാക്ഷ്യം വഹിക്കുന്ന സിനിമ-ടിവി പ്രവര്‍ത്തകരുടെ ഏറ്റവും വലിയ സമരമാണ് ഇപ്പോഴത്തേത്. പതിനൊന്ന് ആഴ്ചയായി തുടരുന്ന എഴുത്തുകാരുടെ സമരത്തിന് അഭിനേതാക്കളുടെ സംഘടനയായ സ്‌ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ് കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചിരുന്നു.

വെള്ളിയാഴ്ച മുതല്‍ സിനിമ ചിത്രീകരണങ്ങളില്‍ നിന്നും പ്രൊമോഷന്‍ പരിപാടികളില്‍ നിന്നുമെല്ലാം ഒന്നരലക്ഷത്തോളം കലാകാരന്മാര്‍ വിട്ടുനില്‍ക്കുകയാണ്.

അതേസമയം സ്‌ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ് – അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടെലിവിഷന്‍ ആന്‍ഡ് റേഡിയോ ആര്‍ട്ടിസ്റ്റ് അംഗങ്ങളുടെ സമരത്തില്‍ വമ്പന്‍ ചിത്രങ്ങളില്‍ പലതിന്റെയും പ്രൊഡക്ഷന്‍ നിലക്കുന്ന മട്ടാണ്.

നിരവധി സിനിമകളുടെ ചിത്രീകരണത്തെയും പ്രോഗ്രാമുകളുടെ സ്ട്രീമിങ്ങിനേയുമാണ് സമരം ബാധിച്ചിട്ടുള്ളത്. സിനിമപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന വണ്ടര്‍ വുമണ്‍ 3, മുഫാസ: ദ ലയണ്‍ കിംഗ്, ഗോസ്റ്റ്ബസ്റ്റേഴ്‌സ് 4, അവതാര്‍ 3, 4 എന്നീ സിനിമകള്‍ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. പണിമുടക്ക് ഈ സിനിമകളെ കാര്യമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

നിരവധി സീരീസുകളുടെ പ്രൊഡക്ഷനെയും സമരം ബാധിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 1980 ജൂലൈയിലായിരുന്നു ഇതിന് മുമ്പ് ഹോളിവുഡില്‍ സമരം നടന്നത്. അന്ന് കേബിള്‍ ടിവി, വീഡിയോടേപ്പുകള്‍ ഷോകളുടെയും സിനിമകളുടെയും വില്‍പ്പനയില്‍ നിന്നുള്ള ലാഭത്തെക്കുറിച്ചുള്ള പ്രശ്‌നത്തിലാണ് പ്രതിഷേധം ഉയര്‍ന്നത്.

നാല്‍പ്പത്തിമൂന്ന് വര്‍ഷത്തിനിപ്പുറം പുതിയ സമരം ഏതൊക്കെ തരത്തില്‍ ഹോളിവുഡിന് നഷ്ടമുണ്ടാക്കും എന്ന് വരും ദിവസങ്ങളില്‍ കണ്ട് തന്നെ അറിയണം.

Content Highlight: Production concerns include Avatar 3 actors also took up the Hollywood strike

We use cookies to give you the best possible experience. Learn more