ഭാവിയില്‍ പാക്കിസ്ഥാനി താരങ്ങളുമായോ സാങ്കേതിക പ്രവര്‍ത്തകരുമായോ സഹകരിക്കില്ലെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുദിക്കില്ലെന്ന നിലപാടില്‍ നിന്ന് എം.എന്‍.എസ് പിന്മാറുകയായിരുന്നു.
മുംബൈ: പാക്കിസ്ഥാനി താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും സ്വന്തം സിനിമയില്‍ സഹകരിപ്പിച്ച നിര്‍മ്മാതാക്കള്‍ അഞ്ചു കോടി രൂപ സൈനിക ക്ഷേമ നിധിയിലേക്ക് സംഭാവന നല്‍കേണ്ടി വരുമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എം.എന്‍.എസ്) അധ്യക്ഷന്‍ രാജ് താക്കറെ.
പാക്ക് താരങ്ങള്‍ അഭിനയിച്ച കരണ്‍ ജോഹര്‍ ചിത്രം “യെ ദില്‍ ഹെ മുശ്കില്‍” എന്ന സിനിമയുടെ പ്രദര്‍ശനാനുമതിയുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നിര്‍മ്മാതാവായ കരണ്‍ ജോഹറുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താക്കറെ.
ഭാവിയില്‍ പാക്കിസ്ഥാനി താരങ്ങളുമായോ സാങ്കേതിക പ്രവര്‍ത്തകരുമായോ സഹകരിക്കില്ലെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുദിക്കില്ലെന്ന നിലപാടില്‍ നിന്ന് എം.എന്‍.എസ് പിന്മാറുകയായിരുന്നു.
ചിത്രത്തിന്റെ ലാഭവിഹിതത്തില്‍നിന്നും ഒരു പങ്ക് സൈനിക ക്ഷേമ നിധിയിലേക്ക് നല്‍കുമെന്നും അണിയറപ്രവര്‍ത്തകര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. മാത്രമല്ല, സിനിമ തുടങ്ങുന്നതിന് മുന്നോടിയായി ഉറിയില്‍ രക്തസാക്ഷികളായ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന വാക്യവും പ്രദര്‍ശിപ്പിക്കും. ഉറി ആക്രമണങ്ങളെ തുടര്‍ന്നാണു പാക്ക് താരങ്ങള്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ വിലക്കേര്‍പ്പെടുത്തണമെന്ന് എം.എന്‍.എസ് ഉള്‍പ്പെടെ ചില രാഷ്ട്രീയ കക്ഷികള്‍ വാദം ഉന്നയിച്ചത്.
രണ്‍ബീര്‍ കപൂര്‍, ഐശ്യര്യ റായി ബച്ചന്‍, അനുഷ്‌ക ശര്‍മ എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തുന്ന ചിത്രം, ദീപാവലിക്ക് മുന്നോടിയായി ഒക്ടോബര്‍ 28നാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ചാനലുകള്‍ക്ക് പാക്കിസ്ഥാനില്‍ വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ അവിടെ നിന്നുള്ള താരങ്ങള്‍ക്ക് നാം ഇവിടെ സ്വീകരണം നല്‍കുന്നതില്‍ എന്തു യുക്തിയാണുള്ളതെന്നും രാജ് താക്കറെ ചോദിച്ചു. പാക്ക് താരങ്ങളുമായി സഹകരിച്ചുകൊണ്ടുള്ള ചലച്ചിത്രങ്ങള്‍ക്കെതിരെ എം.എന്‍.എസ് നേരത്തേമുതല്‍ നിലപാടെടുക്കുന്നതാണെങ്കിലും ഇപ്പോഴാണ് അതിലെ കാര്യഗൗരവം ബോളിവുഡിന് പിടികിട്ടുന്നതെന്നും താക്കറെ പറഞ്ഞു.
നേരത്തെ, മേലില്‍ പാക്ക് താരങ്ങളെ വച്ചു സിനിമയെടുക്കില്ലെന്നും ഈ ചിത്രം പുറത്തിറക്കാന്‍ അനുവദിക്കണമെന്നുമുള്ള സംവിധായകന്‍ കരണ്‍ ജോഹറിന്റെ അഭ്യര്‍ഥന എം.എന്‍.എസ് തള്ളിയിരുന്നു. തുടര്‍ന്ന്, ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ മള്‍ട്ടിപ്ലക്‌സുകള്‍ക്കു മുന്നില്‍ പ്രകടനവും നടത്തി. പ്രതിഷേധത്തില്‍ പങ്കെടുത്ത 12 മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.