കൊച്ചി: ദിലീപ് നായകനായ ‘ബാന്ദ്ര’ സിനിമക്കെതിരെ നെഗറ്റീവ് റിവ്യൂ നല്‍കിയെന്ന് ആരോപിച്ച് ഏഴ് യൂട്യൂബര്‍മാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് നിര്‍മാതാക്കള്‍. വ്യാജ നിരൂപണമാണെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അജിത് വിനായക ഫിലിംസാണ് ഹരജി സമര്‍പ്പിച്ചത്.
സിനിമ റീലിസ് ചെയ്തതിനുശേഷം സ്ഥാപനത്തിന് നഷ്ടം വരുത്തുന്ന രീതിയില്‍ യൂട്യൂബര്‍മാര്‍ മോശം ക്യാമ്പയിന്‍ നടത്തിയെന്നാണ് ഹരജിയില്‍ പറയുന്നത്. യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തുന്നുവെന്നും ഹരജിയില്‍ സൂചിപ്പിച്ചു.
അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി വ്ലോഗ്സ്, ഷാസ് മുഹമ്മദ്, അര്‍ജുന്‍, ഷിജാസ് ടോക്ക്സ്, സായ് കൃഷ്ണ എന്നീ യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ഹരജിയില്‍ നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
റിവ്യൂ ബോംബിങ്ങിലൂടെ കോടികള്‍ നഷ്ട്ടപെടുന്നുവെന്നാണ് സിനിമാപ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. അതേസമയം മനഃപൂര്‍വം ഒരു വ്യക്തിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും, അണിയറപ്രവര്‍ത്തകരില്‍ നിന്ന് പണം തട്ടുന്നതിനായി ഭീഷണി, ഉപദ്രവം എന്നിങ്ങനെയുണ്ടായാല്‍ കര്‍ശനമായ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
Content Highlight: Producers have demanded action against seven You Tubers