| Thursday, 28th November 2024, 4:08 pm

ടര്‍ക്കിഷ് തര്‍ക്കം; സിനിമ പിൻവലിച്ചതിന് വിശദീകരണം തേടി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മതനിന്ദ നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് ‘ടര്‍ക്കിഷ് തര്‍ക്കം‘ എന്ന സിനിമ തിയേറ്ററുകളില്‍നിന്ന് പിൻവലിച്ചതിന് പിന്നാലെ സിനിമയുടെ നിർമാതാവിനോട് വിശദീകരണം തേടി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. സിനിമ തിയേറ്ററിൽ നിന്ന് പിൻവലിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കണമെന്നാണ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. മതനിന്ദ ആരോപണത്തിൽ സിനിമ തിയേറ്ററിൽ നിന്ന് പിൻവലിക്കുന്നുവെന്നാണ് നിർമാതാക്കൾ നേരത്തെ പറഞ്ഞത്.

എന്നാൽ പരാജയപ്പെട്ട സിനിമയെ രക്ഷിക്കാൻ മതനിന്ദ മനഃപൂർവം സൃഷ്ടിച്ചതാണോയെന്ന ചോദ്യമായി നിരവധിയാളുകൾ മുന്നോട്ട് വന്നിരുന്നു. ഇസ്ലാമോഫോബിയയെ സിനിമാക്കാരും കച്ചവട താത്പര്യങ്ങള്‍ക്കായുള്ള ഒരു സാധ്യതയായി കാണുന്നത് ഈ നാടിന് താങ്ങാനാവില്ലെന്നായിരുന്നു മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ വി.ടി. ബല്‍റാം ഇതിനോട് പ്രതികരിച്ചത്.

ഇസ്ലാമോഫോബിയക്ക് ഇന്ന് ലോകത്തും ഇന്ത്യയിലും നല്ല മാര്‍ക്കറ്റുണ്ടെന്നും ഈയടുത്ത കാലത്തായി കേരളത്തിലും അതിന്റെ വിപണിമൂല്യം കൂടിവരികയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ‘ടര്‍ക്കിഷ് തര്‍ക്കം’ എന്ന പേരിലൊരു സിനിമ റിലീസ് ചെയ്ത വിവരം അറിഞ്ഞിരുന്നില്ലെന്നും അതിനേക്കുറിച്ച് എന്തെങ്കിലും തര്‍ക്കമോ വിവാദമോ ഉണ്ടായതായി അറിഞ്ഞില്ലെന്നും വി.ടി. ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. സിനിമയില്‍ ‘മതനിന്ദ’ ആരോപിച്ച് ഏതെങ്കിലും അറിയപ്പെടുന്ന വ്യക്തികളോ സംഘടനകളോ രംഗത്തെത്തിയതായും ഭീഷണി മുഴക്കിയതായും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിയേറ്ററില്‍ പൊളിഞ്ഞുപോയേക്കാവുന്ന ഒരു സിനിമയെ രക്ഷപ്പെടുത്താന്‍ വേണ്ടി മനപൂര്‍വ്വം സൃഷ്ടിച്ചെടുത്തതാണോ ഈ മതനിന്ദാ വിവാദവും ഭീഷണി ആരോപണവും താത്ക്കാലികമായ പിന്‍വലിക്കലുമെല്ലാമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് വി.ടി. ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

സിനിമ പിൻവലിച്ചത് വലിയ ചർച്ചയായതിന് പിന്നാലെയാണ് വിശദീകരണം തേടി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ മുന്നോട്ടുവന്നത്. സണ്ണി വെയിന്‍, ലുക്ക്മാന്‍, ഹരിശ്രീ അശോകന്‍ തുടങ്ങിയവര്‍ ഒന്നിച്ച ചിത്രമാണ് ‘ടര്‍ക്കിഷ് തര്‍ക്കം’.

മുസ്‌ലിം സമുദായത്തിന്റെ ഖബറടക്കത്തെ പ്രമേയമാക്കിയാണ് ചിത്രം കഥ പറയുന്നത്. ഒരു പള്ളിയും അവിടെ നടക്കുന്ന ഖബറടക്കവുമായി ബന്ധപ്പെട്ടുണ്ടാക്കുന്ന ചില തര്‍ക്കങ്ങളുമാണ് ‘ടര്‍ക്കിഷ് തര്‍ക്കം’ പറയുന്നത്.

Content Highlight: Producers Association seeks explanation for withdrawal of film Turkish Tharkam

We use cookies to give you the best possible experience. Learn more