കൊച്ചി: കരാര്‍ ലംഘിച്ചതിന് ഷെയിന്‍ നിഗത്തിനെതിരെയുള്ള പരാതിയില്‍ തുടര്‍ നടപടി സ്വീകരിക്കുന്നതിനായി നിര്‍മാതാക്കളുടെ സംഘടനാ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. ഉച്ചക്ക് ഒരു മണിക്കാണ് യോഗം ചേരുക. ഇന്നലെ നടത്താന്‍ തീരുമാനിച്ചെങ്കിലും ഭാരവാഹികള്‍ എത്താത്തതിനെ തുടര്‍ന്ന് യോഗം ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
നിര്‍മാതാവ് ജോബി ജോര്‍ജിന്റെ ‘വെയില്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നും ഷെയില്‍ ഇറങ്ങിപ്പോയിരുന്നു. അതിനുശേഷം ഷെയിന്‍ മുടിയും താടിയും മീശയും വടിച്ചുള്ള തന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. വെയിലില്‍ മുടിയും താടിയും നീട്ടിയുള്ള രൂപമാണ് ഷെയിനിന്റേത്. വെയിലിന്റെ ചിത്രീകരണം പൂര്‍ത്തിയാകും വരെ ഷെയിന്‍ രൂപമാറ്റം വരുത്തരുതെന്ന് കരാറുണ്ടാക്കിയിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ അമ്മയും ചേര്‍ന്ന് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലും രൂപമാറ്റം വരുത്തരുതെന്ന് ഷെയിനിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കരാര്‍ ലംഘിച്ചത് ഗൗരവമായി കാണാനാണ് സാധ്യത.
പുതിയ സിനിമകളില്‍ ഷെയിനിനെ സഹകരിപ്പിക്കാതിരിക്കുന്നതടക്കമുള്ള നടപടികളില്‍ യോഗത്തില്‍ തീരുമാനമുണ്ടാകും.
നിലവില്‍ ഷൂട്ടിങ് തുടരുന്ന സിനിമകള്‍ ഷെയിന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പുതിയ സിനിമകളില്‍ സഹകരിപ്പിക്കാതിരിക്കാനാണ് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ കുറിച്ച് പ്രതികരിച്ച് ഷെയ്നിന്റെ ഉമ്മ സുനില രംഗത്തു വന്നിരുന്നു. ഷെയ്നിനെ കുറ്റം പറയുന്നവര്‍ ഷെയ്നിന്റെ കുടുംബത്തോട് നിജസ്ഥിതി എന്തുകൊണ്ട് അന്വേഷിക്കുന്നില്ല എന്ന് സുനില ചോദിച്ചിരുന്നു.
ഷെയ്ന്‍ വെയില്‍ സിനിമയുടെ സെറ്റില്‍ നിന്നും ഇറങ്ങിപ്പോയെന്ന് പറഞ്ഞ് സംവിധായകന്‍ ശരത് തന്നെ വിളിച്ചിരുന്നെന്നും അപ്പോള്‍തന്നെ ഷെയ്നിനെ വിളിച്ച് കാര്യങ്ങള്‍ തിരക്കിയിരുന്നെന്നും സുനില പറഞ്ഞു.
‘ഒരു ദിവസം രാവിലെ ഒമ്പതിന് എന്നെ വിളിച്ചു പറയുകയാണ് ഷെയ്ന്‍ സെറ്റില്‍നിന്ന് ഇറങ്ങിപ്പോയി എന്ന്. ഞാന്‍ അപ്പോള്‍ തന്നെ മകനെ വിളിച്ചു. രാത്രി രണ്ടര വരെ ഷൂട്ട് ഉണ്ടായിരുന്നു. ഇപ്പോള്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റാണ് ഫോണ്‍ എടുത്തതെന്നും ഇനി അടുത്ത സമയം ഉച്ചക്ക് പന്ത്രണ്ട് മണി ആണെന്നും അവന്‍ പറഞ്ഞു. ഞാന്‍ ഇത് ശരത്തിനോടു പറഞ്ഞ് അല്‍പം വാക്കുതര്‍ക്കമുണ്ടായി.’ സുനില പറഞ്ഞു.
ഷെയ്ന്‍ ഇതുവരെ അഭിനയിച്ച ചിത്രങ്ങളിലൊന്നും ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും വെയിലിന്റെ അണിയറക്കാര്‍ എന്തിനാണ് ഓരോ പ്രശ്‌നം ഉണ്ടാക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും സുനില കൂട്ടിച്ചേര്‍ത്തു.