അമരന്‍ സിനിമയില്‍ തന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചതിന് എതിരെ പരാതി നല്‍കിയ വിദ്യാര്‍ത്ഥിയോട് മാപ്പ് പറഞ്ഞ് നിര്‍മാതാക്കള്‍. നവംബര്‍ 21നായിരുന്നു തന്റെ ഫോണ്‍ നമ്പര്‍ സിനിമയില്‍ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി വി.വി. വാഗീശന്‍ അമരന്‍ സിനിമയുടെ നിര്‍മാതാക്കള്‍ക്ക് എതിരെ വക്കീല്‍ നോട്ടീസയച്ചത്.
ചെന്നൈയിലെ എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥിയായിരുന്നു വാഗീശന്‍. അമരന്‍ സിനിമയില്‍ സായ് പല്ലവി അവതരിപ്പിച്ച ഇന്ദു റെബേക്ക വര്‍ഗീസിന്റേതായി കാണിക്കുന്ന ഫോണ്‍ നമ്പര്‍ തന്റേതാണെന്നായിരുന്നു യുവാവ് പറഞ്ഞത്. അമരന്‍ ഇറങ്ങിയ ശേഷം തന്റെ നമ്പറിലേക്ക് നിരന്തരമായി കോളുകള്‍ വരുന്നുവെന്നും അതോടെ തന്റെ സമാധാനം നഷ്ടപ്പെട്ടുവെന്നും വിദ്യാര്‍ത്ഥി പരാതിയില്‍ പറഞ്ഞിരുന്നു.
കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മിച്ച സിനിമയായിരുന്നു അമരന്‍. വി.വി. വാഗീശനുണ്ടായ അസൗകര്യത്തില്‍ മാപ്പ് പറയുന്നതായും ചിത്രത്തില്‍ നിന്ന് ഫോണ്‍ നമ്പര്‍ നീക്കിയതായും രാജ് കമല്‍ അറിയിച്ചു. എന്നാല്‍ നിര്‍മാതാക്കളുടെ പ്രതികരണം വൈകിയെന്നാണ് വിദ്യാര്‍ത്ഥി പ്രതികരിച്ചത്.
തുടര്‍ച്ചയായി കോളുകള്‍ വരുന്നത് കാരണം പഠിക്കാനോ ഉറങ്ങാനോ പറ്റുന്നില്ലെന്നും അത് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും പറഞ്ഞ വാഗീശന്‍ നഷ്ടപരിഹാരമായി 1.1 കോടി രൂപ ആവശ്യപ്പെട്ടിരുന്നു.
അമരന്‍:
സായ് പല്ലവിയും ശിവകാര്‍ത്തികേയനും ഒന്നിച്ച ഏറ്റവും പുതിയ സിനിമയാണ് അമരന്‍. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മേജര്‍ മുകുന്ദ് വരദരാജന്റെ യഥാര്‍ത്ഥ ജീവിതത്തെ കുറിച്ചാണ് പറഞ്ഞത്.
ശിവകാര്‍ത്തികേയന്‍ മേജര്‍ മുകുന്ദ് വരദരാജായി എത്തിയപ്പോള്‍ പങ്കാളിയായ ഇന്ദു റെബേക്ക വര്‍ഗീസ് ആയി എത്തിയത് സായ് പല്ലവി ആയിരുന്നു. തമിഴ് സംസാരിക്കുന്ന മലയാളി പെണ്‍കുട്ടി ആയിട്ടാണ് സായ് പല്ലവി അഭിനയിച്ചത്.
Content Highlight: Producers apologize to student; Amaran Movie has removed the phone number