ലോകമെമ്പാടും ആരാധകരുള്ള സിനിമാ ഫ്രാഞ്ചൈസിയാണ് മിഷന്‍ ഇമ്പോസിപിള്‍. 1996ലാണ് ചിത്രത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. ചെയ്തുതീര്‍ക്കാന്‍ സാധ്യതയില്ലാത്ത മിഷനുകള്‍ ഏറ്റെടുക്കുന്ന ഇംപോസിബിള്‍ മിഷന്‍ ഫോഴ്‌സ് എന്ന സംഘടനയുടെ കഥയാണ് സിനിമ പറയുന്നത്. ഫോഴ്‌സിലെ ഏറ്റവും മികച്ച സൈനികനായ ഈഥന്‍ ഹണ്ടായി വേഷമിട്ടത് ടോം ക്രൂസാണ്. ഇതുവരെ ഏഴ് ഭാഗങ്ങളാണ് ചിത്രത്തിന്റേതായി പുറത്ത് വന്നിട്ടുള്ളത്.
ഇപ്പോഴിതാ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന സിനിമയുടെ എട്ടാം ഭാഗം വൈകുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഏഴാം ഭാഗത്തില്‍ കാണിച്ച മുങ്ങിക്കപ്പലിനും അതിനെ ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന ജിംബലിനും കേടുപാടുകള്‍ സംഭവിച്ചതു കൊണ്ടാണ് ചിത്രീകരണം വൈകുന്നതെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
’23 മില്യണ്‍ പൗണ്ട് ചെലവ് വരുന്ന മുങ്ങിക്കപ്പലിനും അതിനെ ഉയര്‍ത്താന്‍ സഹായിക്കുന്ന ജിംബലിനും കേടുപാടുകള്‍ സംഭവിച്ചിരിക്കുകയാണ്. ഓരോദിവസവും കോടികളുടെ നഷ്ടമാണ് ഇതുമുലം ഉണ്ടാകുന്നത്. എത്രയും വേഗം കേടുപാടുകള്‍ തീര്‍ത്ത് ചിത്രീകരണം പുനരാരംഭിക്കാനാണ് പ്രൊഡക്ഷന്‍ ടീം ശ്രമിക്കുന്നത്,’ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ അറിയിച്ചു.
2023ല്‍ പുറത്തിറങ്ങിയ മിഷന്‍ ഇംപോസിബിള്‍: ഡെഡ് റെക്കനിങിന്റെ തുടര്‍ച്ചയാണ് എട്ടാം ഭാഗം. 61ാം വയസിലും ടോം ക്രൂസ് നടത്തിയ ആക്ഷന്‍ രംഗങ്ങളായിരുന്നു സിനിമയുടെ പ്രധാന ആകര്‍ഷണം. 291 മില്യണ്‍ ചെലവഴിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 567 മില്യണാണ് നേടിയത്. ഓപ്പന്‍ഹൈമര്‍, ബാര്‍ബി എന്നീ സിനിമകളുടെ റിലീസും, പുതുമയില്ലാത്ത കഥയും സിനിമയുടെ കളക്ഷനെ സാരമായി ബാധിച്ചു. 2025 മെയില്‍ എട്ടാം ഭാഗം പുറത്തിറങ്ങുമെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം.
Content Highlight: Producers announced that Mission Impossible eighth installment will be delay