'ലഹരി ഉപയോഗത്തെക്കുറിച്ച് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു, ഷെയ്‌നിന്റെ വിലക്കില്‍ മാറ്റമില്ല'; വീണ്ടും നിര്‍മാതാക്കള്‍
Malayalam Cinema
'ലഹരി ഉപയോഗത്തെക്കുറിച്ച് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു, ഷെയ്‌നിന്റെ വിലക്കില്‍ മാറ്റമില്ല'; വീണ്ടും നിര്‍മാതാക്കള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 30th November 2019, 6:29 pm

കോഴിക്കോട്: സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുമായി പിന്നീട് ചര്‍ച്ച നടത്തുമെന്ന് നിര്‍മാതാക്കള്‍. ലഹരി ഉപയോഗത്തെക്കുറിച്ചു പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അവര്‍ പറഞ്ഞതായും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഷെയ്ന്‍ നിഗമിന്റെ വിലക്കില്‍ മാറ്റമില്ലെന്നും അവര്‍ വ്യക്തമാക്കി.

ഷെയ്‌നിന്റെ വിലക്ക് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അഭിനേതാക്കളുടെ സംഘടനയായ അമ്മ കത്ത് നല്‍കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കുമെന്നു സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ പറഞ്ഞിരുന്നു. ആരോപണത്തെക്കുറിച്ച് തെളിവ് നല്‍കാന്‍ നിര്‍മാതാക്കള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സിനിമ മേഖലയില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരും. ഇതിനായി നിയമനിര്‍മാണം നടത്തുമെന്നും എ.കെ ബാലന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സിനിമാ സെറ്റില്‍ നിലവില്‍ പെരുമാറ്റച്ചട്ടം ഇല്ല എന്ന പ്രശ്‌നം ഉണ്ട്. അതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ഒരു കമ്മിറ്റി ഉണ്ടായിട്ടുണ്ട്. അതിന്റെ തെളിവെടുപ്പ് അവസാനിപ്പിക്കാന്‍ പോകുകയാണ്.

ഇതിന് പിന്നാലെ തന്നെ നിയമനിര്‍മാണത്തിന് രൂപം കൊടുക്കും. സിനിമാ മേഖലയിലെ അംഗീകരിക്കാനാവാത്ത പ്രവണതകള്‍ തുടച്ചുമാറ്റുമെന്നും മന്ത്രി പറഞ്ഞിരുന്നു.

ഷെയ്‌നിനെ വിലക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നായിരുന്നു അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചത്. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.