ഒ.എം. നമ്പ്യരായി മോഹന്‍ലാല്‍, പി.ടി ഉഷയും ഷൈനി വില്‍സണുമായി പാര്‍വതിയും റിമയും, കൂടെ പൃഥ്വിരാജും കുഞ്ചാക്കോ ബോബനും ഫഹദും; നടക്കാതെ പോയ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തെക്കുറിച്ച് നിര്‍മാതാക്കള്‍
Entertainment news
ഒ.എം. നമ്പ്യരായി മോഹന്‍ലാല്‍, പി.ടി ഉഷയും ഷൈനി വില്‍സണുമായി പാര്‍വതിയും റിമയും, കൂടെ പൃഥ്വിരാജും കുഞ്ചാക്കോ ബോബനും ഫഹദും; നടക്കാതെ പോയ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തെക്കുറിച്ച് നിര്‍മാതാക്കള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 1st September 2021, 5:31 pm

 

കൊച്ചി: അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഗോള്‍ഡിനെ കുറിച്ചുള്ള വാര്‍ത്തകളും ചര്‍ച്ചകളും വന്നു കൊണ്ടിരിക്കുമ്പോഴാണ് ‘പിറക്കാതെ പോയ ഗോള്‍ഡിനെ’ കുറിച്ച് നിര്‍മാതാവായ ഷാജി നടേശനും സിനിമയുടെ തിരക്കഥാകൃത്തായ ശങ്കര്‍ രാമകൃഷ്ണനും പറയുന്നത്. കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യം പറയുന്നത്.

ഏകദേശം എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി കാസ്റ്റ് ചെയ്യപ്പെട്ട മള്‍ട്ടി സ്റ്റാര്‍ ചിത്രമായിരുന്നു ഗോള്‍ഡ്. അന്നത് വലിയ വാര്‍ത്തയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. താരബാഹുല്യം കൊണ്ടും മാത്രമല്ല, സബ്ജക്ടിനും മഹിമയുണ്ടായിരുന്നുവെന്നും ഷാജി നടേശന്‍ പറയുന്നു.

ഒരു സ്‌പോര്‍ട്‌സ് ബേസ് സിനിമയായിരുന്നു ഗോള്‍ഡെന്നും അതുവരെ സ്‌പോര്‍ട്ട്സിനെ അധികരിച്ചൊരു സിനിമ മലയാളത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയൊട്ടാകെ ആഘോഷിക്കപ്പെട്ട ദംഗല്‍ ഇറങ്ങുന്നതിന് എത്രയോ മുന്നേയായിരുന്നു ഇത്തരത്തില്‍ ഒരു ആലോചന നടക്കുന്നതെന്നും ഷാജി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

‘ഇപ്പോഴും ഓര്‍മ്മയുണ്ട്, കായിക പരിശീലകന്‍ ഒ.എം. നമ്പ്യാരുടെ വേഷമായിരുന്നു മോഹന്‍ലാലിന്. കായിക മന്ത്രാലയത്തിലെ സി.ഇ.ഒയുടെ വേഷമായിരുന്നു പൃഥ്വിക്ക്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രം. കായികമന്ത്രിയുടെ വേഷമായിരുന്നു കുഞ്ചാക്കോ ബോബന്. ഫഹദ് ഫാസിലാകട്ടെ കായികതാരമായിട്ട് തന്നെയാണ് അഭിനയിക്കുന്നത്. കേരളത്തിലെ നാല് വനിതാ അത്ലറ്റുകള്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്സില്‍ പങ്കെടുക്കുന്നതും അവര്‍ സ്വര്‍ണ്ണം നേടുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. പി.ടി. ഉഷ, ഷൈനി എബ്രഹാം, എം.ടി. വത്സമ്മ, വന്ദന റാവു അവരായിരുന്നു യഥാര്‍ത്ഥ കഥയിലെ നായികമാര്‍. സിനിമയില്‍ ആ വേഷം പാര്‍വതിക്കും റിമാ കല്ലിങ്കലിനും കാര്‍ത്തികയ്ക്കും പിന്നെ ഓഡീഷനിലൂടെ കണ്ടെത്തിയ ഒരു താരത്തിനുമായി മാറ്റി വെക്കപ്പെട്ടു,’ ഷാജി നടേശന്‍ പറയുന്നു.

രാജേഷ് പിള്ളയെയായിരുന്നു സംവിധായകനായി കണ്ടിരുന്നതെന്നും രാജേഷ് പിള്ളയ്ക്ക് വേണ്ടി ശങ്കര്‍ രാമകൃഷ്ണന്‍ എഴുതിയ തിരക്കഥയായിരുന്നു ഗോള്‍ഡിന്റേതെന്നും ട്രാഫിക്കിന്റെ ഉജ്ജ്വല വിജയത്തെത്തുടര്‍ന്ന് രാജേഷ് കത്തിനില്‍ക്കുന്ന സമയം കൂടിയായിരുന്നു അപ്പോഴെന്നും അദ്ദേഹം പറയുന്നു.

‘ആഗസ്റ്റ് സിനിമയാണ് ഗോള്‍ഡ് നിര്‍മ്മിക്കാന്‍ മുന്നോട്ട് വന്നത്. സന്തോഷ് ശിവനും പൃഥ്വിരാജും ഷാജി നടേശനുമാണ് അന്ന് ആഗസ്റ്റ് സിനിമയുടെ സാരഥികള്‍. മോഹന്‍ലാല്‍ കൂടി ഗോള്‍ഡിന്റെ ഭാഗമായതോടെ ആശിര്‍വാദ് സിനിമാസും ആ പ്രോജക്ടിനൊപ്പം സഹകരിക്കാന്‍ ഒരുക്കമായിരുന്നു. അങ്ങനെ കാര്യങ്ങള്‍ വെടിപ്പായി മുന്നേറുന്നിടയിലാണ് രാജേഷ് പിള്ള അസുഖ ബാധിതനാകുന്നത്. അതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. താരങ്ങളുടെ ഡേറ്റ് ക്ലാഷുകളുണ്ടായി. പിന്നീട് ഒരു തരത്തിലും ആ സിനിമ മുന്നോട്ട് പോകാതെയായി. രാജേഷ് പിള്ളയുടെ മരണത്തോടെ ഗോള്‍ഡും ഒരു ഓര്‍മ്മയായി,’ ഷാജി നടേശന്‍ പറഞ്ഞു.

കായികവേദിയില്‍ ചെറിയ വിജയങ്ങള്‍ നേടിയവരുടെപോലും ബയോപിക്കുകള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്ന കാലമാണിതെന്നും ഈ സിനിമ അതില്‍ നിന്നും ഏറെ വ്യത്യാസമുണ്ടായിരുന്നെന്നുമാണ് ശങ്കര്‍ രാമകൃഷ്ണന്‍ പറയുന്നത്.

‘ഒരു കാലത്ത് ഇന്ത്യന്‍ കായികലോകത്തിന്റെ പേരും പെരുമയും ലോകത്തിനുമുന്നില്‍ എത്തിച്ച നാല് വനിതാ അത്ലറ്റുകളുടെ കഥയാണ്. അവരുടെ ജീവിതമാണ്. അവരുടെ കഷ്ടപ്പാടുകളാണ്. അവരുടെ ആത്മസംഘര്‍ഷങ്ങളാണ്. അവരെ സഹായിക്കാന്‍ ഒപ്പം നിന്ന കായികലോകത്തിലെ അതികായകന്മാരുടെ കഥ കൂടിയാണ്. അന്നത്തെ കാലത്ത് ഇങ്ങനെയൊരു മള്‍ട്ടിസ്റ്റാര്‍ ചിത്രത്തെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലുമായിരുന്നില്ല. എന്നിട്ടും അതിന്റെ മുന്നൊരുക്കങ്ങള്‍ വിജയകരമായി പൂര്‍ത്തിയായി. നിര്‍ഭാഗ്യവശാല്‍ അത് നിന്നുപോയി. പക്ഷേ ഇന്നും അതിന് സാധ്യതകളേറെയാണ്. പരിണിതപ്രജ്ഞനായ ഒരു സംവിധായകന് ആ പ്രൊജക്ട് ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും. വെബ് സീരീസിനും അനന്തമായ സാധ്യതകളുണ്ട്,’ സിനിമയെ കുറിച്ച് ശങ്കര്‍ രാമകൃഷ്ണന്‍ പറയുന്നു.

അതേ താരനിരയെ നിലനിര്‍ത്തി ആ സിനിമ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമോ എന്നറിയില്ലെന്നും ചിലര്‍ക്കെങ്കിലും പകരക്കാരെ വെച്ച് ആ സിനിമ മുന്നോട്ട് കൊണ്ടുപോകാന്‍ തന്നെയാണ് ആഗ്രഹമെന്നും ഷാജി നടേശന്‍ പറഞ്ഞു.

ഗോള്‍ഡ് എന്ന പേര് ചേംബറില്‍ പുതുക്കാന്‍ സാധിക്കാത്തതിനാലാണ് അല്‍ഫോണ്‍സ് ചിത്രത്തിന് ആ പേര് കിട്ടിയെതെന്നും മറ്റൊരു പേരില്‍ തന്റെ സിനിമ പൂര്‍ത്തിയാക്കാന്‍ ആഗ്രഹമുണ്ടെന്നും ഷാജി നടേശന്‍ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Producers about the Film Gold