| Sunday, 23rd October 2022, 9:34 am

ജര്‍മനിയില്‍ ഷൂട്ടിന് വേണ്ടി പോയിട്ടും ഈ തിരക്കഥാകൃത്ത് ഒരു വരി പോലും എഴുതിയില്ല; പിന്നീട് ഇതുവരെ ഞാന്‍ പുള്ളിയോട് മിണ്ടിയിട്ടില്ല: സാവി മാനിയോ മാത്യു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത്, കുഞ്ചാക്കോ ബോബന്‍, പ്രീതി ജന്‍ഗ്യാനി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി 1999ല്‍ റിലീസ് ചെയ്ത ചിത്രമായിരുന്നു മഴവില്ല്. ചിത്രത്തിന്റെ പിറവിക്ക് പിന്നിലെ കഥ പറയുകയാണ് നിര്‍മാതാക്കളിലൊരാളായ സേവി മനോ മാത്യു.

”കന്നഡയില്‍ ഞങ്ങള്‍ അമൃതവര്‍ഷിണി എന്നൊരു പടം ചെയ്തു. ദിനേഷ് ബാബു എന്ന മിടുക്കനായ ഡയറക്ടര്‍ അത് മലയാളത്തിലേക്ക് റീമേക്ക് ചെയ്തു.

സുഹാസിനി, വിഷ്ണുവര്‍ധന്‍ പോലുള്ള പ്രായമുള്ള താരങ്ങളായിരുന്നു അമൃതവര്‍ഷിണിയില്‍ അഭിനയിച്ചത്. നമുക്ക് അത് മാറ്റി യുവതാരങ്ങളെ വെച്ച് ചെയ്യാം എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ബിജു മേനോന്‍, ജയറാം, മഞ്ജു വാര്യര്‍ എന്നിവരെ വെച്ച് ഞങ്ങള്‍ ഈ സിനിമ പ്ലാന്‍ ചെയ്തു.

ജര്‍മനിയിലായിരുന്നു ഷൂട്ട് തീരുമാനിച്ചത്. അങ്ങനെ ഞങ്ങള്‍ എല്ലാ കാര്യങ്ങളും സെറ്റാക്കി. ഒരു ദിവസം രഞ്ജിത് വിളിച്ചിട്ട്, ‘ഇത് നടക്കുമെന്ന് തോന്നുന്നില്ല’ എന്ന് പറഞ്ഞു. മഞ്ജുവും ബിജു മേനോനും അഭിനയിക്കുന്ന കണ്ണെഴുതി പൊട്ടുതൊട്ടിന്റെ ഷെഡ്യൂള്‍ വീണ്ടും മാറി, അതുകൊണ്ട് ഇപ്പറഞ്ഞ സമയത്ത് മഴവില്ല് നടക്കില്ല എന്ന് പറഞ്ഞു.

അങ്ങനെയാണ് ഞങ്ങള്‍ കുഞ്ചാക്കോ ബോബനോട് ഇക്കാര്യം സംസാരിക്കാം എന്ന് തീരുമാനിച്ചത്. കുഞ്ചാക്കോയ്ക്കും ഇത് കേട്ടപ്പോള്‍ താല്‍പര്യം തോന്നി. പിന്നീടാണ് വിനീതിനെ സിനിമയിലേക്ക് വിളിച്ചത്.

ഒരു സാദൃശ്യവുമില്ലാത്ത രീതിയില്‍ അമൃതവര്‍ഷിണി മാറ്റിയെടുക്കുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശം. അങ്ങനെയാണ് ജര്‍മനി, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഓസ്ട്രിയ പോലുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ലൊക്കേഷനായി തെരഞ്ഞെടുത്തത്. കഥയിലും ആദ്യം മുതല്‍ മാറ്റം വരുത്തി.

പള്ളാശ്ശേരി

ജെ. പള്ളാശ്ശേരിയായിരുന്നു തിരക്കഥാകൃത്ത്. കഥയെല്ലാം പറഞ്ഞ് റെഡിയാക്കിയിരുന്നു. പക്ഷെ പുള്ളി ഒന്നും എഴുതുന്നില്ല. നമുക്ക് ജര്‍മനിയില്‍ പോയി എല്ലാം കണ്ട് ലൊക്കേഷനൊക്കെ മനസിലാക്കിയ ശേഷം എഴുതാം എന്ന് പറഞ്ഞു.

പക്ഷെ ജര്‍മനിയില്‍ ചെന്നിട്ടും പള്ളാശ്ശേരി സ്‌ക്രിപ്റ്റ് റെഡിയാക്കിയില്ല. ഒരു വരി പോലും എഴുതാനും പുള്ളി ശ്രമിച്ചില്ല. സംവിധായകന്‍ ദിനേഷ് ബാബുവിന്റെ കഴിവ് അപ്പോഴാണ് ഞാന്‍ മനസിലാക്കിയത്.

സ്‌ക്രിപ്റ്റ് ഇല്ലാത്തുകൊണ്ട് ഓരോ സീന്‍ ഷൂട്ട് ചെയ്യുന്നതിന് മുമ്പും പുള്ളി തന്നെ ഇരുന്ന് എഴുതും. അതുകൊണ്ട് സിനിമാ ജീവിതത്തില്‍ എനിക്ക് മറക്കാന്‍ പറ്റാത്തയാളാണ് ദിനേഷ് ബാബു.

ഇതെല്ലാം ഈഗോ പ്രശ്‌നമായിരിക്കും. മാനസികമായും ഒരു സഹകരണവുമില്ലാത്ത രീതിയിലായിരുന്നു പള്ളാശ്ശേരി പെരുമാറിയിരുന്നത്. അതിന് ശേഷം ഞാന്‍ ഇന്നുവരെ പുള്ളിയുമായി സംസാരിച്ചിട്ടില്ല,” സേവി മനോ മാത്യു പറഞ്ഞു.

Content Highlight: Producer Xavi Mano Mathew talks about script writer J. Pallassery

We use cookies to give you the best possible experience. Learn more