ശ്രീനിവാസനെ നായകനാക്കി പ്ലാന്‍ ചെയ്ത കാഴ്ച എന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനായപ്പോള്‍ ബജറ്റ് സംബന്ധിച്ച ആശങ്കകള്‍ തനിക്ക് ഉണ്ടായിരുന്നെന്ന് നിര്‍മാതാവ് സേവി മനോ മാത്യു. കാഴ്ച ചെയ്യുന്ന സമയത്ത് മമ്മൂട്ടിയുടെ ചില പടങ്ങള്‍ മോശമായിരുന്നുവെന്നും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സേവി പറഞ്ഞു.
‘ശ്രീനിവാസനെ നായകനാക്കിയാണ് കാഴ്ച എന്ന ചിത്രം പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ മമ്മൂക്കയെ എങ്ങനെയങ്കിലും കഥ കേള്‍പ്പിക്കണമെന്ന് ബ്ലെസി പറയുകയായിരുന്നു. നിര്‍മാതാവ് സിയാദ് കോക്കര്‍ വഴി മമ്മൂക്കയെ കാണുകയും അദ്ദേഹത്തിന് കഥ ഇഷ്ടപ്പെടുകയും ചെയ്തു.
മമ്മൂക്ക വന്നതോടെ ബജറ്റിന്റെ കാര്യത്തില്‍ എന്റെ മനസില്‍ ചോദ്യങ്ങളുണ്ടായിരുന്നു. പക്ഷേ മമ്മൂക്കയെ കിട്ടിയാല്‍ വലിയ സംഭവമാകില്ലേ. ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാമോ? പുള്ളീടെ മാര്‍ക്കറ്റ് കുറഞ്ഞെന്നല്ല. ആ സമയത്ത് മമ്മൂക്ക ചെയ്ത ചില പടങ്ങള്‍ മോശമായിരുന്നു.
പ്രതിഫലത്തിന്റെ കാര്യം പറയാന്‍ എന്നോട് ചെല്ലാന്‍ പറഞ്ഞു. ഞാന്‍ മമ്മൂക്കയുടെ വീട്ടില്‍ ചെന്നു. സബ്ജെക്ട് പറഞ്ഞിട്ട് പോയതല്ലാതെ സാമ്പത്തികമൊന്നും നീ പറയുന്നില്ലല്ലോ എന്ന് മമ്മൂക്ക പറഞ്ഞു. സിനിമ ചെയ്യണമെന്ന ആഗ്രഹത്തിലാണ് വന്നത് അല്ലാതെ പ്രൊഡ്യൂസര്‍ എന്ന നിലയിലല്ല എന്ന് മമ്മൂക്കയോട് പറഞ്ഞു. വളച്ചുകെട്ടാതെ കാര്യം പറയാന്‍ മമ്മൂക്ക പറഞ്ഞു.
ഞാന്‍ ഒരു എമൗണ്ട് പറഞ്ഞു. നീ ആയതുകൊണ്ട് ഞാന്‍ ഒന്നും പറയുന്നില്ല, ശരിക്കും എന്റെ സ്വഭാവത്തിന് അടി തന്ന് വിടേണ്ടതാണ്, നീ എന്താണ് വിചാരിച്ചിരിക്കുന്നത്, ഞാന്‍ തുടങ്ങിയ സമയത്ത് ഇതിനെക്കാള്‍ മേടിച്ചിട്ടുണ്ടല്ലോ എന്ന് മമ്മൂക്ക പറഞ്ഞു. (ചിരിക്കുന്നു) വേറൊന്നും കൊണ്ടല്ല നമ്മുടെ കയ്യില്‍ ഇതേ ഉള്ളൂ, സിനിമ ചെയ്യണമെന്നതാണ് നമ്മുടെ ആഗ്രഹമെന്ന് മമ്മൂക്കയോട് പറഞ്ഞു.
വളരെ പൈസ കുറച്ചാണ് അന്ന് മമ്മൂക്ക അഭിനയിച്ചത്. എന്തുകൊണ്ടാണ് ആ എമൗണ്ടിന് സമ്മതിച്ചതെന്ന് അറിയില്ല. ചിലപ്പോള്‍ നമ്മുടെ നല്ല സമയം കൊണ്ടായിരിക്കും. ആ സമയത്ത് സാധാരണ സിനിമകള്‍ക്ക് വേണ്ടി മമ്മൂക്ക മേടിച്ചോണ്ടിരുന്നത് 50 ലക്ഷം രൂപയാണ്. പക്ഷേ ഈ സിനിമയില്‍ അതിന്റെ അഞ്ചിലൊന്ന് പോലും കൊടുക്കേണ്ടി വന്നില്ല,’ സേവി മനോ മാത്യു പറഞ്ഞു.
Content Highlight: producer xavi mano mathew said that some of Mammootty’s films became failure in theatre during the shoot of kazhcha