60 ലക്ഷം രൂപയാണ് സിനിമയുടെ ബജറ്റ് പ്ലാനിങ്ങ്, അന്ന് മമ്മൂക്കയുടെ പ്രതിഫലം 50 ലക്ഷമാണ്: സേവി മനോ മാത്യു
Film News
60 ലക്ഷം രൂപയാണ് സിനിമയുടെ ബജറ്റ് പ്ലാനിങ്ങ്, അന്ന് മമ്മൂക്കയുടെ പ്രതിഫലം 50 ലക്ഷമാണ്: സേവി മനോ മാത്യു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 6th November 2022, 5:56 pm

കാഴ്ച സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടയില്‍ ഡേറ്റിന്റെ പേര് പറഞ്ഞ് മമ്മൂട്ടിയുമായുണ്ടായ പ്രശ്‌നങ്ങള്‍ പറയുകയാണ് നിര്‍മാതാവ് സേവി മനോ മാത്യു. കാഴ്ചയുടെ ഷൂട്ട് കഴിഞ്ഞ മമ്മൂട്ടിക്ക് മറ്റൊരു സിനിമയിലേക്ക് ജോയിന്‍ ചെയ്യേണ്ടതായിരുന്നു എന്നും എന്നാല്‍ പറഞ്ഞ ഡേറ്റിനുള്ളില്‍ ചിത്രം പൂര്‍ത്തീകരിക്കാനായില്ലെന്നും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സേവി പറഞ്ഞു.

‘കേരളത്തിലെ ഷൂട്ട് കഴിഞ്ഞ് ഗുജറാത്തില്‍ ഒരു ഷെഡ്യൂള്‍ വെച്ചു. എനിക്കിനി അഞ്ച് ദിവസം കൂടിയേ ഡേറ്റുള്ളൂ. അതുകഴിഞ്ഞൊരു പടമുണ്ട്, ഞാന്‍ തുടങ്ങാന്‍ പറയട്ടെയെന്ന് മമ്മൂക്ക ചോദിച്ചു. ബ്ലെസിയോട് ചോദിച്ചപ്പോള്‍ അഞ്ച് ദിവസം കൂടി മതിയെന്ന് പറഞ്ഞു. അവിടെ ചെന്നിട്ട് എട്ടോ പത്തോ ദിവസമായിട്ടും തീരുന്നില്ല.

ഞാന്‍ ഇന്ന് കൂടിയേ നിക്കത്തുള്ളൂ, എന്ത് പറഞ്ഞാലും നാളെ പോകണം, ഇന്നുകൊണ്ട് തീര്‍ത്തോളാന്‍ പറഞ്ഞോയെന്നൊക്കെ മമ്മൂക്ക അവസാനം പറഞ്ഞു. ബ്ലെസിയാണെങ്കില്‍ പെര്‍ഫെക്ഷന്‍ നോക്കി ക്ലൈമാക്‌സ് സീന്‍ പതുക്കെയെടുക്കുകയാണ്. എനിക്ക് ടെന്‍ഷനായി. എന്നാല്‍ പിറ്റെ ദിവസം ഞാന്‍ നോക്കുമ്പോള്‍ പുള്ളി അവിടെയുണ്ട്.

ഇത്തരം സാഹചര്യത്തില്‍ ഒന്നും നോക്കാതെ സെറ്റില്‍ നിന്നും പോയ ആര്‍ട്ടിസ്റ്റുകളെ എനിക്ക് അറിയാം. എന്നാല്‍ മമ്മൂക്ക അവസാനം വരെ നമ്മുടെ കൂടെ നിന്നു. ആ സമയത്തുള്ള ഒരു ദേഷ്യമേയുള്ളൂ. മറ്റേ ലൊക്കേഷനില്‍ നിന്നും വിളി വരുമ്പോള്‍ മമ്മൂക്ക ചൂടാവും. അങ്ങനെ പിന്നെയും നാല് ദിവസം കൂടി ഷൂട്ടിന് നിന്നു.

ആലപ്പുഴയില്‍ ഷൂട്ട് വെച്ചപ്പോള്‍ മമ്മൂക്കക്കായി ഹോട്ടലില്‍ റൂമൊന്നും എടുക്കേണ്ടി വന്നില്ല. അദ്ദേഹം വീട്ടില്‍ നിന്നാണ് എന്നും വന്നുകൊണ്ടിരുന്നത്.

വളരെ പൈസ കുറച്ചാണ് ആ ചിത്രത്തില്‍ മമ്മൂക്ക പ്രതിഫലം വാങ്ങിയത്. ഞങ്ങള്‍ പറഞ്ഞ എമൗണ്ടിന് അദ്ദേഹം സമ്മതിച്ചു. എന്തുകൊണ്ടാണെന്ന് അറിയില്ല. ചിലപ്പോള്‍ നമ്മുടെ സമയം നല്ലതായതുകൊണ്ടാവും. സാധാരണ പടങ്ങള്‍ക്ക് മമ്മൂക്ക അന്ന് മേടിച്ചുകൊണ്ടിരുന്നത് 50 ലക്ഷം രൂപയാണ്. കാഴ്ചയില്‍ അഭിനയിച്ചതിന് അതിന്റെ അഞ്ചിലൊന്ന് പോലും കൊടുക്കേണ്ടി വന്നില്ല.

60 ലക്ഷമായിരുന്നു സിനിമക്ക് ആദ്യം പ്ലാന്‍ ചെയ്ത ബജറ്റ്. ഷൂട്ട് കഴിഞ്ഞപ്പോള്‍ ഒരുകോടി പത്ത് ലക്ഷം രൂപയായി,’ സേവി പറഞ്ഞു.

Content Highlight: Producer xavi Mano Mathew is talking about the problems he had with Mammootty during the climax shooting of the movie kazhcha