| Friday, 4th November 2022, 1:41 pm

ഞങ്ങളോട് ചോദിക്കാതെ പാട്ടുകള്‍ കുത്തിക്കയറ്റി; ആ ശ്രീനിവാസന്‍ ചിത്രം പരാജയപ്പെടാന്‍ കാരണം സംവിധായകന്‍: നിര്‍മാതാവ് സേവി മനോ മാത്യു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്രീനിവാസന്‍, ഗീതു മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അവിര റെബേക്ക സംവിധാനം ചെയ്ത ചിത്രമായിരുന്നു തകരച്ചെണ്ട. 2007ല്‍ പുറത്തിറങ്ങിയ ചിത്രം നിര്‍മിച്ചത് സേവി മനോ മാത്യു, നൗഷാദ് എന്നിവര്‍ ചേര്‍ന്നായിരുന്നു.

ചിത്രം പ്രതീക്ഷിച്ച പോലെ വിജയിക്കാതിരുന്നതിനെ കുറിച്ചും സംവിധായകന്‍ അവിര റെബേക്കയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിര്‍മാതാവ് സേവി മനോ മാത്യു.

തകരച്ചെണ്ട ചെയ്യാന്‍ കാരണം അവിറ റെബേക്കയുമായുള്ള മുന്‍പരിചയമാണെന്നും എന്നാല്‍ സംവിധായകന്റെ ചില തീരുമാനങ്ങള്‍ കാരണം ചിത്രത്തിന് പെര്‍ഫക്ഷന്‍ നഷ്ടപ്പെട്ടുവെന്നുമാണ് അദ്ദേഹം പറയുന്നത്.

”തകരച്ചെണ്ട ഞാന്‍ ചെയ്യാന്‍ കാരണം, ഞാനും അതിന്റെ ഡയറക്ടര്‍ അവിര റെബേക്കയും ഒരേ നാട്ടില്‍ നിന്ന് ഒരുമിച്ച് പഠിക്കാന്‍ പോയവരായിരുന്നു. പുളളിക്ക് നല്ല ഐഡിയയുണ്ട്. പക്ഷെ ചെയ്ത് വരുമ്പോള്‍ അത് വരില്ല എന്നതാണ് വലിയ കുഴപ്പം.

ഒരു പടം ഇവനെ വെച്ച് ചെയ്യണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ഇവന്‍ എന്റെയടുത്ത് ഒരു സബ്ജക്ട് പറഞ്ഞു. നല്ല സബ്ജക്ടാണെന്ന് തോന്നിയപ്പോള്‍ ഞാന്‍ ശ്രീനിയേട്ടനെ വിളിച്ച് ഇതൊന്ന് കേട്ടുനോക്കാന്‍ പറഞ്ഞു.

അങ്ങനെ അവിര റെബേക്ക ശ്രീനിയേട്ടന്റെയടുത്ത് പോയി കഥ പറഞ്ഞു. ശ്രീനിയേട്ടന്‍ അപ്പോള്‍ തന്നെ എന്നെ വിളിച്ച്, ‘സേവീ നമുക്കിത് ചെയ്യണം, ഉഗ്രന്‍ സംഭവമാണ്,’ എന്ന് പറഞ്ഞു. എന്നെ കളിയാക്കാന്‍ പറഞ്ഞതാണെന്നാണ് ഞാന്‍ ആദ്യം വിചാരിച്ചത്.

പിറ്റേന്നും പുള്ളി വിളിച്ചു. അങ്ങനെ ഇത് ചെയ്യാന്‍ തീരുമാനിച്ചു, വലിയ ബഡ്ജറ്റൊന്നും ആവില്ലല്ലോ. ഗീതുവിനോട് (ഗീതു മോഹന്‍ദാസ്) കഥ പറഞ്ഞപ്പോള്‍ അവര്‍ക്കും വലിയ താല്‍പര്യമായി.

പൈസക്ക് വേണ്ടിയല്ല ഈ സിനിമ ചെയ്തത്. ഒരു നല്ല സിനിമ ചെയ്യാന്‍ വേണ്ടി മുടക്കുന്ന പൈസ പോകും എന്ന് അറിഞ്ഞുകൊണ്ട് തന്നെ ചെയ്ത പടമാണ്.

നൗഷാദിന് ഇങ്ങനെയൊരു പടം ചെയ്യാന്‍ ഒരു താല്‍പര്യവുമില്ലായിരുന്നു, എന്റെ താല്‍പര്യം കൊണ്ടായിരുന്നു ഇതിലേക്ക് വന്നത്.

25 ദിവസം മതിയായിരുന്നു ഷൂട്ടിങ്ങിന്. ഷൂട്ടിങ് തുടങ്ങി നാലഞ്ച് ദിവസമൊക്കെ ആയപ്പോള്‍ സെറ്റില്‍ അവിരയുടെ സുഹൃത്തുക്കള്‍ വന്നു. ബ്ലെസിയുടെ കാഴ്ച സിനിമയിലേത് പോലെ നാലഞ്ച് പാട്ട് ഈ സിനിമയിലും വേണം എന്ന് അവര്‍ അഭിപ്രായം പറഞ്ഞു. അവര് ഇത് പറഞ്ഞ് അവിറയുടെ മനസ് മാറ്റി.

അങ്ങനെ ഇവന്‍ ഞങ്ങളോടാരോടും ചോദിക്കാതെ സിനിമക്ക് വേണ്ടി നാലഞ്ച് പാട്ട് റെക്കോഡ് ചെയ്തു. അത് ചിത്രീകരിച്ചു. അങ്ങനെ നാലഞ്ച് ദിവസം പോയി. 25 ദിവസത്തെ ഷെഡ്യൂളില്‍ സിനിമ നടക്കാത്ത അവസ്ഥയായി.

ബാക്കി കുറച്ച് ദിവസമേ ഷൂട്ടിങ് തീര്‍ക്കാന്‍ ബാക്കിയുണ്ടായിരുന്നുള്ളൂ. ബാക്കി വന്ന സീനുകള്‍ തീര്‍ക്കാന്‍ വേണ്ടി ഇവന്‍ ഈ സിനിമ അടിച്ചുവിട്ട പോലെ അങ്ങ് ചെയ്തുതീര്‍ത്തു.

അതാണ് ഈ സിനിമക്ക് പെര്‍ഫക്ഷനില്ലാതെ പോയത്. അല്ലെങ്കില്‍ ഉഗ്രന്‍ പടമായിരുന്നു. അങ്ങനെ തകരച്ചെണ്ടയെ കുറിച്ച് മൊത്തം തകര്‍ന്നുപോയ ഓര്‍മകളേ ഉള്ളൂ, സേവി മനോ മാത്യു പറഞ്ഞു.

Content Highlight: Producer Xavi mano mathew about failure of Sreenivasan movie Thakarachenda

We use cookies to give you the best possible experience. Learn more