കഴിഞ്ഞ ദിവസമാണ് ഷാഹി കബീറിന്റെ സംവിധാനത്തില്‍ സൗബിന്‍ ഷാഹിര്‍ നായകനായ ഇലവീഴാപൂഞ്ചിറ കേരളത്തില്‍ റിലീസ് ചെയ്തത്. മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്റെ വ്യാജ പ്രിന്റ് ചില സൈറ്റുകളില്‍ വന്നതിന് പിന്നാലെ ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് വിഷ്ണു വേണു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് വിഷ്ണു ഇക്കാര്യം പറയുന്നത്.
കേരളത്തിലെ തീയേറ്ററുകളില്‍ മാത്രം ജൂലൈ 15നു റിലീസ് ചെയ്ത, ഞങ്ങളുടെ ചിത്രമായ ഇലവീഴാപൂഞ്ചിറയുടെ അവസ്ഥയിതാണെന്നാണ് വിഷ്ണു പറയുന്നത്.
ചിത്രത്തിന്റെ വ്യാജ പ്രിന്റ് കേരളത്തില്‍ നിന്ന് എടുത്തത് നല്ല രീതിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ഈ സിനിമയെ നശിപ്പിക്കാന്‍ വേണ്ടിയാണെന്നും വിഷ്ണു കുറിപ്പില്‍ പറയുന്നു.
പണത്തിനു വേണ്ടി ആരെങ്കിലും ഇത് ചെയ്യുമെന്ന് താന്‍ കരുതുന്നില്ലെന്നും. അത്ര അസഹിഷ്ണുത ഉള്ള ആ മലയാളി ഒന്നുകില്‍ തിയേറ്ററുമായി ബന്ധപ്പെട്ട ഒരാള്‍ അല്ലെങ്കില്‍ ഇത് നശിപ്പിക്കാന്‍ വേണ്ടി മനപ്പൂര്‍വം ഇറങ്ങിയ ഏതോ സഹപ്രവര്‍ത്തകന്‍, നല്ല ചൂട് ചായയും കുടിച്ചു ഏതെങ്കിലും സംഘടന ഓഫീസില്‍ ഇരിക്കുന്നുണ്ടാകുമെന്നും കുറിപ്പില്‍ വിഷ്ണു കൂട്ടിച്ചേര്‍ക്കുന്നു. ഇത് ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വിഷ്ണു കുറിപ്പില്‍ പറയുന്നുണ്ട്.
കേരളത്തിലെ തീയേറ്ററുകളില്‍ മാത്രം ജൂലൈ 15നു റിലീസ് ചെയ്ത, ഞങ്ങളുടെ ചിത്രമായ ഇലവീഴാപൂഞ്ചിറയുടെ അവസ്ഥയാണിത്. ആദ്യ 3 ദിവസങ്ങളില്‍ നല്ല രീതിയില്‍ കളക്ഷന്‍ കിട്ടിയ ചിത്രത്തിനു നല്ല പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ന് ചില സൈറ്റുകളില്‍ തിയേറ്റര്‍ പ്രിന്റ് വന്നിരിക്കുകയാണ്. കേരളത്തിലെ 120 തീയേറ്ററുകളിലെ ഏതെങ്കിലും ഒരു തിയേറ്ററില്‍ നിന്നല്ലാതെ ഇതാര്‍ക്കും ചെയ്യാന്‍ പറ്റില്ല. കേരളത്തിന് പുറത്തു നിന്നാണ് ഇത് ചെയ്യുന്നതെന്ന സ്ഥിരം കമന്റുകള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ആദ്യ വാരം ഇവിടെ മാത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്.
ഇതോടെ കേരളത്തിനുള്ളിലും ഈ പരിപാടി നടക്കുന്നുണ്ടെന്നു മനസ്സിലായ സ്ഥിതിക്ക് നിയമപരമായി ഇതിനെ നേരിടാന്‍ തീരുമാനിച്ചു. നല്ല രീതിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ഈ സിനിമയെ നശിപ്പിക്കാന്‍ വേണ്ടിയല്ലാതെ പണത്തിനു വേണ്ടി ആരെങ്കിലും ഇത് ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല.
അത്ര അസഹിഷ്ണുത ഉള്ള ആ മലയാളി ഒന്നുകില്‍ തിയേറ്ററുമായി ബന്ധപ്പെട്ട ഒരാള്‍ അല്ലെങ്കില്‍ ഇത് നശിപ്പിക്കാന്‍ വേണ്ടി മനപ്പൂര്‍വം ഇറങ്ങിയ ഏതോ സഹപ്രവര്‍ത്തകന്‍, നല്ല ചൂട് ചായയും കുടിച്ചു ഏതെങ്കിലും സംഘടന ഓഫീസില്‍ ഇരിക്കുന്നുണ്ടാകും. സിനിമയോടുള്ള അടങ്ങാത്ത പാഷന്‍ കൊണ്ട് ഇത്തരം സൃഷ്ടികള്‍ ഉണ്ടാക്കാന്‍ രക്തം കൊടുത്തു നില്‍ക്കുന്നതിനൊന്നും ഒരു പ്രസക്തിയുമില്ലെന്നെ. മലയാള സിനിമ നീണാള്‍ വാഴട്ടെ. ; വിഷ്ണു പറയുന്നു.
സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറ എന്ന വിനോദസഞ്ചാര മേഖലയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. പൊലീസ് സ്റ്റോറിയാണ് ചിത്രം. മലയാളത്തില്‍ ആദ്യമായി ഡോള്‍ബി വിഷന്‍ 4 കെ.എച്ച്.ഡി.ആറില്‍ പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ഇലവീഴാപൂഞ്ചിറയ്ക്കുണ്ട്.
കപ്പേളയ്ക്ക് ശേഷം കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണു നിര്‍മിച്ച ചിത്രമാണിത്. നിധീഷും ഷാജി മാറാടും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.