പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു ഹൃദയം. 2022ലെ വിജയ ചിത്രങ്ങളിലൊന്നായ സിനിമ നിര്‍മിച്ചത് വിശാഖ് സുബ്രഹ്മണ്യമാണ്. സിനിമയുടെ പിന്നണി പ്രവര്‍ത്തനത്തെ കുറിച്ച് സംസാരിക്കുകയാണ് വിശാഖ്.
കൊവിഡിന്റെ രണ്ടാം വരവിന്റെ സമയത്താണ് സിനിമ റിലീസ് പ്രഖ്യാപിച്ചതെന്നും ആ സമയത്ത് തങ്ങള്‍ക്ക് ഒരുപാട് ആശങ്കകള്‍ ഉണ്ടായിരുന്നു എന്നും വിശാഖ് പറഞ്ഞു. ആശങ്കയുടെ ഘട്ടത്തില്‍ ആവശ്യമായ ധൈര്യം നല്‍കി മുമ്പോട്ട് പോകാന്‍ പ്രേരിപ്പിച്ചത് സുചിത്ര മോഹന്‍ലാലാണെന്നും മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ വിശാഖ് പറഞ്ഞു.
‘പണത്തിന് വേണ്ടിയല്ല ‘ഹൃദയം’ ചെയ്തത്. ഹൃദയം എന്റെ ഡ്രീം പ്രോജക്ടായിരുന്നു. മെറിലാന്റ് നിര്‍മിക്കുന്ന സിനിമ, പിന്നെ എന്റെ സുഹൃത്തുക്കള്‍ കൂടെയുണ്ട് തുടങ്ങിയ പ്രത്യേകത ഹൃദയത്തിനുണ്ട്. എനിക്ക് ഒരു വീഴ്ച സംഭവിച്ചാല്‍ അവര്‍ കൂടെയുണ്ടാകുമെന്ന് ഉറപ്പുണ്ടായിരുന്നു. കൊവിഡ് കാരണം ഷൂട്ടിങ് നിര്‍ത്തി വെക്കേണ്ടി വന്നു. ചിത്രത്തിന്റെ ബഡ്ജറ്റ് കൂടി.
വിനീതും പ്രണവും സുചിത്ര ചേച്ചിയുമൊക്കെ കൂടെയുണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു. പുറത്ത് പോയി ഒരു ബിഗ് ബജറ്റ് ചിത്രം ചെയ്താല്‍ എനിക്ക് അങ്ങനെയൊരു വിശ്വാസവും ധൈര്യവും കിട്ടില്ല. ഇവരോടൊപ്പം എനിക്ക് ധൈര്യമായി വര്‍ക്ക് ചെയ്യാനാകും.
ഹൃദയത്തിന് പൂര്‍ണ പിന്തുണ നല്‍കി കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ സിത്താര സുരേഷാണ്. നിര്‍മാതാവ് സുരേഷ് ബാലാജിയുടെ മകളും സുചിത്ര ചേച്ചിയുടെ അനന്തരവളുമാണ് സിത്താര.
ഹൃദയം റീ റിലീസ് ചെയ്യുകയാണെന്ന് സുചിത്ര ചേച്ചിയെ അറിയിച്ചിരുന്നു. ഹൃദയ ത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തത് മുതല്‍ ചിത്രം പുറത്തിറങ്ങുന്നത് വരെ ചേച്ചി പൂര്‍ണ പിന്തുണയുമായി കൂടെയുണ്ടായിരുന്നു.
ഹൃദയം ആദ്യം റിലീസ് ചെയ്യുന്ന സമയത്ത് ഞങ്ങള്‍ക്ക് ആശങ്കയുണ്ടായിരുന്നു. കൊവിഡ് മൂലം തിയേറ്ററുകള്‍ അടക്കുന്ന സമയമായിരുന്നു അത്. നിങ്ങള്‍ റിലീസ് ചെയ്യാന്‍ ഉറപ്പിച്ചതല്ലേ, ധൈര്യമായി മുമ്പോട്ട് പോകാന്‍ ചേച്ചി പറഞ്ഞു. എന്തുവന്നാലും താന്‍ കൂടെയുണ്ടാകുമെന്നും അറിയിച്ചു. ഇപ്പോഴും എല്ലാ കാര്യത്തിനും ചേച്ചിയുടെ പിന്തുണയുണ്ട്,’ വിശാഖ് സുബ്രഹ്മണ്യം പറഞ്ഞു.
content highlight: producer visakh subrahmaniam about hridayam movie