ദി കേരള സ്റ്റോറി സിനിമക്കെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി ചിത്രത്തിന്റെ നിര്‍മാതാവ് വിപുല്‍ ഷാ. ഷോലെയില്‍ ഖബ്ബര്‍ സിങ്ങ് വില്ലനായതുകൊണ്ട് സംവിധായകന്‍ സിഖ് സമുദായത്തിന് എതിരാണെന്നാണോ എന്നും സിങ്കത്തില്‍ പൂജാരി വില്ലനായതുകൊണ്ട് സംവിധായകന്‍ ഹിന്ദു സമുദായത്തിനും എതിരാണോ എന്നും വിപുല്‍ ഷാ ചോദിച്ചു. ഈ ചിത്രങ്ങള്‍ റിലീസ് ചെയ്തപ്പോള്‍ ഉയര്‍ത്താത്ത ചോദ്യങ്ങള്‍ ഇപ്പോള്‍ എന്തുകൊണ്ടാണ് ഉയര്‍ത്തുന്നതെന്നും വിപുല്‍ ഷാ പറഞ്ഞു. മുംബൈയില്‍ ചിത്രത്തോടനുബന്ധിച്ച് നടന്ന പ്രസ് മീറ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഷോലെയില്‍ ഖബ്ബര്‍ സിങ് വില്ലനാണ്. അതിനര്‍ത്ഥം സംവിധായകന്‍ രമേശ് സിപ്പി സിഖ് സമൂഹത്തിന് എതിരാണെന്നാണോ? സിങ്കം റിട്ടേണ്‍സില്‍ ഒരു പൂജാരിയാണ് വില്ലന്‍. അതിനെതിരെ എന്തുകൊണ്ട് ശബ്ദമുയര്‍ത്തുന്നില്ല? അതിനര്‍ത്ഥം ഹിന്ദു സന്യാസിമാരേയും ഹൈന്ദവ സമൂഹത്തേയും ആ സിനിമയുടെ നിര്‍മാതാക്കള്‍ വില്ലന്മാരാക്കാന്‍ ശ്രമിക്കുകയാണെന്നാണോ? തീര്‍ച്ചയായും അല്ല. അത് ആ ചിത്രത്തിലെ കഥാപാത്രങ്ങളാണ്. അതുപോലെ തന്നെ ഞങ്ങളുടെ സിനിമയില്‍ ചില കഥാപാത്രങ്ങള്‍ തീവ്രവാദികളാണ്.
ഷോലെയും സിങ്കം റിട്ടേണ്‍സും റിലീസ് ചെയ്തപ്പോള്‍ ഉയര്‍ത്താത്ത ചോദ്യങ്ങള്‍ ഇപ്പോള്‍ എന്തിന് ചോദിക്കുന്നു. ഈ സിനിമ തീവ്രവാദത്തിനെതിരാണെന്നും അതിനുവേണ്ടി കയ്യടിക്കാം എന്ന് പറയുന്നതിന് പകരം ഈ സിനിമ എന്തോ ലക്ഷ്യം വെക്കുന്നുവെന്ന് നിങ്ങള്‍ പറയുന്നു.
കേരള സ്റ്റോറി നിര്‍മിക്കുമ്പോള്‍ ഒരു മതത്തേയോ സമൂഹത്തേയോ പൈശാചികമായ രീതിയില്‍ കാണിക്കാതിരിക്കാന്‍ വളരെയധികം പരിശ്രമിച്ചിരുന്നു. ഞങ്ങള്‍ കുറ്റവാളികള്‍ക്ക് എതിരായിരുന്നു. അതാണ് ഉയര്‍ത്തി കാണിച്ചതും. ജീവിതം തകര്‍ക്കപ്പെട്ട പെണ്‍കുട്ടികളെ പറ്റിയാണ് ഈ സിനിമ. ഞങ്ങളുടെ വിയോജിപ്പുകളാണ് ബാക്കി ഭാഗങ്ങളില്‍ കാണിക്കുന്നത്. ഇത് ഒരു ജനാധിപത്യ രാജ്യമാണ്. എല്ലാവര്‍ക്കും വിയോജിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.
ഒരു മതത്തിലും പെടാത്ത വില്ലനെ എവിടെയാണ് കാണാന്‍ സാധിക്കുക. എത്ര പ്രാവശ്യം ഇതുപോലെയുള്ള ചോദ്യങ്ങള്‍ നിങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ എന്തിനാണ് ചോദിക്കുന്നത്? ഈ പെണ്‍കുട്ടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റില്ലേ? നമ്മള്‍ ചോദിക്കേണ്ട ഒരു വലിയ ചോദ്യമാണ് ഇത്,’ വിപുല്‍ ഷാ പറഞ്ഞു.
മെയ് അഞ്ചിനാണ് ദി കേരള സ്റ്റോറി റിലീസ് ചെയ്തത്. കേരളത്തില്‍ നിന്നുമുള്ള മൂന്ന് പെണ്‍കുട്ടികള്‍ മതം മാറി ഐസിസിലേക്ക് പോയ കഥയാണ് ദി കേരള സ്റ്റോറി പറഞ്ഞത്. ട്രെയ്‌ലറിനൊപ്പം ചേര്‍ത്ത 32000 പെണ്‍കുട്ടികള്‍ എന്നത് വിവാദങ്ങളുയര്‍ന്നതിനെ തുടര്‍ന്ന് മൂന്ന് എന്നതിലേക്ക് മാറ്റിയിരുന്നു.
കേരളത്തിലെ സൗഹൃദ അന്തരീക്ഷം തകര്‍ക്കാനുള്ള സംഘപരിവാറിന്റെ ആസൂത്രിത നീക്കമാണിതെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇടതു-വലത് യുവജനസംഘടനകളും ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴും കേരളത്തിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും സിനിമക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.
Content Highlight: producer Vipul Shah responded to the criticisms against the movie The Kerala Story