കൊച്ചി: യുവനടി നല്‍കിയ ബലാത്സംഗ പരാതിയില്‍ നിര്‍മാതാവ് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.
വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.
വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരും. പരാതിക്കാരിയെ ബന്ധപ്പെടാനോ അവരെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും അന്വേഷണവുമായി വിജയ് ബാബു പൂര്‍ണമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.
വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായെന്നും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷനും കോടതിയില്‍ പറഞ്ഞു.
യുവനടിയുടെ പീഡന പരാതിക്ക് പിന്നാലെ ഒളിവില്‍ പോയ നടന്‍ വിജയ് ബാബു ഇന്നലെയാണ് കൊച്ചിയില്‍ എത്തിയത്. പിന്നാലെ എറണാകുളം ടൗണ്‍ സൗത്ത് സ്റ്റേഷനില്‍ ഹാജരാവുകയും ചെയ്തിരുന്നു.
തന്നെ പരിക്കേല്‍പിച്ചു എന്ന നടിയുടെ പരാതി വിജയ് ബാബു നിഷേധിച്ചു. ഇന്നലെ ഒന്‍പത് മണിക്കൂറാണ് വിജയ് ബാബുവിനെ ചോദ്യം ചെയ്തത്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നുവെന്നും സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കേസിന് കാരണമെന്നാണ് വിജയ് ബാബുവിന്റെ ആരോപണം.
കൂടാതെ ഒളിവില്‍ പോകാന്‍ ആരും തന്നെ സഹായിച്ചിട്ടില്ലെന്നും ചോദ്യം ചെയ്യലില്‍ വിജയ് ബാബു വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.
മാര്‍ച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചും മാര്‍ച്ച് 22 ന് ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ വെച്ചും പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. അവിടെ നിന്ന് ജോര്‍ജിയയിലേക്കും പോയിരുന്നു. പിന്നീട് വീണ്ടും ദുബായിലേക്ക് എത്തുകയുമായിരുന്നു.
Content Highlights: Producer Vijay Babu’s anticipatory bail hearing has been postponed to Tuesday