മാമാങ്കം സിനിമയുടെ ഷൂട്ടിങ് സമയത്ത് ലഹരിയുപയോഗിച്ച് വന്ന ഒരാളെ സെറ്റില്‍ നിന്ന് പുറത്താക്കിയിട്ടുണ്ടെന്ന് നിര്‍മാതാവ് വേണു കുന്നപ്പിള്ളി.
ലഹരി ഉപയോഗമുണ്ടെങ്കില്‍ അത് നിയന്ത്രിക്കാന്‍ ഒരു പ്രത്യേക ടീമിനെ തന്നെ ഒരുക്കിയിരുന്നെന്നും 2018 ന്റെ സെറ്റിലും അത്തരത്തിലൊരു സ്‌പെഷ്യല്‍ ടീം ഉണ്ടായിരുന്നെന്നും വേണു കുന്നപ്പിള്ളി പറഞ്ഞു. അതുകൊണ്ടു തന്നെ തങ്ങള്‍ക്ക് ഒരു പ്രശ്നവും കൂടാതെ ഷൂട്ടിങ് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചെന്നും മൂവീ വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
‘ലഹരിയുടെ വലിയ വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയത് ഇപ്പോള്‍ കുറച്ച് കാലങ്ങളായിട്ടാണ്. 10 വര്‍ഷം മുമ്പൊക്കെ വെള്ളമടിച്ച് വന്ന് ബഹളമുണ്ടാക്കുക, കഞ്ചാവ് ഉപയോഗിക്കുക എന്നുള്ള വാര്‍ത്തകളായിരുന്നു കേട്ടിരുന്നത്. എന്നാല്‍ ഇപ്പോഴൊക്കെ നമുക്ക് അറിയാത്ത സാധനങ്ങളാണ് ഉപയോഗിക്കുന്നത്.
മാമാങ്കം സിനിമ ചെയ്യുന്ന സമയത്ത് അവിടെ ആയിരക്കണക്കിന് ആളുകള്‍ ഉണ്ടായിരുന്നു. ആര്‍ടിസ്റ്റുകളായി ലേഡീസ് തന്നെ ഒരു 30 പേരെങ്കിലും ഉണ്ടായിരുന്നു. അന്ന് പ്രൊഡക്ഷനില്‍ നിന്ന് 3 പേരടങ്ങുന്ന ഒരു ടീമിനെ തന്നെ വെച്ചിട്ടുണ്ടായിരുന്നു.
ഇവരുടെ ജോലി ഏതെങ്കിലും രീതിയില്‍ സ്ത്രീകളെ അബ്യൂസ് ചെയ്യുകയോ, ആരെങ്കിലും വന്ന് ഡ്രഗ്സ് കൊടുക്കുകയോ ചെയ്യുന്നത് കൃത്യമായി നോക്കുക എന്നതായിരുന്നു. എന്തെങ്കിലും രീതിയിലുള്ള പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ ഇവരുടെ അടുത്ത് വന്ന് കംപ്ലയിന്റ് ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു.
ഒരു പ്രാവശ്യം നമ്മുടെ പ്രൊഡക്ഷനിലെ ഒരാള്‍ ലിക്വിഡ് അടിച്ച് വന്ന് പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. ഞാന്‍ അപ്പോള്‍ തന്നെ പുറത്താക്കിക്കോളാന്‍ പറഞ്ഞു. അന്ന് അയാള്‍ എന്നെ അവിടെയുള്ള ഏതോ ഒരു ഗുണ്ടാ ടീമിനെ അറിയുമോ എന്നൊക്കെ ചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. എന്തായാലും അയാളെ അവിടെ നിന്ന് പുറത്താക്കി.
അതേ രീതിയായിരുന്നു 2018 ലും കൊണ്ടു വന്നത്. അവിടെ പ്രൊഡക്ഷനില്‍ നില്‍ക്കുന്നവരോട് ഏതെങ്കിലും രീതിയില്‍ പ്രശ്നമുണ്ടായാല്‍ ആ ദിവസം പിടിച്ച് പുറത്താക്കണമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടായിരുന്നു. വളരെ സ്ട്രിക്റ്റ് ആയിട്ടായിരുന്നു നമ്മള്‍ കാര്യങ്ങള്‍ കൊണ്ടുപോയിരുന്നത്.
ജൂഡിനും ആ കാര്യത്തില്‍ ഒരു കോംപ്രമൈസും ഉണ്ടായിരുന്നില്ല. ഇത്രയും ജൂനിയര്‍ ആര്‍ടിസ്റ്റുകളെ വെച്ച് 104 ദിവസം ഷൂട്ട് ചെയ്ത ഈ സിനിമയില്‍ ഒരു കംപ്ലയിന്റും ഉണ്ടായിട്ടില്ല. ഏതെങ്കിലും സ്ത്രീകളെ കയറി പിടിച്ചെന്നോ, അവിടെ വന്ന് ഡ്രഗ്സ് അടിച്ചെന്നോ, ആരെങ്കിലും ഇത് കാരണം വൈകി വന്നെന്നോ, അങ്ങനെയുള്ള ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. കാര്യങ്ങള്‍ നിയന്ത്രിക്കുന്നവര്‍ സ്ട്രിക്ട് ആയി നില്‍ക്കുക എന്നത് തന്നെയാണ്,’ വേണു കുന്നപ്പിള്ളി പറഞ്ഞു.
Content Highlight: Producer Venu Kunnappilly about 2018 Movie and Drugs