2018 ന്റെ പ്രൊമോഷന് പല താരങ്ങളേയും കിട്ടിയില്ല, കുറ്റപ്പെടുത്തുകയല്ല, പക്ഷേ അവരുടെ പിന്തുണ ആവശ്യമുണ്ടായിരുന്നു: നിര്‍മാതാവ് വേണു കുന്നപ്പിള്ളി
Movie Day
2018 ന്റെ പ്രൊമോഷന് പല താരങ്ങളേയും കിട്ടിയില്ല, കുറ്റപ്പെടുത്തുകയല്ല, പക്ഷേ അവരുടെ പിന്തുണ ആവശ്യമുണ്ടായിരുന്നു: നിര്‍മാതാവ് വേണു കുന്നപ്പിള്ളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th May 2023, 4:41 pm

 

2018 സിനിമയുടെ പ്രൊമോഷന് പല താരങ്ങളും എത്തിയില്ലെന്ന വിമര്‍ശനവുമായി നിര്‍മാതാവ് വേണു കുന്നപ്പിള്ളി. സിനിമയിലേക്ക് ഒരു ആര്‍ടിസ്റ്റിനെ തിരഞ്ഞെടുക്കുന്നത് ഒരുപാട് ജനങ്ങള്‍ അവരെ ആരാധിക്കുന്നുണ്ട് എന്ന കാരണം കൊണ്ടാണെന്നും അതുകൊണ്ട് തന്നെ ആ സിനിമയുടെ പ്രൊമോഷന് ആ ആര്‍ടിസ്റ്റ് പങ്കെടുക്കണമെന്നാണ് ഏതൊരു നിര്‍മാതാക്കളും ആഗ്രഹിക്കുകയെന്നും വേണു കുന്നപ്പിള്ളി പറഞ്ഞു. മൂവീ വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

വര്‍ഷത്തില്‍ അഞ്ചോ ആറോ സിനിമകള്‍ ചെയ്യുന്ന ഒരു ആര്‍ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അവരുടേതായ തിരക്കുകള്‍ ഉണ്ടായിരിക്കാം. എന്നാല്‍ പൈസ മുടക്കുന്ന ഒരു പ്രൊഡ്യൂസറെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഇതൊന്നും അറിയേണ്ട ആവശ്യമില്ലെന്നും വേണു കുന്നപ്പിള്ളി പറഞ്ഞു.

‘നമ്മള്‍ സിനിമയില്‍ ഒരു നായകനെ എടുക്കുമ്പോള്‍, ആറു കോടി മുടക്കുന്ന ഒരു സിനിമയിലാണെങ്കില്‍ ഒന്നര കോടി ആ ആര്‍ടിസ്റ്റിന് കൊടുക്കുന്നുണ്ട്. നമ്മളെ സംബന്ധിച്ച് അത് വലിയ പൈസയാണ്.

എങ്കില്‍ കൂടി നമ്മള്‍ ഒരു ആര്‍ടിസ്റ്റിനെ എടുക്കുന്നത് ആ ആര്‍ടിസ്റ്റിന് സിനിമയിലുള്ള ഒരു വിലയുണ്ടല്ലോ അത് കണ്ടിട്ടാണ്. എനിക്ക് ഒരു സാധാരണക്കാരനെ വെച്ചിട്ടും സിനിമ എടുക്കാം. അവര്‍ ഒരുപക്ഷെ ഇങ്ങോട്ട് എന്തെങ്കിലും തരും. കാരണം അഭിനയിക്കാന്‍ നടക്കുന്ന വേറെ ഒരുപാട് പേരുണ്ട്. പക്ഷേ നമ്മള്‍ ഇതാണ് പ്രിഫര്‍ ചെയ്യുന്നത്.

കാരണം അവര്‍ക്ക് ഒന്നര കോടി കൊടുത്താലും കുറേ ജനങ്ങള്‍ അവരെ ഫോളോ ചെയ്യുന്നുണ്ട്, ആരാധിക്കുന്നുണ്ട്. അതാണ് നമുക്ക് വേണ്ടത്. അവര്‍ വരുന്നു, കഥ കേള്‍ക്കുന്നു, അഭിനയിക്കുന്നു അത് കഴിഞ്ഞാല്‍ പിന്നെ പോസ്റ്റ് പ്രൊഡക്ഷന്‍. ഇതാണ് ഇവരുടെ ജോലി.

അത് കഴിഞ്ഞാല്‍ സിനിമ തിയറ്ററില്‍ വരും. ഇത് ആളുകളിലേക്ക് അറിയിക്കുന്ന സമയത്ത് ഒരു പ്രൊഡ്യൂസറോ ഡയറക്ടറോ പറഞ്ഞ് കഴിഞ്ഞാല്‍ ഒരു കുഞ്ഞു പോലും വരില്ല. അര്‍ടിസ്റ്റുകളാണ് ജനങ്ങളിലേക്ക് എത്തിക്കേണ്ടത്. ആ സമയത്ത് അവര്‍ക്ക് തിരക്കാണ് വരാന്‍ സമയമില്ല എന്ന് പറഞ്ഞ് കഴിഞ്ഞാല്‍ സിനിമ തിയേറ്ററിലേക്ക് വരുന്നത് ആളുകള്‍ എങ്ങനെയാണ് അറിയുക.

തിയേറ്ററില്‍ സിനിമ വന്ന് അത് ആദ്യ ദിവസം കണ്ടില്ലെങ്കില്‍ ആ സിനിമ പരാജയമാണ്. പല സിനിമകള്‍ക്കും ഒരു ഇരുപത് ലക്ഷം പോലും കിട്ടുന്നില്ല. ഏതൊരു പ്രൊഡ്യൂസറുടെയും ഏറ്റവും വലിയ ആഗ്രഹം എന്ന് പറയുന്നത് അതിലെ നായകന്‍ വന്ന് കുറച്ച് പ്രൊമോഷനില്‍ പങ്കെടുക്കണമെന്നാണ്.

റിലീസിന്റെ ഒരാഴ്ച്ച മുന്‍പേയാണ് നമ്മുടെ ഈ പ്രോസസ് നടക്കുന്നത്. നമ്മള്‍ ഇവരെ കൊണ്ട് ഹൈദരാബാദ് പോവാനോ ബെംഗളൂരു പോവാനോ ഒന്നും ഉദ്ദേശിക്കുന്നില്ല. നമ്മള്‍ ഈ എറണാകുളം മാത്രമാണ് ഉദ്ദേശിക്കുന്നത്. ഇവിടെ പോലും ഇവര്‍ക്ക് വരാന്‍ സമയമില്ലെങ്കില്‍ നമ്മളെന്തു ചെയ്യും.

2018ന്റെ കാര്യമാണെങ്കില്‍ ഞാന്‍ ആരെയും കുറ്റപ്പെടുത്തുകയല്ല. പല ആര്‍ടിസ്റ്റുകളെയും നമുക്ക് കിട്ടിയിട്ടില്ല. അവര്‍ക്ക് അവരുടേതായ തിരക്കുകളുണ്ടായേക്കാം. മറ്റു ഹിന്ദിയിലെയോ തെലുങ്കിലെയോ നായകന്മാര്‍ക്ക് 30 കോടിയും 40 കോടിയുമൊക്കെ കിട്ടുമ്പോള്‍ ഇവിടെയുള്ളവര്‍ക്ക് ഒന്നര രണ്ട് കോടിയാണ് കിട്ടുന്നത്. അവര്‍ ഒരു വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകളാണ് ചെയ്യുന്നത്. അവര്‍ക്ക് അത് മതി.

എന്നാല്‍ ഇവര്‍ ചുരുങ്ങിയത് ഒരു വര്‍ഷത്തില്‍ അഞ്ചോ ആറോ സിനിമകള്‍ ചെയ്യും. അപ്പോള്‍ ആ ഒരു വര്‍ഷം മുഴുവന്‍ ഇവര്‍ ബിസിയായിരിക്കും. ഇവര്‍ക്കും ഫാമിലിയുണ്ട്, വേറെ പല കാര്യങ്ങളുമുണ്ട്. ഇവരുടെ സൈഡില്‍ നിന്ന് നോക്കുമ്പോള്‍ അവര്‍ക്ക് അവരുടേതായ ശരികളുണ്ട്. അതില്‍ ഞാന്‍ അവരെ കുറ്റപ്പെടുത്തുന്നില്ല.

പക്ഷേ പൈസ മുടക്കുന്ന ഒരു പ്രൊഡ്യൂസറെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഇതൊന്നും അറിയേണ്ട ആവശ്യമില്ല. അവര്‍ പൈസ മുടക്കുന്നതിനനുസരിച്ചുള്ള സപ്പോര്‍ട്ട് ഇവരുടെ അടുത്ത് നിന്ന് കിട്ടണം,’ വേണു കുന്നപ്പിള്ളി പറഞ്ഞു.

ജൂഡ് ആന്തണി സംവിധാനം ചെയ്ത് ടൊവിനോ തോമസ്, ആസിഫ് അലി, അപര്‍ണ ബാലമുരളി, കുഞ്ചാക്കോ ബോബന്‍, തന്‍വി റാം, ലാല്‍ എന്നിവരായിരുന്നു 2018 ല്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്.

Content Highlight: Producer Venu Kunnappilli about Film Protions and Actors Attittude