മുരുകന്‍ ലോകം കീഴടക്കിയ ദിവസം; പുലിമുരുകന്റെ അഞ്ചാം വാര്‍ഷികത്തില്‍ കുറിപ്പുമായി ടോമിച്ചന്‍ മുളകുപാടം
Entertainment news
മുരുകന്‍ ലോകം കീഴടക്കിയ ദിവസം; പുലിമുരുകന്റെ അഞ്ചാം വാര്‍ഷികത്തില്‍ കുറിപ്പുമായി ടോമിച്ചന്‍ മുളകുപാടം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th October 2021, 3:28 pm

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത് മലയാളത്തില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച സിനിമയായിരുന്നു പുലിമുരുകന്‍. 2016 ഒക്ടോബര്‍ 7ന് റിലീസ് ചെയ്ത സിനിമയുടെ അഞ്ചാം വാര്‍ഷികമാണ് ഇന്ന്.

ഈയവസരത്തില്‍ സിനിമയെക്കുറിച്ച് കുറിപ്പ് എഴുതിയിരിക്കുകയാണ് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം പുലിമുരുകന്റെ ഓര്‍മകള്‍ പങ്കുവെച്ചത്.

പുലിമുരുകന്‍ മലയാള സിനിമയിലെ വഴിത്തിരിവായിരുന്നുവെന്നും അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നുമാണ് ടോമിച്ചന്‍ പറഞ്ഞത്.

”മുരുകന്‍ ലോകം കീഴടക്കിയ ദിവസം. 100 കോടി ക്ലബില്‍ ഇടംപിടിച്ചത് വഴി മലയാള സിനിമയില്‍ തന്നെ പുലിമുരുകന്‍ ഒരു നാഴികക്കല്ലായി മാറി.

ഈ പുതിയ ചരിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചു എന്നതാണ് എനിക്ക് കൂടുതല്‍ അഭിമാനം തരുന്ന കാര്യം. അവസാനിക്കാത്ത സ്‌നേഹത്തിനും പിന്തുണയ്ക്കും എല്ലാവര്‍ക്കും നന്ദി,” ടോമിച്ചന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

25 കോടി രൂപ ചെലവില്‍ പുറത്തിറങ്ങിയ പുലിമുരുകന്‍ മലയാളത്തില്‍ 150 കോടിക്ക് മുകളില്‍ വരുമാനം നേടിയ ആദ്യ സിനിമയാണ്. 2019ല്‍ ലൂസിഫര്‍ റിലീസ് ആകുന്നത് വരെ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രവും പുലുമുരുകനായിരുന്നു.

ഉദയകൃഷ്ണയുടേതായിരുന്നു ചിത്രത്തിന്റെ രചന. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വഹിച്ച സിനിമയുടെ ക്യാമറ നിര്‍വഹിച്ചത് ഷാജി കുമാര്‍ ആണ്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം ചിത്രം നിര്‍മിച്ചു.

മോഹന്‍ലാലിനെ കൂടാതെ ലാല്‍, കമാലിനി മുഖര്‍ജി, വിനു മോഹന്‍, ജഗപതി ബാബു, ബാല എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Producer Tomichan Mulakupadam wrote about Pulimurukan on its anniversary