മലയാള സിനിമയിലെ സെലിബ്രിറ്റി പ്രൊഡ്യൂസര്‍മാരിലൊരാളാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍. അനിയത്തിപ്രാവ്, മണിച്ചിത്രത്താഴ്, റാംജിറാവ് സ്പീക്കിംഗ്, ഗോഡ് ഫാദര്‍, വിയറ്റ്‌നാം കോളനി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ചത് അപ്പച്ചനാണ്.
ഇപ്പോള്‍ സിനിമയില്‍ സജീവമല്ലാത്ത അദ്ദേഹം പഴയകാല സിനിമാ ഓര്‍മകള്‍ പങ്കുവെക്കുകയാണ്. ഗൃഹലക്ഷ്മി മാസികക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്.
‘ഗോഡ് ഫാദര്‍’ സിനിമയുടെ നിര്‍മാണ സമയത്തുണ്ടായ അനുഭവങ്ങളാണ് അപ്പച്ചന്‍ പങ്കുവെച്ചത്. സിനിമയിലെ ‘ആനപ്പാറ അച്ഛമ്മ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി ഫിലോമിനയോടൊപ്പമുള്ള അനുഭവമാണ് അപ്പച്ചന്‍ പങ്കുവെച്ചിരിക്കുന്നത്.
ആ സമയത്ത് ഫിലോമിനയുടെ ശരീരപ്രകൃതി കണ്ട് ആരോഗ്യം മോശമാണെന്ന് തോന്നിയെന്നും, ഗോഡ് ഫാദറിലെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കുമോ എന്ന് താന്‍ സംശയിച്ചതായും അപ്പച്ചന്‍ ഓര്‍മിക്കുന്നു.
”ഷൂട്ടിങ്ങിന്റെ തലേദിവസം ഫിലോമിനയെ മുറിയില്‍ പോയി കണ്ടപ്പോള്‍ നിരാശ തോന്നി. ഒരു മാക്‌സിയൊക്കെയിട്ട് ആരോഗ്യമില്ലാത്ത സ്ത്രീയെപ്പോലെ. ഇവരാണോ അഞ്ഞൂറാന്റെ മുന്നില്‍ ഞെളിഞ്ഞു നിന്ന് ഡയലോഗ് പറയേണ്ടത്? തിലകന്‍ ചേട്ടന്റെ കഥാപാത്രത്തെ പോടാ എന്ന് വിളിക്കേണ്ടത്? ആനയൊക്കെയുള്ള തറവാട്ടിലെ സ്ത്രീയാണോ ഇത്?” എന്നൊക്കെയായിരുന്നു തന്റെ ആശങ്കകളെന്ന് അപ്പച്ചന്‍ ഓര്‍മിക്കുന്നു.
എന്നാല്‍ തന്റെ ആശങ്കകള്‍ ഫിലോമിനക്ക് മനസിലായെന്നും അവര്‍ നല്‍കിയ മറുപടിയിലുള്ള ആത്മവിശ്വാസം തന്നെ അത്ഭുതപ്പെടുത്തിയെന്നും നിര്‍മാതാവ് ഓര്‍ക്കുന്നു. ”മോന്‍ ആലോചിച്ചത് എനിക്ക് മനസിലായി ട്ടോ. ഇതൊന്നും നോക്കണ്ട. എന്റെ മിടുക്ക് ഞാന്‍ സ്‌ക്രീനില്‍ കാണിച്ചോളാം,” എന്നായിരുന്നു ഫിലോമിനയുടെ മറുപടി.
സിനിമയില്‍ അഞ്ഞൂറാന്റെ കഥാപാത്രത്തിന്റെ മുന്നില്‍ ശോഭിക്കാന്‍ അവര്‍ക്ക് കഴിഞ്ഞുവെന്നും ഷൂട്ടിംഗ് സമയത്ത് അവരുടെ പെര്‍ഫോമന്‍സ് കണ്ട് നമിച്ചു പോയെന്നും അപ്പച്ചന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ‘ഗോഡ് ഫാദര്‍’. വിഷയത്തിലെ പുതുമയും വൈവിധ്യമാര്‍ന്ന കോമഡി രംഗങ്ങളും സിനിമയെ വിജയിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.
സിദ്ദീഖ്-ലാലിന്റെ സംവിധാനത്തില്‍ പിറന്ന ചിത്രത്തില്‍ എന്‍.എന്‍. പിള്ള, മുകേഷ്, കനക, തിലകന്‍, ഇന്നസെന്റ് എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.