റണ്‍വേയുടെ തമിഴ് റീമേക്ക് വിജയ്‌യെ വെച്ച് ചെയ്യാനിരുന്നതായിരുന്നു, വിജയ്ക്കും സിനിമ ഇഷ്ടമായി പക്ഷേ...: സ്വര്‍ഗചിത്ര അപ്പച്ചന്‍
Film News
റണ്‍വേയുടെ തമിഴ് റീമേക്ക് വിജയ്‌യെ വെച്ച് ചെയ്യാനിരുന്നതായിരുന്നു, വിജയ്ക്കും സിനിമ ഇഷ്ടമായി പക്ഷേ...: സ്വര്‍ഗചിത്ര അപ്പച്ചന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 13th June 2024, 8:40 pm

മലയാളത്തിന് ഒട്ടനവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നിര്‍മാതാവാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍. തമിഴില്‍ വിജയ്‌യെ നായകനാക്കി മൂന്ന് സിനിമകളും അപ്പച്ചന്‍ നിര്‍മിച്ചു. ഫാസിലിന്റെ ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് ചിത്രം അനിയത്തിപ്രാവിന്റെ തമിഴ് റീമേക്കായ കാതലുക്ക് മര്യാദൈയാണ് വിജയ്‌യെ നായകനാക്കി അപ്പച്ചന്‍ നിര്‍മിച്ച ആദ്യ ചിത്രം.

‘കാതലുക്ക് മര്യാദൈ’ ഹിറ്റായതിന് പിന്നാലെ അപ്പച്ചനോടൊപ്പം വീണ്ടും സിനിമ ചെയ്യണമെന്ന് വിജയ് താത്പര്യം പ്രകടിപ്പിച്ചുവെന്ന് അപ്പച്ചന്‍ പറഞ്ഞു. പിന്നീട് സിദ്ദിഖ് സംവിധാനം ചെയ്ത ഫ്രണ്ട്‌സ് തമിഴില്‍ റീമേക്ക് ചെയ്തപ്പോഴും വിജയ് തന്നെയായിരുന്നു നായകനെന്നും അതിന് ശേഷം റണ്‍വേ തമിഴില്‍ വിജയ്‌യെ വെച്ച് റീമേക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും അപ്പച്ചന്‍ കൂട്ടിച്ചേര്‍ത്തു.

ചെന്നൈയില്‍ വിജയ്‌യുടെ വീട്ടില്‍ ചെന്ന് റണ്‍വേ സിനിമ കാണിച്ചുകൊടുത്തുവെന്നും വിജയ്ക്ക് സിനിമ വളരെ ഇഷ്ടമായെന്നും എന്നാല്‍ താരത്തിന്റെ അച്ഛനും സംവിധായകനുമായ ചന്ദ്രശേഖരന് ഇഷ്ടമാകാത്തത് ആ സിനിമ ഉപേക്ഷിച്ചെന്നും അപ്പച്ചന്‍ കൂട്ടിച്ചേര്‍ത്തു. മണിച്ചിത്രത്താഴിന്റെ 4കെ വേര്‍ഷന്‍ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിലാണ് അപ്പച്ചന്‍ ഇക്കാര്യം പറഞ്ഞത്.

‘ഫ്രണ്ട്‌സ് സിനിമ ഹിറ്റാകുമെന്ന് വിജയ് ഒരിക്കലും വിചാരിച്ചിരുന്നില്ല. ആ സീസണില്‍ വിജയകാന്തിന്റെയും അജിത്തിന്റെയും വലിയ സിനിമകളുടെ കൂടെ ഇറങ്ങിയ ഫ്രണ്ട്‌സ് വിചാരിച്ചതിലും വലിയ ഹിറ്റായി മാറി. അതിന് ശേഷം ഞാന്‍ എപ്പോള്‍ ചോദിച്ചാലും ഒരു സിനിമ കൂടി ചെയ്യാമെന്ന് വിജയ് വാക്കു തന്നു.

റണ്‍വേ സിനിമ ഹിറ്റായപ്പോള്‍ അതിന്റെ തമിഴ് റീമേക്ക് വിജയ്‌യെ വെച്ച് ചെയ്യാമെന്ന് ആലോചിച്ചു. ആ സിനിമയുടെ പ്രിന്റുമായി ഞാന്‍ ചെന്നൈയിലേക്ക് പോയി. വിജയ്‌യെയും ഫാമിലിയെയും സിനിമ കാണിച്ചു. വിജയ്ക്ക് സിനിമ വളരെ ഇഷ്ടപ്പെട്ടു. പുള്ളിയുടെ ഭാര്യക്കും അമ്മക്കും സിനിമ ഇഷ്ടമായി. പക്ഷേ വിജയ്‌യുടെ അച്ഛന്‍ ചന്ദ്രശേഖര്‍ ഈ സിനിമ ചെയ്യണ്ട എന്ന് പറഞ്ഞു. അങ്ങനെ ആ പ്രൊജക്ട് നടക്കാതെ പോയി,’ അപ്പച്ചന്‍ പറഞ്ഞു.

Content Highlight: Producer Swargachithra Appachan saying that he wished to do the Tamil remake of Runway with Vijay