| Thursday, 13th June 2024, 3:33 pm

ആ സിനിമയുടെ കഥ പറയാന്‍ ചെന്നപ്പോള്‍ സൂര്യക്ക് അഭിനയിക്കാനൊന്നുമറിയില്ലെന്ന് അയാളുടെ അച്ഛന്‍ ഞങ്ങളോട് പറഞ്ഞു: സ്വര്‍ഗചിത്ര അപ്പച്ചന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ്, സൂര്യ, രമേശ് ഖന്ന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ദിഖ് സംവിധാനം ചെയ്ത സിനിമയായിരുന്നു ഫ്രണ്ട്‌സ്. 2001ല്‍ പുറത്തിറങ്ങിയ ചിത്രം ആ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളിലൊന്നായി മാറി. വിജയ് എന്ന നടന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായിരുന്നു ഫ്രണ്ട്‌സ്.

ആ സിനിമയിലേക്ക് സൂര്യയെ വിളിക്കാന്‍ ചെന്നപ്പോഴുണ്ടായ അനുഭവം പറയുകയാണ് നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍.വിജയ് തന്റെ കരിയറില്‍ ഉയര്‍ന്നുവരുന്ന സമയമായിരുന്നു അതെന്നും, സൂര്യ താരതമ്യേന പുതുമുഖമായിരുന്നുവെന്നും സ്വര്‍ഗചിത്ര അപ്പച്ചന്‍ പറഞ്ഞു.

കഥ പറയാന്‍ ചെന്ന തങ്ങളോട് സൂര്യയുടെ അച്ഛന്‍ ശിവകുമാര്‍, സൂര്യക്ക് അഭിനയിക്കാനറിയില്ല, വേറെ ഏതെങ്കിലും നല്ല നടനെ നോക്കെന്ന് പറഞ്ഞ് തിരിച്ചയച്ചെന്നു അപ്പച്ചന്‍ കൂട്ടിച്ചേര്‍ത്തു. മണിച്ചിത്രത്താഴിന്റെ 4കെ വെര്‍ഷന്റെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്മീറ്റിലാണ് അപ്പച്ചന്‍ ഇക്കാര്യം പറഞ്ഞത്.

‘കാതലുക്ക് മര്യാദൈ ഹിറ്റായപ്പോള്‍ വിജയ്‌യുടെ കൂടെ ഒരു സിനിമ ചെയ്യണമെന്ന് തോന്നി. അങ്ങനെ ചെയ്ത സിനിമയാണ് ഫ്രണ്ട്‌സ്. സിദ്ദിഖ് തന്നെയാണ് അത് തമിഴില്‍ സംവിധാനം ചെയ്തത്. വിജയ് ആ സമയത്ത് കരിയറില്‍ ഉയര്‍ന്നുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. സൂര്യ താരതമ്യേന പുതുമുഖമായിരുന്നു.

ആ സിനിമയിലേക്ക് സൂര്യയെ വിളിക്കാന്‍ പോയപ്പോള്‍ അയാളുടെ അച്ഛനുമായിട്ടായിരുന്നു സംസാരിച്ചത്.പുള്ളിയുടെ അച്ഛന്‍ ശിവകുമാര്‍ തമിഴിലെ പഴയ നടനാണ് . ഈ സിനിമയുടെ കഥ പറയാന്‍ ചെന്ന സമയത്ത് ശിവകുമാറിന് സൂര്യയെ അഭിനയിക്കാന്‍ വിടാന്‍ താത്പര്യമുണ്ടായിരുന്നില്ല.

‘ഇവന് അഭിനയിക്കാനൊന്നുമറിയില്ല, വേറെ ഏതെങ്കിലും നടനെ നോക്കിക്കോ’ എന്ന് പറഞ്ഞ് ഞങ്ങളെ പറഞ്ഞുവിടാന്‍ നോക്കി. ഞങ്ങള്‍ വീണ്ടും കുറെ നിര്‍ബന്ധിച്ചു. അപ്പോഴൊക്കെ ഇവന് പഠിക്കാനുണ്ട്, ക്രിക്കറ്റിലാണ് അവന് താത്പര്യം എന്നൊക്കെ കുറെ സംസാരിച്ചു. ഞങ്ങളെ ഗെറ്റൗട്ട് അടിച്ചില്ല എന്നേയുള്ളൂ.

സൂര്യയുടെ അമ്മ ആ സമയത്ത് ഇതൊക്കെ കണ്ടുകൊണ്ട് നില്ക്കുന്നുണ്ടായിരുന്നു. സൂര്യക്ക് അഭിനയിക്കാന്‍ ഇഷ്ടമാണെന്ന് അമ്മക്ക് അറിയാം. അങ്ങനെ അമ്മയുടെ നിര്‍ബന്ധം കാരണമാണ് സൂര്യ ആ സിനിമയിലെത്തിയത്. സ്വന്തം അച്ഛന്‍ പോലും അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ സൂര്യ ഇന്ന് എവിടെയെത്തി നില്‍ക്കുന്നെന്ന് നോക്കൂ,’ അപ്പച്ചന്‍ പറഞ്ഞു.

Content Highlight: Producer Swargachithra Appachan about how Suriya became the part of Friends movie

We use cookies to give you the best possible experience. Learn more