മോഹന്‍ലാലുമൊത്തുള്ള രസകരമായ ഒരു അനുഭവം പങ്കുവെക്കുകയാണ് നിര്‍മാതാവ് സുരേഷ് കുമാര്‍. ആറാംതമ്പുരാന്‍ സിനിമയുടെ സ്‌ക്രിപ്റ്റ് വായിക്കാനായി മോഹന്‍ലാലിനേയും കൂട്ടി അര്‍ധരാത്രി തന്റെ വീട്ടിലേക്ക് കാറില്‍ പോകവേ ഉണ്ടായ സംഭവത്തെ കുറിച്ചാണ് അമൃത ടി.വിയുടെ പരിപാടിയില്‍ സുരേഷ് കുമാര്‍ സംസാരിക്കുന്നത്.
സെക്രട്ടറിയേറ്റിന് മുന്‍പില്‍ സമരമിരിക്കുന്ന നഴ്സുമാരുടെ മുന്‍പിലായി വണ്ടി നിര്‍ത്തി മോഹന്‍ലാല്‍ ചോദിച്ച ചോദ്യത്തെ കുറിച്ചും പിന്നീട് തങ്ങളെ അവിടെ നിന്ന് രക്ഷപ്പെടുത്താന്‍ പൊലീസ് ഇടപെടേണ്ടി വന്നതിനെ കുറച്ചുമൊക്കെയാണ് സുരേഷ് കുമാര്‍ പറയുന്നത്. ആറാം തമ്പുരാന്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു സുരേഷ് കുമാറും മോഹന്‍ലാലും.
ഒരു ബന്ദിന്റെ അന്നാണ് നമ്മള്‍ ആറാംതമ്പുരാന്റെ സ്‌ക്രിപ്റ്റ് വായിക്കുന്നത്. എന്റെ വീട്ടില്‍ വെച്ച്. തലേദിവസം രാത്രി നമ്മള്‍ സെക്രട്ടറിയേറ്റിന് മുന്നിലൂടെ കാറില്‍ വരികയാണ്. അന്ന് അവിടെ ഒരു സമരം നടക്കുന്നുണ്ട്. സമരപ്പന്തലിലൂടെയാണ് ഞങ്ങള്‍ കാറില്‍ വരുന്നത്.
അന്ന് എന്റെ വീട്ടില്‍ താമസിച്ച് സ്‌ക്രിപ്റ്റ് വായിക്കാനാണ് ആലോചിച്ചിരുന്നത്. രാത്രി പതിനൊന്ന് പന്ത്രണ്ട് മണിയായിട്ടുണ്ട്. ഞങ്ങള്‍ ഇങ്ങനെ വരുമ്പോള്‍ കുറേ സ്ത്രീകള്‍ അവിടെ ഇങ്ങനെ നിരന്നിരിക്കുന്നുണ്ട്. നഴ്സുമാരുടെ സമരമാണെന്നാണ് തോന്നുന്നത്.
അപ്പോള്‍ ലാല്‍ എന്റെയടുത്ത് കാര്യമെന്താണെന്ന് ചോദിച്ചു. അറിയില്ലെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ നമുക്കൊന്ന് അന്വേഷിച്ചിട്ട് പോകാമെന്നായി ലാല്‍. എന്നോട് വണ്ടി നിര്‍ത്താന്‍ പറഞ്ഞു. നിര്‍ത്തുമേ എന്ന് ഞാനും. ആ എങ്കില്‍ നീ നിര്‍ത്തെന്ന് പറഞ്ഞു. ഞാന്‍ അവിടെ വണ്ടി സൈഡാക്കി. ഇതോടെ ഗ്ലാസ് താഴ്ത്തി ലാല്‍ അവരോട് ‘എന്താണ് എല്ലാരും കൂടി ഇവിടെയിരിക്കുന്നതെന്ന്’ ചോദിച്ചു. (ചിരി)
മോഹന്‍ലാലിനെ കണ്ടതും ഇവരെല്ലാരും കൂടി ലാലിനെ പൊതിഞ്ഞു. പിന്നെ പൊലീസെത്തിയാണ് ഞങ്ങളെ അവിടുന്ന് രക്ഷപ്പെടുത്തിയത്,’ സുരേഷ് കുമാര്‍ പറഞ്ഞു.
ആറാം തമ്പുരാനില്‍ മോഹന്‍ലാലും മഞ്ജു വാര്യരും മത്സരിച്ചാണ് അഭിനയിച്ചതെന്നും നമുക്ക് നേരില്‍ കാണുമ്പോള്‍ മനസിലാവില്ലെന്നും സ്‌ക്രീനില്‍ കാണുമ്പോഴേ മനസിലാകൂ എന്നുമായിരുന്നു സുരേഷ് കുമാര്‍ പറഞ്ഞത്. മത്സരിക്കാതെ അഭിനയിച്ചതുകൊണ്ടാണ് അങ്ങനെ തോന്നുന്നത് എന്നായിരുന്നു ഇതിനോടുള്ള മോഹന്‍ലാലിന്റെ മറുപടി.
‘സുരേഷും ഞാനും സ്‌കൂള്‍ മുതലുള്ള ബന്ധമാണ്. ആദ്യത്തെ സിനിമ മുതലുള്ള ബന്ധമാണ്. ഒരുപാട് ഒരുപാട് സൗഹൃദം, ഒരുപാട് കലഹങ്ങള്‍, അനുഭവങ്ങള്‍, ഓര്‍മകള്‍ എല്ലാം ഉണ്ട്. അദ്ദേഹത്തിന്റെ ഒരുപാട് സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ആറാം തമ്പുരാന്‍ അതില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന ഒരു സിനിമയാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Producer Suresh Kumar share a funny experiance with mohanlal