വലിയ പ്രതിഫലം ചോദിക്കുന്നവരെ ഒഴിവാക്കിക്കൊണ്ട് മലയാള സിനിമ മുന്നോട്ട് പോകുമെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍. ന്യായമായി ചോദിക്കുന്ന പ്രതിഫലം നല്‍കുമെന്നും വലിയ തുകകള്‍ ചോദിക്കുന്നവരെ ഒഴിവാക്കുന്ന നടപടി നാളെയോ മറ്റന്നാളോ ഉണ്ടാകുമെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
പ്രൊഡ്യൂസര്‍ മരം കുലുക്കിയല്ല പണം കൊണ്ടുവരുന്നതെന്ന കാര്യം എല്ലാവരും മനസിലാക്കണമെന്നും നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങില്‍ വെച്ച് സുരേഷ് കുമാര്‍ പറഞ്ഞു.
‘അഭിനേതാക്കളുടെ കോസ്റ്റ് വല്ലാണ്ട് കൂടി പോകുകയാണ്. വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന നിലയിലാണ് അവര്‍ ചോദിക്കുന്ന പ്രതിഫലം. അതൊന്നും കൊടുക്കാന്‍ പറ്റുന്ന രീതിയില്‍ അല്ല മലയാള സിനിമ ഉള്ളത്. അങ്ങനെ ഉള്ളവരെ ഒഴിവാക്കി കൊണ്ടുള്ള സിനിമകളാകും ഇനി വരാന്‍ പോകുന്നത്.
അങ്ങനെ വലിയ തുകകള്‍ ചോദിക്കുന്നവരെ ഒഴിവാക്കുന്ന നടപടി നാളയോ മറ്റന്നാളോ ഉണ്ടാകും. ഇത്ര ബജറ്റില്‍ കൂടുതലുള്ള ആളുകളെ ഒഴിവാക്കും. ഇതെല്ലാവര്‍ക്കും മുന്നറിയിപ്പായാണ് ഇപ്പോള്‍ പറയുന്നത്. ചോദിക്കുന്നത് ന്യായമായി ചോദിക്കാം. അന്യായമായി ചോദിക്കരുത്. വല്ലാത്തൊരു പോക്കാണത്.ഇതെല്ലാവര്‍ക്കും മുന്നറിയിപ്പാണ്.
തിയേറ്ററില്‍ കളക്ഷനില്ല, ആളില്ല. 15 ആള്‍ക്കാര്‍ ഉണ്ടെങ്കിലേ ഷോ തുടങ്ങുകയുള്ളൂ. അത്രയും പേര്‍ക്ക് വേണ്ടി തിയേറ്ററുകാര്‍ കാത്തിരിക്കുകയാണ്. പല സ്ഥലത്തും ഷോ നടക്കുന്നില്ല. നിര്‍മാതാക്കള്‍ മാത്രമല്ല, എല്ലാവരും ഇക്കാര്യം മനസിലാക്കണം.
പ്രൊഡ്യൂസര്‍ മരം കുലുക്കിയല്ല പണം കൊണ്ടുവരുന്നത്. നോട്ടടിച്ചല്ല കൊണ്ട് വരുന്നത്. അതെല്ലാവരും മനസിലാക്കണം. ആരെ വെച്ചായാലും സിനിമ ചെയ്യാം. സിനിമക്ക് കണ്ടന്റാണ് പ്രധാനം. കണ്ടന്റ് നല്ലതാണെങ്കില്‍ സിനിമ ഓടും. അത് ഹിറ്റാകും. ആളുകള്‍ കാണും അഭിനന്ദിക്കും. ഇവിടെയിനി വലിയ രീതിയില്‍ കാശ് വാങ്ങിക്കുന്നവര്‍ വീട്ടില്‍ ഇരിക്കുന്ന രീതിയിലേക്കാകും പോകുന്നത്. ഇതൊരു മുന്നറിയിപ്പ് കൂടിയാണ്’, സുരേഷ് കുമാര്‍ പറഞ്ഞു.
Content Highlight: Producer Suresh Kumar says that Malayalam cinema will move forward by avoiding those who ask for huge remuneration