Advertisement
Film News
ആന്റണി മലയാള സിനിമയുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗം, ഫിയോക്കില്‍ നിന്നും പുറത്ത് പോകാന്‍ സമ്മതിക്കില്ല: സുരേഷ് കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Apr 03, 07:54 am
Sunday, 3rd April 2022, 1:24 pm

തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്നും മാറ്റിനിര്‍ത്തേണ്ട ആളല്ല ആന്റണി പെരുമ്പാവൂരെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍. മോഹന്‍ലാലിനെ വെച്ച് മുപ്പതോളം സിനിമകള്‍ തിയേറ്ററില്‍ കൊണ്ടുവന്ന വ്യക്തിയാണ് ആന്റണിയെന്നും തിയേറ്റര്‍കാര്‍ക്ക് ആന്റണി പെരുമ്പാവൂരിനെ കൊണ്ട് എന്തെല്ലാം ബെനെഫിറ്റ് ഉണ്ടായിട്ടുണ്ടെന്ന് ആലോചിക്കണമെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

ആന്റണി മലയാള സിനിമയുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണെന്നും ഫിയോക്കില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കാന്‍ താന്‍ സമ്മതിക്കില്ല എന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ടര്‍ ടി.വിയോടായിരുന്നു സുരേഷ് കുമാറിന്റെ പ്രതികരണം. ആന്റണി പെരുമ്പാവൂരും ഫിയോക്കും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെയാണ് സുരേഷിന്റെ പ്രതികരണം.

‘ആന്റണി പെരുമ്പാവര്‍ മാറ്റിനിര്‍ത്തപ്പെടേണ്ട ഒരാളല്ല. ആന്റണി പെരുമ്പാവൂര്‍ മലയാളത്തിന് നല്‍കിയ സിനിമകളെകുറിച്ച് ആദ്യം അവര്‍ മനസിലാക്കണം. മോഹന്‍ലാലിനെ വെച്ച് മുപ്പതോളം സിനിമകള്‍ തിയേറ്ററില്‍ കൊണ്ടുവന്ന വ്യക്തിയാണ് ആന്റണി. മലയാള സിനിമയുടെ ചരിത്രത്തിലാര്‍ക്കും ചെയ്യാന്‍ പറ്റാത്ത കാര്യമാണ് ചെയ്തത്.

ആ സിനിമകളില്‍ നിന്നും എത്ര കോടി കളക്ഷന്‍ കിട്ടിയെന്നും ആലോചിക്കണം. തിയേറ്റര്‍കാര്‍ക്ക് ആന്റണി പെരുമ്പാവൂരിനെ കൊണ്ട് എന്തെല്ലാം ബെനെഫിറ്റ് ഉണ്ടായിട്ടുണ്ടെന്ന് ആലോചിക്കണം. അദ്ദേഹം പ്രൊഡ്യൂസര്‍ മാത്രമല്ല. ഡിസ്ട്രിബ്യുട്ടറാണ്. പത്തിരുപത്താറ് തിയേറ്ററിന്റെ ഉടമസ്ഥനാണ്. പുള്ളിക്ക് തന്നെ സ്വന്തമായി അസോസിയേഷന്‍ തുടങ്ങാനുള്ള തിയേറ്ററുകളുണ്ട്. അങ്ങനെയുള്ള ഒരാളെ ഒരിക്കലും മാറ്റിനിര്‍ത്താനാവില്ല.
നമ്മുടെ ഒപ്പം കൂട്ടികൊണ്ട് പോവേണ്ട ആളാണ്. അത് എല്ലാവരും മനസിലാക്കണം,’ സുരേഷ് പറഞ്ഞു.

‘ആന്റണിയെ അതിനികത്തു നിന്നും പുറത്താക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെ ചെയ്യാനും പറ്റില്ല. ആന്റണി മലയാള സിനിമയുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്. അദ്ദേഹത്തെ കൂടെ കൂട്ടി കൊണ്ടുപോകണം. ആന്റണിയുമായി പേഴ്‌സണലായി സംസാരിച്ചപ്പോള്‍ ഇതില്‍ നിന്നും പോകരുത് എന്നാണ് പറഞ്ഞത്. ആന്റണി മാറി നില്‍ക്കുന്നത് എനിക്ക് വിഷമുണ്ടാക്കും. ഞാന്‍ സമ്മതിക്കില്ല. അതിനെ പറ്റി ഫിയോക്കുമായി സംസാരിക്കും,’ സുരേഷ് കൂട്ടിച്ചേര്‍ത്തു.

ചെയര്‍മാനായ ദിലീപ് വൈസ് ചെയര്‍മാനായ ആന്റണി പെരുമ്പാവൂര്‍ എന്നിവരുമായി ചില പ്രവര്‍ത്തകര്‍ക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. വാര്‍ഷിക യോഗം ചേരാനിരിക്കെ അടുത്തിടെയാണ് അഭിപ്രായവ്യത്യാസം മറനീക്കിയത്.

ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ആജീവനാന്തം ഇരുവര്‍ക്കുമായി നല്‍കേണ്ടതില്ലെന്ന അഭിപ്രായമുയര്‍ന്നിരുന്നു. ഭരണഘടന തന്നെ മാറ്റിയെഴുതാനും നീക്കം നടക്കുകയുമാണ്.

നേരത്തെ ചെയര്‍മാനായ ദിലിപ് മുഖേന സംഘടനയ്ക്ക് ആന്റണി പെരുമ്പാവൂര്‍ രാജി നല്‍കിയിരുന്നെങ്കിലും അതേകുറിച്ച് അറിവില്ലെന്നാണ് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍, പുതിയ ഭാരവാഹികള്‍ വരുക എന്നത് സ്വാഗതാര്‍ഹമായ കാര്യമാണെന്ന് ആന്റണി പെരുമ്പാവൂര്‍ പ്രതികരിച്ചു.

Content Highlight: Producer Suresh Kumar says Antony Perumbavoor should not be left out of Feouk