| Friday, 3rd November 2023, 12:23 pm

മലയാളത്തിലെ ഒരു സിനിമയും 100 കോടി കളക്ട് ചെയ്തിട്ടില്ല: സുരേഷ് കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ഒരു സിനിമയും 100 കോടി കളക്ട് ചെയ്തിട്ടില്ലെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍. പുറത്ത് വിടുന്നത് ഗ്രോസ് കളക്ഷനാണെന്നും അദ്ദേഹം പറഞ്ഞു. ഒരു പടം ഹിറ്റായാല്‍ താരങ്ങള്‍ കോടികളാണ് വര്‍ധിപ്പിക്കുന്നതെന്നും കൈ വിട്ട കളിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘എണ്‍പതുകളിലെ മലയാള സിനിമ’ എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു സുരേഷ് കുമാര്‍. സംവിധായകന്‍ കമലും നിര്‍മാതാവും നടനുമായ മണിയന്‍പിള്ള രാജുവും അദ്ദേഹത്തിനൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു.

‘ഒരു പടം ഹിറ്റായാല്‍ കോടികള്‍ കൂട്ടുകയാണ്. 100 കോടി ക്ലബ്ബെന്നും 500 കോടി ക്ലബ്ബെന്നും കേള്‍ക്കുന്നുണ്ട്. ഇത് കുറച്ചൊക്കെ ശരിയാണ്. മലയാളത്തിലെ ഒരു സിനിമയും 100 കോടി കളക്ട് ചെയ്തിട്ടില്ല. കളക്ട് ചെയ്തു എന്ന് പറയുന്നത് ഗ്രോസ് കളക്ഷനാണ്. കൈവിട്ട കളിയാണ് ഇപ്പോള്‍ നടക്കുന്നത്,’ സുരേഷ് കുമാര്‍ പറഞ്ഞു.

ഇപ്പോഴത്തെ നായക സങ്കല്‍പം വയലന്‍സിലേക്ക് മാറിയെന്നും പുതിയ തലമുറ ഇത്തരം മനോഭാവത്തിലേക്ക് മാറുന്നത് ഗുണം ചെയ്യില്ലെന്നും കമല്‍ പറഞ്ഞു.

‘എല്ലാത്തിനേയും നിഗ്രഹിക്കുക. തല വെട്ടുക, ചോര തെറിപ്പിക്കുക എന്ന നിലയിലേക്ക് നായക സങ്കല്‍പം മാറിയിട്ടുണ്ട്. അതുകൊണ്ടാണ് രജിനികാന്തും വിജയ്‌യും മമ്മൂട്ടിയുമടക്കം അങ്ങനത്തെ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്. വയലന്‍സിനെ ഇഷ്ടപ്പെടുന്ന ഒരു പുതിയ തലമുറ വളര്‍ന്ന് വരുന്നുണ്ട്.

എത്രമാത്രം സമൂഹത്തില്‍ നിന്നും ഉള്‍ക്കൊണ്ടിട്ടാണ് ഈ തലമുറ സിനിമയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് എന്ന് നമുക്ക് അറിയില്ല. ഇത്തരം മനോഭാവം സിനിമക്ക് ഗുണകരമല്ല. എഴുപതുകള്‍ തൊട്ട് എല്ലാ കാലത്തും ന്യൂ ജനറേഷന്‍ സിനിമകള്‍ ഉണ്ടായിട്ടുണ്ട്. ഓരോ 25 വര്‍ഷങ്ങള്‍ കഴിയുമ്പോഴും സിനിമയില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാവാറുണ്ട്,’ കമല്‍ പറഞ്ഞു.

Content Highlight: Producer Suresh Kumar said that no movie in Malayalam has collected 100 crores

We use cookies to give you the best possible experience. Learn more