ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗത്തിനും അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ആ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ് ഇപ്പോള്‍. കൂടുതല്‍ താരങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഫിലിം ചേമ്പര്‍ പ്രസിഡന്റ് സുരേഷ് കുമാര്‍. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇങ്ങനെയുള്ള പ്രവണതകള്‍ ഇനിയും വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെയാണ് കര്‍ശനമായ തീരുമാനങ്ങളെടുത്തത്. ശക്തമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകുകയാണ്. കുറച്ച് കാലം മാറി നില്‍ക്കട്ടെ, എന്നിട്ട് കാര്യങ്ങളൊക്കെ ശരിയാകുകയാണെങ്കില്‍ അവര്‍ വന്നോട്ടെ. നമുക്ക് അതില്‍ പ്രശ്‌നമൊന്നുമില്ല. പക്ഷെ തത്ക്കാലം അത് ശരിയാകില്ല.
കാരണം സഹിക്കാവുന്നതിലും അപ്പുറമായി മാറുമ്പോള്‍ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. ലഹരി ഉപയോഗിക്കുന്ന പ്രശ്‌നക്കാരായിട്ടുള്ള ഒരുപാട് ആള്‍ക്കാര്‍ സിനിമയിലുണ്ട്. അവരെയൊക്കെ സൈഡ്‌ലൈന്‍ ചെയ്യാനുള്ള പരിപാടിയാണ് നമ്മള്‍ ആലോചിക്കുന്നത്. അങ്ങനെയുള്ളവരെ മലയാള സിനിമക്ക് എന്തിനാ. രാവിലെ വന്ന് കാരവാനില്‍ കയറിയിരുന്ന് ലഹരി ഉപയോഗിച്ചിട്ട് സിനിമ ചെയ്യുക എന്നുപറയുന്നത് ശരിയായ രീതിയല്ല.
ഷൂട്ട് കഴിഞ്ഞിട്ട് അവര്‍ എവിടെ വേണമെങ്കിലും ചെയ്‌തോട്ടേ അവരുടെ ഇഷ്ടം. അല്ലാതെ സെറ്റില്‍ വന്നിട്ട് അതൊക്കെ ചെയ്യുന്നത് ശരിയല്ല. ഒരു അച്ചടക്കമില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ല. നല്ല അച്ചടക്കമുണ്ടായിരുന്ന ഒരു സമൂഹമായിരുന്നു സിനിമ. ഒരു പ്രശ്‌നവുമില്ലാതെ മുന്നോട്ട് പോയിക്കൊണ്ടിരുന്നതാണ്.
ഈ പുതിയ തലമുറയില്‍ പെട്ടവരുടെ രീതിയൊക്കെ വേറെയാണ്. ആരോടും ബഹുമാനമില്ല, ആരോടും സംസാരിക്കില്ല. അതൊക്കെ പിന്നെ അവരുടെ ഇഷ്ടം. ബഹുമാനിക്കണോ വേണ്ടയോ എന്നതൊന്നും വിഷയമില്ല. പക്ഷെ ഇങ്ങനത്തെ പ്രവണതകള്‍ അനുവദിക്കാന്‍ കഴിയില്ല. സമയത്ത് സെറ്റില്‍ വരണം.
സിനിമക്ക് വേണ്ടി കാശ് മുടക്കുന്നത് ഒരു നിര്‍മാതാവാണ്. ഇപ്പോള്‍ പല താരങ്ങളും നിര്‍മാതാവിനെ എങ്ങനെ കുഴക്കാമെന്ന ചിന്തയിലാണ്. എല്ലാവരും അങ്ങനെയാണെന്ന് ഞാന്‍ പറയില്ല. മര്യാദക്കാരായിട്ടുള്ള ഒരുപാട് ആളുകള്‍ പുതിയ തലമുറയിലുണ്ട്,’ സുരേഷ് കുമാര്‍ പറഞ്ഞു.