ഒരു നടനെന്നതിലുപരി നല്ലൊരു മനുഷ്യനായിരുന്നു മാമുക്കോയയെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍. എല്ലാവരോടും സ്‌നേഹത്തോടെയും സാഹോദര്യത്തോടെയും പെരുമാറുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും ഒരിക്കലും ശമ്പളത്തിന് വേണ്ടി ബഹളമുണ്ടാക്കിട്ടില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
”മാമുക്കോയയുമായി കുറേ വര്‍ഷങ്ങളുടെ പരിചയമുണ്ട്. ഞാനൊക്കെ വന്നതിന് ശേഷമാണ് അദ്ദേഹം സിനിമ ഇന്‍ഡസ്ട്രിയില്‍ വരുന്നത്. അന്നുമുതല്‍ ഭയങ്കര ബിസിയായിട്ടുള്ള ആര്‍ട്ടിസ്റ്റായിരുന്നു അദ്ദേഹം.
ഒരു നടന് അപ്പുറത്തേക്ക് അദ്ദേഹം നല്ലൊരു മനുഷ്യനാണ്. എല്ലാവരോടും ഭയങ്കര സ്‌നേഹത്തോടെയും സഹോദര്യത്തോടെയും പെരുമാറുന്ന മനുഷ്യനായിരുന്നു. എല്ലാവരെയും ഒരുമിച്ച് നിര്‍ത്താന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്. അത് വലിയൊരു ക്വാളിറ്റിയായിരുന്നു.
ഒരിക്കലും ശമ്പളത്തിന് വേണ്ടി ബഹളമുണ്ടാക്കുകയോ ഒന്നുമുണ്ടായിട്ടില്ല. എന്താണ് വേണ്ടതെന്ന് ചോദിച്ചാല്‍ അത് നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് തന്നാല്‍ മതിയെന്നാണ് പറയുക.
ഫുട്‌ബോള്‍ ഉദ്ഘാടനത്തിന് പോയപ്പോള്‍ പെട്ടെന്നാണ് അദ്ദേഹത്തിന് ഹൃദയഘാതമുണ്ടായത്. ഇത്ര പെട്ടെന്ന് അദ്ദേഹം നമ്മളെ വിട്ട് പിരിയുമെന്ന് കരുതിയിരുന്നില്ല.
മലയാള സിനിമയില്‍ നമുക്ക് അത്രയും അടുപ്പമുള്ള വ്യക്തികളായിരുന്നു ഇന്നസെന്റും മാമൂക്കോയയും നെടുമുടി വേണുവും സുകുമാരി ചേച്ചിയും. അവരെ പോലെ പടങ്ങളില്‍ അഭിനയിച്ച് നമ്മളുമായിട്ട് അത്രയും ആത്മബന്ധമുള്ള ഒത്തിരി പേര് വിട്ട് പോകുന്നത് വല്ലാത്തൊരു സങ്കടമാണ്,” സുരേഷ് കുമാര്‍ പറഞ്ഞു.
പതിറ്റാണ്ടോളം മലയാളികളെ ചിരിപ്പിച്ച മഹാനടന്റെ വേര്‍പാടില്‍ നിരവധി താരങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരുമാണ് അനുശോചനം അറിയിച്ചുകൊണ്ടെത്തുന്നത്. അദ്ദേഹത്തിന്റെ വേര്‍പാട് വലിയ വേദനയാണ് മലയാള സിനിമാ താരങ്ങളില്‍ ഉണ്ടാക്കിയിരിക്കുന്നത്.
content highlight: producer suresh kumar about mamukkoya