സിനിമയില്‍ ഒരു താല്‍പര്യവുമില്ലാത്ത മനുഷ്യനായിരുന്നു പ്രണവ് മോഹന്‍ലാലെന്ന് പറയുകയാണ് നിര്‍മാതാവ് സുരേഷ് കൃഷ്ണന്‍. അങ്ങനെ താല്‍പര്യമില്ലാതിരുന്ന പ്രണവ് കുഞ്ഞാലിമരക്കാറിലും ഹൃദയത്തിലും മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും സുരേഷ് പറഞ്ഞു.
പ്രണവ് പ്ലസ് ടുവില്‍ പഠിക്കുമ്പോള്‍ അദ്ദേഹത്തിന്റെ നാടകം കണ്ട് പ്രിയദര്‍ശന്‍ പറഞ്ഞ അഭിപ്രായവും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെച്ച് സുരേഷ് പങ്കുവെച്ചു.
‘ലാലേട്ടന്റെ മകന്‍ അപ്പു സിനിമയില്‍ ഒരു താല്‍പര്യവും ഇല്ലാത്ത ആളാണ്. അവനെ നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചതാണ്. കുഞ്ഞാലിമരക്കാറിലെ ആദ്യത്തെ 45 മിനിട്ട് അവന്‍ മികച്ച് നിന്നിട്ടുണ്ട്. ഹൃദയത്തിലും എന്ത് നന്നായിട്ടാണ് ചെയ്തിട്ടുള്ളത്. പക്ഷേ സിനിമയില്‍ ഒരു താല്‍പര്യവുമില്ലാത്ത മനുഷ്യനായിരുന്നു.
അപ്പു പ്ലസ് ടുവില്‍ പഠിക്കുമ്പോള്‍ പ്രിയന്‍ ചേട്ടന്‍ മദ്രാസില്‍ വെച്ച് എന്നോട് പറഞ്ഞത് ഇന്നും എനിക്ക് ഓര്‍മയുണ്ട്. പ്രിയന്‍ ചേട്ടന്‍ അവന്റെ ഒരു നാടകം കാണാന്‍ വേണ്ടി പോയി. അവന്റെ സ്‌കൂളില്‍ വെച്ച് നടന്ന ഇംഗ്ലീഷ് നാടകമായിരുന്നു. ലാലേട്ടനും പ്രിയന്‍ ചേട്ടനും കൂടെയാണ് പോയത്.
അവര്‍ തിരിച്ച് വന്നപ്പോള്‍ അപ്പുവിന്റെ നാടകം എങ്ങനെയുണ്ടെന്ന് ഞാന്‍ പ്രിയന്‍ ചേട്ടനോട് ചോദിച്ചു. എടാ ഇവന്റെ തന്ത ഒന്നുമല്ല, അതിനെക്കാള്‍ ഉഗ്രനായിട്ടാണ് ഇവന്‍ ചെയ്യുന്നത് എന്നാണ് പ്രിയന്‍ ചേട്ടന്‍ പറഞ്ഞത്.
ആ വാക്കുകള്‍ ഇന്നും എന്റെ മനസില്‍ കിടപ്പുണ്ട്. ലാലേട്ടനെക്കാളും മികച്ച് നില്‍ക്കുമെന്നാണ് അന്ന് പ്രിയന്‍ ചേട്ടന്‍ പറഞ്ഞത്. അതുകൊണ്ട് അപ്പുവിനെക്കുറിച്ച് നമുക്ക് സംശയമില്ല.’ സുരേഷ് കൃഷ്ണന്‍ പറഞ്ഞു.
Content Highlight: producer suresh krishnan about pranav mohanlal