മിന്നല്‍ മുരളിയില്‍ അഭിനയിക്കാന്‍ വിജയ് സേതുപതിയെ തങ്ങള്‍ സമീപിച്ചിരുന്നുവെന്ന് നിര്‍മാതാവ് സോഫിയ പോള്‍. വിജയ് സേതുപതിക്ക് ചിത്രത്തിലെ വില്ലന്‍ റോളില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടായിരുന്നെന്നും എന്നാല്‍ അപ്പോഴേക്കും തങ്ങള്‍ ഗുരു സോമസുന്ദരത്തെ ആ കഥാപാത്രത്തിലേക്ക് ഫൈനലൈസ് ചെയ്തിരുന്നുവെന്നും സോഫിയ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രെസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘വില്ലന്‍ റോളിലേക്ക് ആദ്യം നിരവധി നായകനടന്മാരെ പരിഗണിച്ചിരുന്നു. ടൊവിനോയുടെ അച്ഛനായി അഭിനയിക്കാന്‍ വിജയ് സേതുപതിയെ സമീപിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് കൂടുതല്‍ താല്‍പര്യം വില്ലന്റെ റോളായിരുന്നു. എന്നാല്‍ അപ്പോഴേക്കും വില്ലന്റെ റോളിലേക്ക് ഞങ്ങള്‍ ഗുരു സോമസുന്ദരത്തെ ഫൈനലൈസ് ചെയ്തിരുന്നു.
ഗുരു സോമസുന്ദരം ഒരു മികച്ച നടനാണ്. മലയാളം പഠിക്കുന്നതുള്‍പ്പെടെ സിനിമയ്ക്ക് വേണ്ടി അദ്ദേഹം കഠിനാധ്വാനം ചെയ്തു. ആദ്യ ദിവസം ഞാന്‍ സെറ്റില്‍ പോയപ്പോള്‍ കഥാപാത്രത്തിന്റെ വേഷത്തില്‍ നിന്ന ഗുരു സോമസുന്ദരത്തെ എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അദ്ദേഹം മലയാളത്തില്‍ സംസാരിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി,’ സോഫിയ പറഞ്ഞു.
മിന്നല്‍ മുരളി ഒ.ടി.ടി. റിലീസ് ചെയ്തതിനെ പറ്റിയും സോഫിയ സംസാരിച്ചു. ‘മിന്നല്‍ മുരളി ഒ.ടി.ടിയിലേക്ക് കൊടുക്കുന്നതിന് മുമ്പ് ബേസിലും ടൊവിനോയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഏതൊരു നടനും സംവിധായകനും തിയേറ്ററില്‍ നിന്ന് ലഭിക്കുന്ന കയ്യടി എപ്പോഴും വിലമതിക്കുന്ന ഒന്നാണ്. എങ്കിലും സിനിമ നെറ്റ്ഫ്‌ളിക്‌സ് റിലീസ് ചെയ്യുന്നതില്‍ അവര്‍ക്ക് നിരാശയില്ലായിരുന്നു.
സത്യം പറഞ്ഞാല്‍ നെറ്റ്ഫ്‌ളിക്‌സ് ഞങ്ങളുടെ സിനിമയെ ട്രീറ്റ് ചെയ്ത രീതിയില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്. വേള്‍ഡ് ക്ലാസ് ട്രീറ്റ്‌മെന്റാണ് മിന്നല്‍ മുരളിക്ക് ലഭിച്ചത്. ഇത്രയും വലിയ പ്രൊമോഷന്‍ ലഭിച്ച ഒരു മലയാള സിനിമയുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ബേസിലിന് ഏഷ്യന്‍ അക്കാദമി അവാര്‍ഡ് ലഭിക്കുന്നതില്‍ അതിന് പങ്കുണ്ട് എന്ന് ഞാന്‍ കരുതുന്നു. മലയാളത്തില്‍ നിന്ന് ആദ്യമായി അങ്ങനെ അവാര്‍ഡ് നേടിയ വ്യക്തിയാണ് ബേസില്‍.