പഞ്ചാരിമേളവും ഇലഞ്ഞിത്തറമേളവും പഞ്ചവാദ്യവും സോണി ഗ്രൂപ്പിന് വിറ്റു; നിര്‍മ്മാതാവിന്റെ നടപടിക്കെതിരെ റസൂല്‍ പൂക്കുട്ടിയും പൂരപ്രേമികളും
Kerala News
പഞ്ചാരിമേളവും ഇലഞ്ഞിത്തറമേളവും പഞ്ചവാദ്യവും സോണി ഗ്രൂപ്പിന് വിറ്റു; നിര്‍മ്മാതാവിന്റെ നടപടിക്കെതിരെ റസൂല്‍ പൂക്കുട്ടിയും പൂരപ്രേമികളും
അശ്വിന്‍ രാജ്
Wednesday, 15th May 2019, 10:37 am

തൃശ്ശൂര്‍: കേരളത്തിന്റെ പാരമ്പര്യ വാദ്യകലകളായ ഇലഞ്ഞിത്തറ മേളം, പാഞ്ചാരി മേളം, പഞ്ചവാദ്യവും സോണി ഗ്രൂപ്പിന് വിറ്റു. ഇനിമുതല്‍ ഈ മേളങ്ങളുടെ ഓണ്‍ലൈന്‍ റൈറ്റ് സോണി ഗ്രൂപ്പിന് മാത്രം അവകശപ്പെട്ടതായിരിക്കും.

ഓസ്‌ക്കാര്‍ പുരസ്‌ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടി അഭിനയിച്ച പുതിയ സിനിമയായ ‘ദി സൗണ്ട് സ്റ്റോറി’യിലൂടെയാണ് മേളങ്ങളുടെ ഓഡിയോ റൈറ്റ് സോണി ഗ്രൂപ്പിന് പോയിരിക്കുന്നത്.

റസൂല്‍ പൂക്കുട്ടി നായകനായ ചിത്രത്തിന് വേണ്ടി ഇലഞ്ഞിത്തറ മേളം, പഞ്ചാരി മേളം, പഞ്ചവാദ്യം എന്നിവ റെക്കോര്‍ഡ് ചെയ്തിരുന്നു. ഈ മേളങ്ങള്‍ ചിത്രത്തിന്റെ മറ്റ് ഗാനങ്ങളുടെ കൂടെ ഓഡിയോ ആയി സോണി ഗ്രൂപ്പിന് റൈറ്റ് ചിത്രത്തിന്റെ ചിത്രത്തിന്റെ നിര്‍മ്മാതാവ് പ്രശാന്ത് പ്രഭാകറും പാംസ്റ്റോണ്‍ മീഡിയയും വില്‍ക്കുകയായിരുന്നു. ഇതോടെ ഫേസ്ബുക്ക്, യൂട്യൂബ് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമില്‍ മേളങ്ങളുടെ വീഡിയോ പങ്കുവെയ്ക്കാന്‍ സാധിക്കാതെയായി. മേളങ്ങള്‍ പോസ്റ്റ് ചെയ്താല്‍ കോപ്പി റൈറ്റ് വയലേഷന്‍ എന്നുകാണിച്ച് സോണി ഗ്രൂപ്പില്‍ നിന്ന് മുന്നറിയിപ്പ് വന്നതോടെയാണ് ഈക്കാര്യം ആളുകള്‍ ശ്രദ്ധിച്ച് തുടങ്ങുന്നത്.

ഇതോടെ പൂരങ്ങളും മേളങ്ങളും വീഡിയോ ആയി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന പേജുകള്‍ക്കും പ്രൊഫൈലുകള്‍ക്കും പണികിട്ടിക്കൊണ്ടിരിക്കുകയാണ്. തൃശ്ശൂര്‍ പൂരത്തിന്റെ മേളങ്ങളുടെ വീഡിയോയ്ക്ക് മാത്രമല്ല. മറ്റ് സ്ഥലങ്ങളിലെ മേളങ്ങള്‍ക്കും സമാനമായ അനുഭവം ഉണ്ടാകുന്നുണ്ടെന്ന്് തൃശ്ശൂരിലെ എ.ആര്‍.എന്‍ മീഡിയ ഉടമസ്ഥനായ വിനു മോഹന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഫേസ്ബുക്കില്‍ വന്ന കോപ്പി റെെറ്റ് മെസേജ്

നേരത്തെ പെരുവനം ആറാട്ടുപുഴ പൂരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമില്‍ പോസ്റ്റ് ചെയ്തപ്പോള്‍ സമാനമായ അനുഭവം ഉണ്ടായെന്ന് വിനു പറഞ്ഞു. ലൈവ് ആയി ഇടുന്ന വീഡിയോ പോലും ഇടയ്ക്ക് വെച്ച് നിന്നുപോകുകയാണ്. നിലവില്‍ കോപ്പി റൈറ്റ് ഇഷ്യു വരുന്നതോട് കൂടി വീഡിയോയിലൂടെ വരുന്ന വരുമാനം പോലും ഇല്ലാതെയാവുകയാണെന്നും നമ്മുടെ സ്വന്തം പൂരം എങ്ങിനെയാണ് കോപ്പി റൈറ്റ് ആവുന്നതെന്നും വിനു ചോദിക്കുന്നു.

ഇതിനെതിരെ ചിത്രത്തിലെ നായകനായ റസൂല്‍ പൂക്കുട്ടിയടക്കമുള്ളവര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ തൃശ്ശൂര്‍ പൂരത്തിന്റെ കോപ്പിറൈറ്റ് അവകാശവുമായി ബന്ധപ്പെട്ട വിവാദത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് റസൂല്‍ പൂക്കുട്ടിയുടെ പ്രതികരണം. ‘ഈ ആരോപണത്തില്‍ യാതൊരു വാസ്തവവുമില്ല. ഞാന്‍ ഒരു ഓഡിയോയും വീഡിയോയും സോണിക്ക് വിറ്റിട്ടില്ല. അവരുമായി ഒരു ക്രിയവിക്രയത്തിന്റെയും ഭാഗമായിട്ടില്ല. തൃശ്ശൂര്‍ പൂരത്തിന്റെ ഓഡിയോ ഞാന്‍ റെക്കോര്‍ഡ് ചെയ്തത് ആര്‍ക്കൈവ് ആയിട്ടാണ്. സൗണ്ട് സ്റ്റോറിയുമായി ബന്ധപ്പെട്ട വീഡിയോ ആണ് ഉദ്ദേശിക്കുന്നതില്‍ അതില്‍ എനിക്ക് പങ്കില്ല. അത് പ്രശാന്ത് പ്രഭാകറും പാംസ്റ്റോണ്‍ മീഡിയയുമാണ് നിര്‍മ്മിച്ചത്. അതിന്റെ വിതരണാവകാശം മാത്രമാണ് സോണിക്ക് നല്‍കിയതെന്നാണ് എന്റെ അറിവ്. അല്ലാതെ ഐപിആറോ, കോപ്പിറൈറ്റ് ലഭിക്കുന്ന തരത്തിലുള്ള എന്തെങ്കിലുമോ അവര്‍ക്ക് ലഭിച്ചിട്ടുള്ളതായി ഞാന്‍ കരുതുന്നില്ല. അതില്‍ എനിക്ക് പങ്കില്ലെന്നും റസൂല്‍ പൂക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

‘വില്‍ക്കാന്‍ തൃശ്ശൂര്‍ പൂരം എന്റെ തറവാട് സ്വത്തല്ല. തൃശ്ശൂര്‍ പൂരം കേരള സംസ്‌കാരത്തിന്റെ ഭാഗമാണ്. അത് എല്ലാവരുടേതുമാണ്. അതില്‍ ഏതെങ്കിലും കമ്പനിക്ക് മാത്രമായി കോപ്പിറൈറ്റ് അവകാശം എടുക്കാനാവില്ല. ഇനി അഥവാ അങ്ങിനെയെടുത്തിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. ഞാനതിനെ അനുകൂലിക്കുന്നില്ലെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.

നമ്മുടെ പാരമ്പര്യകലകള്‍ എങ്ങിനെയാണ് കോപ്പി റൈറ്റ് എടുത്ത് ഒരു കമ്പനി കൊണ്ടു പോകുകയെന്ന സ്ഥിരമായി പൂരങ്ങള്‍ക്ക് പോകുന്ന പാലക്കാട് സ്വദേശിയായ ജീസണ്‍ ഡൂള്‍ന്യൂസിനോട് ചോദിച്ചു. ‘സ്ഥിരമായി തൃശ്ശൂര്‍ പൂരത്തിന് പോകുന്നയാളാണ് ഞാന്‍. മേളങ്ങളും വെടിക്കെട്ടും എല്ലാമായി ഏറെ ആസ്വദിക്കുന്നത്. ജാതി മത ഭേദമില്ലാതെ ഞങ്ങള്‍ പൂരത്തിന് പോകാറുണ്ട്. അങ്ങിനെയുള്ള നമ്മളുടെ പൂരത്തിന്റെ മേളത്തിന്റെ റൈറ്റ് മറ്റൊരാള്‍ കൊണ്ടുപോകുക എന്ന പറഞ്ഞാല്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ഇങ്ങിനെയാണെങ്കില്‍ നമ്മുടെ മേളങ്ങളും പാട്ടുകളും നാടന്‍ പാട്ടുകളും എല്ലാം ആരെങ്കിലും റെക്കോര്‍ഡ് ചെയ്ത് കൊണ്ടുപോയാല്‍ പിന്നെ അവരുടേത് ആവില്ലെ. ജീസണ്‍ ചോദിക്കുന്നു.

സിനിമ സംഗീതം കോപ്പിറൈറ്റ് ആയാല്‍ പിന്നീട് ആ സിനിമയുമായി ബന്ധപ്പെട്ടവര്‍ക്ക് പോലും സോഷ്യല്‍ മീഡിയയില്‍ ആ സംഗീതം ഉപയോഗിക്കാന്‍ ബുദ്ധിമുട്ടായിരിക്കും എന്ന് ബ്രാന്റ് പ്രെമോട്ടറും നിരവധി സിനിമകളുടെ സോഷ്യല്‍ മീഡിയ മാനേജറുമായ സംഗീത ജനാര്‍ദ്ദനന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഈ കോപ്പി റൈറ്റ് എന്ന് ഘടകം ഒരേസമയം ഗുണവും ദോഷവും ഉണ്ടാക്കുന്നുണ്ട്. സിനിമയുടെ ഓഡിയോ റൈറ്റ് ഒരു കമ്പനിക്ക് നല്‍കിയാല്‍ പിന്നെ അത് അവരുടേതാണ്. ചിലര്‍ കരുതും ഒരു വര്‍ഷമൊക്കയെ പ്രശ്‌നമുണ്ടാകുകയുള്ളു എന്ന്. എന്നാല്‍ അങ്ങിനെയല്ല. സംഗീത പറയുന്നു.

ഇത്തരം കോപ്പി റൈറ്റ് വിഷയങ്ങള്‍ വരുമ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമില്‍ നിന്നുള്ള വരുമാനം മാത്രമല്ല. പേജുകളും ചാനലുകളും തിരിച്ച് എടുക്കാന്‍ കഴിയാത്ത വിധം നഷ്ടമാകുമെന്നാണ് സൈബര്‍ ടെക്‌നീഷ്യാനായ അതുല്‍ പറയുന്നത്. മൂന്ന് തവണ സ്ര്‌ടൈക്ക് കിട്ടിയാല്‍ പേജും ചാനലും തന്നെ അടിച്ചു പോകും. ഇത്തരത്തില്‍ മേളങ്ങള്‍ സോണിക്ക് വിറ്റിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ഇനി അത് മറ്റാര്‍ക്കെങ്കിലും ഉപയോഗിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. അതേ മേളം തന്നെയാവണം എന്നില്ല. അതുമായി സാമ്യമുള്ള ‘മ്യൂസിക്’ കിട്ടിയാല്‍ തന്നെ കോപ്പിറൈറ്റ് വയലേഷന്‍ ആവുമെന്നും അതുല്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

യൂട്യൂബ് ഈക്കാര്യത്തില്‍ വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കില്ല. എല്ലാ വീഡിയോകള്‍ക്കൊന്നും അവര്‍ കോപ്പി റൈറ്റ് വയലേഷന്‍ നല്‍കാറില്ല. മാത്രവുമല്ല പേജിന്റെ സബ്‌സ്‌ക്രിപ്ഷനും വ്യൂസിനും അനുസരിച്ച് മുന്നറിയിപ്പുകള്‍ നല്‍കും. എന്നാല്‍ ഫേസ്ബുക്കിന്റെ കാര്യം ഇങ്ങനെയല്ല. മൂന്ന് തവണ സ്‌ട്രൈക്ക് ലഭിച്ചാല്‍ എത്ര വലിയ ചാനല്‍ ആയാലും പേജ് പോകും അതുല്‍ പറഞ്ഞു.

 

 

 

 

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.