താന്‍ ഒരു കടുത്ത മോഹന്‍ ലാല്‍ ആരാധികയാണെന്നും ഇമോഷണല്‍ രംഗങ്ങള്‍ ആരുടേത് കണ്ടാലും തന്റെ കണ്ണ് നിറയുമെന്നും നിര്‍മാതാവ് സോഫിയാ പോള്‍.
ലാലേട്ടന്റെ സിനിമ കണ്ട് തിയേറ്ററിലിരുന്ന് കരഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അങ്ങനെ പറയാന്‍ പറ്റില്ലെന്നും ഇമോഷണല്‍ രംഗങ്ങള്‍ ഏത് കാണുമ്പോഴും കണ്ണ് നിറയുമെന്നുമായിരുന്നു സോഫിയ പോള്‍ പറഞ്ഞത്. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘ ലാലേട്ടന്റെ സിനിമ കണ്ട് തിയേറ്ററിലിരുന്ന് കരയുന്ന ആളാണ് ഞാനെന്ന് എന്നെ ചിലര്‍ കളിയാക്കും. സിനിമയിലെ ഒരു സങ്കട രംഗം കാണുമ്പോള്‍ ആ ഇമോഷന്‍ ഫീല്‍ ചെയ്ത് നമ്മള്‍ കരിയില്ലേ. മിന്നല്‍ മുരളിയില്‍ പോലും ഗുരു സോമസുന്ദരം വില്ലന്‍ കഥാപാത്രമായിട്ട് പോലും അദ്ദേഹത്തിന്റെ ഇമോഷന്‍ മോണിറ്ററിലൂടെ കണ്ടിട്ട് ഞാന്‍ കരഞ്ഞിട്ടുണ്ട്. കാരണം നമുക്ക് ആ ഫീല്‍ കിട്ടുകയാണ്,’ സോഫിയ പോള്‍ പറഞ്ഞു.
താന്‍ ഒരു കടുത്ത ലാല്‍ ആരാധികയാണെന്നും അതുകൊണ്ടാണ് പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങിയ ശേഷം മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്തതെന്നും സോഫിയ പോള്‍ പറഞ്ഞു.
‘ഞാന്‍ ഒരു കടുത്ത ലാല്‍ ആരാധികയാണ്. 80 കളിലെ ഹീറോയാണ് മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ. എല്ലാവര്‍ക്കും അന്ന് ഓരോ ഫേവറിറ്റ് താരങ്ങളുണ്ട്. എന്റെ ഫേവറിറ്റ് ലാലേട്ടനാണ്. പിന്നെ ഞങ്ങള്‍ പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങിയപ്പോള്‍ സ്വാഭാവികമായും ഒരു ആഗ്രഹം വരുമല്ലോ ലാലേട്ടനെ വെച്ച് ഒരു സിനിമ ചെയ്യുക എന്ന്. അതാണ് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍.
മോഹന്‍ലാലിന്റെ ജയിലറിലെ ലുക്കിനെ കുറിച്ചും സോഫിയാ പോള്‍ സംസാരിച്ചു. ജയിലറിലെ ലാലേട്ടന്റേത് ഗംഭീര ലുക്കല്ലേ. തിയേറ്ററില്‍ ആരായാലും കയ്യടിച്ചുപോകും. ഞാനും കയ്യടിച്ചു. അതിന് കൊടുത്തിരിക്കുന്ന മാസ് ബി.ജി.എം ഒക്കെ അങ്ങനെ അല്ലേ. ഒരു ഫാന്‍ എന്ന നിലയില്‍ ജയിലറില്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്’, സോഫിയ പോള്‍ പറഞ്ഞു.
സോഫിയ പോള്‍ നിര്‍മിച്ച് ഓണം റിലീസായി തിയേറ്ററിലെത്തിയ ആര്‍.ഡി.എക്‌സ് മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ഓണം റിലീസായി എത്തിയ മറ്റു ചിത്രങ്ങളെയൊക്കെ മറികടന്നാണ് മലയാളത്തിന്റെ യുവനിര അണിനിരന്ന ചിത്രം ബോക്‌സ് ഓഫീസ് കീഴടക്കിയത്.
Content Highlight: Producer Sofia Paul about Mohanlal