ആ സമയത്ത് മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച് എടുത്ത തീരുമാനം സത്യന്‍ അന്തിക്കാടിന്റെ സിനിമയെ ബാധിച്ചു: സിയാദ് കോക്കര്‍
Film News
ആ സമയത്ത് മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച് എടുത്ത തീരുമാനം സത്യന്‍ അന്തിക്കാടിന്റെ സിനിമയെ ബാധിച്ചു: സിയാദ് കോക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 30th June 2022, 10:54 pm

മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. അവിടത്തെ പോലെ ഇവിടെയും, പിന്‍നിലാവ്, അടിയയൊഴുക്കുകള്‍, കാതോട് കാതോരം, ഹരികൃഷ്ണന്‍സ് എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇത് കുറവായിരുന്നു. 2008ല്‍ പുറത്ത് വന്ന ട്വന്റി ട്വന്റിയിലാണ് ഇരുവരും പ്രധാന കഥാപാത്രങ്ങളായെത്തിയത്.

മോഹന്‍ലാലിനേയും മമ്മൂട്ടിയേയും വെച്ച് സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ പ്ലാന്‍ ചെയ്ത സിനിമയെ കുറിച്ച് പറയുകയാണ് നിര്‍മാതാവ് സിയാദ് കോക്കര്‍. ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘അപ്പുണ്ണി, കുറുക്കന്റെ കല്യാണം എന്നീ സിനിമകള്‍ കണ്ട് അതിന്റെ സംവിധായകനായ സത്യന്‍ അന്തിക്കാട് ആരാണെന്ന് അന്വേഷിച്ചു. അങ്ങനെ സത്യന്‍ അന്തിക്കാടിനെ കാണുകയും അദ്ദേഹത്തെ എറണാകുളത്തിന് വിളിച്ചുകൊണ്ട് വരികയും ചെയ്തു. ജോണ്‍ പോളുമായാണ് ആദ്യത്തെ ഡിസ്‌കഷന് ഇരുന്നത്. ആ ഡിസ്‌കഷന്റെ ഫലമായി ഉരുത്തിരിഞ്ഞുവന്ന കഥയില്‍ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും വെച്ച് സിനിമ ചെയ്യാം എന്നുള്ള പ്ലാന്‍ വന്നു. മള്‍ട്ടിസ്റ്റാര്‍ സിനിമയൊന്നുമല്ല. പക്ഷേ ഇവര്‍ക്ക് രണ്ട് പേര്‍ക്കും പറ്റിയ സിനിമ ആയിരുന്നു.

അവരെ കണ്ടു. രണ്ട് പേരും ഡേറ്റും പറഞ്ഞു. എന്നാല്‍ എന്റെ കഷ്ടകാലമാണോ സിനിമയുടെ കഷ്ടകാലമാണോ എന്ന് അറിയില്ല. അവര്‍ വളര്‍ന്ന് വരുന്ന സമയമായിരുന്നു. ആ സമയത്ത് ഇവര്‍ തമ്മിള്‍ ഒരു തീരുമാനമുണ്ടായി. രണ്ട് പേര്‍ക്കും തുല്യപ്രാധാന്യമുള്ള സിനിമയല്ലെങ്കില്‍ അഭിനയിക്കില്ലെന്ന് തീരുമാനിച്ചു. ആ തീരുമാനം ഞങ്ങളും അറിഞ്ഞു. ഈക്വല്‍ ക്യാരക്‌റ്റേഴ്‌സ് ആണോന്ന് അറിയാന്‍ ഇവരും അന്വേഷണം തുടങ്ങി. അങ്ങനെയുള്ള ആങ്‌സൈറ്റി ഒക്കെ വന്നപ്പോള്‍ വര്‍ക്ക് മുമ്പോട്ട് പോവാത്ത സ്ഥിതിയായി. പിന്നെ ആ സബ്‌ജെക്റ്റില്‍ നിന്നും മാറി ചിന്തിക്കേണ്ടി വന്നു.

മമ്മൂക്കയും എന്റെ നല്ല സുഹൃത്താണ്, ലാലും എന്റെ വളരെ നല്ല സുഹൃത്താണ്. അവരെ വെച്ച് ഇനിയും സിനിമ ചെയ്യാന്‍ ഒരു മടിയുമില്ല. പക്ഷേ അത് എന്റെ ബജറ്റിലായിരിക്കണം. ഒരു നിര്‍മാതാവെന്ന നിലയില്‍ എനിക്കൊരു ബജറ്റുണ്ട്. ഈ കാലഘട്ടത്തില്‍ എത്ര പൈസ മുടക്കിയാല്‍ ഒരു നല്ല സിനിമ ഉണ്ടാക്കാം. അത് മുടക്കാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ ബജറ്റിലായിരിക്കണം ആ പടം ചെയ്യേണ്ടത്. പലരും പലതിലും കോമ്പ്രമൈസ് ചെയ്യേണ്ടി വരും. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ ചെയ്യും,’ സിയാദ് കോക്കര്‍ പറഞ്ഞു.

Content Highlight: Producer Siyad Coker is talking about the planned film with Mohanlal and Mammootty under the direction of Sathyan Anthikad