| Tuesday, 5th April 2022, 9:22 pm

ദേവദൂതനില്‍ നായകനാകേണ്ടിയിരുന്നത് മാധവന്‍, മോഹന്‍ലാലിലേക്ക് എത്തിയതിങ്ങനെ; നിര്‍മാതാവ് സിയാദ് കോക്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിന്റെ ഏറ്റവും ജനപ്രീതിയുള്ള ചിത്രങ്ങളിലൊന്നാണ് ദേവദൂതന്‍. റിലീസ് ചെയ്ത സമയത്ത് ചിത്രം പരാജയപ്പെട്ടെങ്കിലും പിന്നീട് റിപ്പീറ്റ് വാല്യൂ കൂടുകയും പില്‍കാലത്ത് പലരും വാഴ്ത്തുകയും ചെയ്തിരുന്നു.

സിബി മലയിലിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തില്‍ മുരളി, ജനാര്‍ദ്ദനന്‍, ജയപ്രദ, ജഗദീഷ്, ജഗതി, വിനീത് കുമാര്‍ തുടങ്ങി വലിയ താരനിരയാണ് എത്തിയത്‌.

ചിത്രത്തില്‍ നായകനായി ആദ്യം നിശ്ചയിച്ചിരുന്നത് മാധവനെയായിരുന്നു എന്ന് പറയുകയാണ് നിര്‍മാതാവ് സിയാദ് കോക്കര്‍. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

രഘുനാഥ് പലേരി ദേവദൂതന്റെ കഥ പറഞ്ഞപ്പോള്‍ മാധവനെയായിരുന്നു ആദ്യം നായകനാക്കി നിശ്ചയിച്ചിരുന്നത്. എന്നാല്‍ മണിരത്‌നം സംവിധാനം ചെയ്ത അലൈപായുതേ എന്ന സിനിമ ഹിറ്റായതോടെ മാധവന്റെ ഡേറ്റ് പ്രശ്‌നമായെന്നും അദ്ദേഹം പറഞ്ഞു.

‘പാട്ടുകളൊക്കെ നേരത്തേ തന്നെ ചിട്ടപ്പെടുത്തിയിരുന്നു. ഇനി ആരെ നായകനാക്കും എന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഒരു ബന്ദ് ദിവസം മോഹന്‍ലാലിന്റെ ഫോണ്‍ വന്നു. ബന്ദ് കാരണം എറണാകുളത്തെ ഹോട്ടലില്‍ കുടുങ്ങിപ്പോയെന്നും കുറച്ച് നേരം സംസാരിച്ചിരിക്കാം വരൂ എന്നുമാണ് അദ്ദേഹം പറഞ്ഞത്.

അങ്ങനെ ഹോട്ടലില്‍ ചെന്ന അവസരത്തില്‍ ഈ കഥ അദ്ദേഹത്തോട് പറഞ്ഞു. നായകനായി ആരെ വേണമെന്ന ആശയക്കുഴപ്പത്തില്‍ നില്‍ക്കുകയാണെന്ന് പറഞ്ഞപ്പോള്‍ താന്‍ ചെയ്യാം എന്ന് ലാല്‍ പറയുകയായിരുന്നു. പിന്നെ ഒന്നും ചിന്തിച്ചില്ല,’ സിയാദ് കോക്കര്‍ പറഞ്ഞു.

Content Highlight: producer siyad cocker says Madhavan was supposed to be the hero in Devadoothan

We use cookies to give you the best possible experience. Learn more