സിബി മലയിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 2000ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദേവദൂതന്‍. ജയപ്രദ, വിജയലക്ഷ്മി, ശരത്ത്, വിനീത് കുമാര്‍, ജനാര്‍ദ്ദനന്‍, ജഗതി എന്നിങ്ങനെ വലിയ താരനിരയെത്തിയ ചിത്രം റിലീസ് സമയത്ത് പരാജയപ്പെട്ടിരുന്നു. എങ്കിലും പില്‍ക്കാലത്ത് മോഹന്‍ലാലിന്റെ ഏറ്റവും ജനപ്രിയ ചിത്രമായി ദേവദൂതന്‍ മാറി, ടി.വിയില്‍ വരുമ്പോഴൊക്കെ ചിത്രത്തിന് റിപ്പീറ്റ് വാല്യൂ കൂടി.
ദേവദൂതന്റെ പരാജയത്തില്‍ സങ്കടമില്ലെന്ന് പറയുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് സിയാദ് കോക്കര്‍. എല്ലാവരും വളരെ ആത്മാര്‍ത്ഥതയോടെയാണ് ചിത്രത്തില്‍ പ്രവര്‍ത്തിച്ചതെന്നും ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സിയാദ് കോക്കര്‍ പറഞ്ഞു.
‘ദേവദൂതനെ പറ്റി സംസാരിക്കുകയാണെങ്കില്‍ മണിക്കൂറുകളോളം വേണ്ടിവരും. വലിയ ആഗ്രഹത്തോടെ ഷൂട്ട് ചെയ്ത സിനിമയാണത്. അതിന്റെ പരാജയത്തില്‍ സങ്കടമില്ല. കാരണം എല്ലാവരും വളരെ ആത്മാര്‍ത്ഥതയോടെ ചെയ്ത സിനിമയാണത്. ടി.വിയില്‍ ഓരോ പ്രാവിശ്യവും ഈ സിനിമ വരുമ്പോള്‍ എനിക്ക് നല്ല ഫേസ്ബുക്ക് കമന്റ്‌സ് ലഭിക്കാറുണ്ട്. അത് വലിയ സന്തോഷമാണ്,’ സിയാദ് കോക്കര്‍ പറഞ്ഞു.
‘വളരെ പെയ്ന്‍ഫുള്ളായിരുന്നു ദേവദൂതന്റെ ഷൂട്ട്. ആലുവയിലെ ഒരു സെമിനാരിയായിരുന്നു ചിത്രത്തിന്റെ ഷൂട്ടിനായി സെറ്റ് ചെയ്ത് വെച്ചത്. അത് ഞങ്ങളുടെ കയ്യില്‍ ഒതുങ്ങുന്ന ഏരിയ ആയിരുന്നു. അവിടെ ഷൂട്ട് ചെയ്തിരുന്നേല്‍ ഇത്രയും നഷ്ടം വരില്ലായിരുന്നു. എന്നാല്‍ ഫൈനല്‍ സ്റ്റേജിലെത്തിയപ്പോള്‍ അവിടുത്തെ റക്ടര്‍ അച്ചന്‍ പറഞ്ഞു, സിനിമാക്കാര്‍ക്കാണെങ്കില്‍ ഷൂട്ടിന് തരില്ലെന്ന്.
അങ്ങനെയാണ് ഊട്ടിയില്‍ പോയി സെറ്റിടേണ്ടി വന്നത്. അവിടെയാണെങ്കില്‍ മഴ പെയ്താല്‍ മണ്ണിടിച്ചില്‍ ഉണ്ടാവും. സെറ്റ് പൊളിഞ്ഞുപോവുന്ന സിറ്റുവേഷനില്‍ ഡബിളായി ഇന്‍വെസ്റ്റ് ചെയ്യേണ്ടി വന്നു. ഇന്‍വെസ്റ്റ് കൂടിയതുകൊണ്ടാണ് ആ ചിത്രം നഷ്ടമെന്ന് പറയുന്നത്. എനിക്ക് ഒരുപാട് നല്ല ഓര്‍മകളുള്ള പടമാണത്. ഇനിയും വേറെ ഭാഷയില്‍ അത് ചെയ്യാന്‍ ഞാനും സിബിയും ആലോചിക്കുന്നുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: producer Siyad cockar says that he does not regret in the failure of devadoothan