മലൈക്കോട്ടൈ വാലിബനെ കുറിച്ചുള്ള വിവരങ്ങള്‍ എപ്പോഴൊക്കെയാണ് പുറത്തു വിടേണ്ടത് എന്നതിനെ കുറിച്ച് കൃത്യമായ കാഴ്ചപ്പാടുണ്ടെന്ന് നിര്‍മാതാവ് ഷിബു ബേബിജോണ്‍. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെയാണ് സിനിമ നിര്‍മിക്കാന്‍ തീരുമാനിച്ചതെന്നും മുന്‍മന്ത്രിയും ആര്‍.എസ്.പി നേതാവ് കൂടിയായ അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ പ്രമുഖ ഗുസ്തി താരമായ ഗാമയുടെ കഥയാണ് മലൈക്കോട്ടൈ വാലിബനെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും സിനിമ പൂര്‍ണമായും ഫോക് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലറാണെന്നും ഷിബു ബേബിജോണ്‍ പറഞ്ഞു
‘ചവറയിലെ പരാജയത്തോടെയാണ് ഞാന്‍ സിനിമ ചെയ്യാമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്. മുഴുവന്‍ സമയം രാഷ്ട്രീയ പ്രവര്‍ത്തകനായതിന് ശേഷം ഒരു ബിസിനസും ഞാന്‍ നോക്കുന്നുണ്ടായിരുന്നില്ല. രണ്ട് തവണ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ഒരു അനിശ്ചിതത്വം നിലനിന്നിരുന്നു. എന്ത് ചെയ്യുമെന്നൊരു ആശങ്കയുണ്ടായിരുന്നു. എന്തെങ്കിലും ചേയ്യേണ്ടത് ആവശ്യമായിരുന്നു. എന്റെ ഈ പ്രായത്തില്‍ പുതിയൊരു സ്റ്റാര്‍ട്ട് അപ്പോ, ബിസിനസോ തുടങ്ങിയാല്‍ അതിന്റെ എല്ലാ വശങ്ങളും നോക്കിയേ മുന്നോട്ട് പോകാന്‍ കഴിയുമായിരുന്നുള്ളൂ. അങ്ങനെ ചിന്തിച്ചപ്പോള്‍ എത്തിയ തീരുമാനമാണ് സിനിമ എന്ന ആശയം. സിനിമയുടെ ഷൂട്ടിംഗ് ഇപ്പോള്‍ ചെന്നൈയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഒരു മാസം കൂടി ഷൂട്ടിങ് ഉണ്ടാകും. അത് കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷന്‍.
സിനിമയെ കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായൊരു കാഴ്ചപ്പാടുണ്ട്. ഏതൊക്കെ സമയത്ത് ഏതൊക്കെ കാര്യങ്ങള്‍ പുറത്ത് വിടണമെന്ന് ധാരണയുണ്ട്. ഗാമയെ കുറിച്ചുള്ള കഥയാണെന്ന വാര്‍ത്തകള്‍ ഞാന്‍ നരത്തെ തന്നെ തള്ളിയതാണ്. സിനിമ പൂര്‍ണമായും ഫോക് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലറാണ്. ഒരു വര്‍ഷക്കാലം ഞാന്‍ കഥകള്‍ കേട്ടിട്ടുണ്ട്. മോഹന്‍ലാലെന്ന വ്യക്തിയില്‍ ഒരു സാധാരണ കേരളീയനെ പോലെ ഞാനും ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ടായിരുന്നു.
കേട്ട കഥകള്‍ വ്യത്യസ്തത തോന്നിയതുണ്ടായിരുന്നെങ്കിലും അതുമായി ലാലിനെ സമീപിച്ചപ്പോള്‍ അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസമുള്ളതുണ്ടായിരുന്നു. അങ്ങനെ ഒരു വര്‍ഷത്തിന് ശേഷം ലിജോ ഈ കഥയുമായി വന്നപ്പോള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഓരോന്നും നടന്നു,’ഷിബു ബേബിജോണ്‍ പറഞ്ഞു.
സിനിമ നിര്‍മാണം ആസ്വദിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താന്‍ അതിന്റെ ഭാഗമായി അവിടെ പോയി നില്‍ക്കുന്നില്ലെന്നും, സെഞ്ച്വറി ഗ്രൂപ്പ് ഇല്ലായിരുന്നെങ്കില്‍ താന്‍ സിനിമ നിര്‍മാണത്തിന് ഇറങ്ങില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
content highlight; Producer Shibubaby John talks about Mohanlal’s Malaikottai Valiban