മമ്മൂട്ടിയെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത സിനിമയായിരുന്നു കാഴ്ച. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ചിത്രം കൂടിയായിരുന്നു അത്. ചിത്രത്തില്‍ നായികയായെത്തിയത് പത്മപ്രിയയായിരുന്നു. പത്മപ്രിയ എങ്ങനെയാണ് സിനിമയിലേക്ക് വന്നതെന്ന് പറയുകയാണ് അതിന്റെ നിര്‍മാണ പങ്കാളിയായ സേവി മനോ മാത്യു.
ലൊക്കേഷനില്‍ വച്ച് ആദ്യമായി പത്മപ്രിയയെ കണ്ടപ്പോള്‍ ഒരു നാടിയായിട്ടൊന്നും തോന്നിയില്ലെന്നും ഇത്രയും കഷ്ടപ്പെട്ടിട്ട് ഇതിനെയാണോ കിട്ടിയതെന്ന് ബ്ലെസിയോട് താന്‍ ചോദിച്ചുവെന്നും തുറന്ന് പറയുകയാണ് അദ്ദേഹം.
‘കാഴ്ച സിനിമയുടെ എല്ലാകാര്യങ്ങളും ചെയ്തത് സംവിധായകനായ ബ്ലെസിയാണ്. ഞങ്ങളുടെ പ്രൊഡക്ഷന്‍ കമ്പനിക്ക്, എന്‍.എക്സ് വിഷ്വല്‍ എന്റര്‍ടെയിന്‍മെന്റ്സ് എന്ന പേരിട്ടത് പോലും ബ്ലെസിയാണ്. പടം അങ്ങനെ സൂപ്പര്‍ ഹിറ്റായി. പത്തിരുപത് അവാര്‍ഡും കിട്ടി. ചിത്രത്തിന്റെ ഓഡീഷനും കാര്യങ്ങള്‍ക്കുമൊന്നും ഞാന്‍ പോയിരുന്നില്ല. നൗഷാദും ബ്ലെസിയും കൂടെയാണ് പോയത്.
ഒരു ദിവസം ചങ്ങനാശ്ശേരി മാര്‍ക്കറ്റില്‍ വെച്ച് സിനിമയുടെ ഷൂട്ടിങ് നടക്കുകയായിരുന്നു. ഞാന്‍ അന്ന് അവിടെ ചെന്ന സമയത്ത് പത്മപ്രിയ അവിടെ ഒരു കസേരയില്‍ ഇരിക്കുകയായിരുന്നു. ബ്ലെസിയൊക്കെ അപ്പുറത്ത് ഇരിക്കുന്നുണ്ട്. പത്മപ്രിയയെ കണ്ടപ്പോള്‍ ഒരു നടിയാണെന്നേ എനിക്ക് തോന്നിയില്ല. കാരണം ഒരു മേക്കപ്പുമില്ലാതെ സാധാരണ ഒരു ജീന്‍സുമിട്ട് ഇരിക്കുകയായിരുന്നു.
അപ്പൊ ഞാന്‍ നൗഷാദിനോട് ചോദിച്ചു, ‘നമ്മുടെ നായിക വന്നിട്ടുണ്ടോ,’ എന്ന്. ‘ദേ ഈ ഇരിക്കുന്നതാണ് നായിക,’ എന്ന് പത്മപ്രിയയെ ചൂണ്ടിക്കാട്ടി നൗഷാദ് പറഞ്ഞു.
നൗഷാദും ബ്ലെസിയുമൊക്കെ നായികയെ സെലക്ട് ചെയ്യാന്‍ വേണ്ടി കുറേദിവസം ബെംഗളൂരുവിലൊക്കെ പോയി ഓഡീഷന്‍ നടത്തിയിരുന്നു.’ഇതാണോ നായിക, നിങ്ങള്‍ ഇത്രയും പാടുപെട്ട് പത്തിരുപത് ദിവസം ബെംഗളൂരുവിലൊക്കെ കറങ്ങിയിട്ട് ഇതിനെയാണോ കിട്ടിയത്,’ എന്ന് ഞാന്‍ നൗഷാദിനോട് ചോദിച്ചു.
കാരണം പത്മപ്രിയയുടെ അഭിനയമോ ഒന്നും ഞാന്‍ കണ്ടിട്ടില്ല. ആ ലുക്ക് മാത്രം കണ്ട് പറഞ്ഞതായിരുന്നു. കാരണം പത്മപ്രിയ അധികം മേക്കപ്പൊന്നും ചെയ്യാതെ വളരെ കാഷ്വലായി നടക്കുന്ന ആളാണ്. ആ രീതിയില്‍ ഒരു ആര്‍ടിസ്റ്റാണെന്ന് അവരെ കണ്ടാല്‍ തോന്നുകയേ ഇല്ല,” സേവി മനോ മാത്യു പറഞ്ഞു.
content highlight: producer sevi mano mathew about pathmapriya