രാജീവ് രവിയുടെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അന്നയും റസൂലും. അദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രമായിരുന്നു ഇത്. റസൂലായി ഫഹദ് ഫാസിലും അന്നയായി ആന്‍ഡ്രിയയുമായിരുന്നു അന്നയും റസൂലിലും എത്തിയത്.
ബോക്‌സ് ഓഫീസില്‍ വലിയ വാണിജ്യ വിജയം നേടാന്‍ ഈ സിനിമക്ക് സാധിച്ചിരുന്നു. ഒപ്പം ദേശീയ ചലച്ചിത്ര അവാര്‍ഡും മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും നേടിയിരുന്നു. ഇപ്പോള്‍ മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ ഈ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവായ സെവന്‍ ആര്‍ട്‌സ് മോഹന്‍.
‘ഞാന്‍ പ്രൊഡ്യൂസ് ചെയ്ത അന്നയും റസൂലും എന്ന സിനിമ ലാഭമാണ്. പക്ഷെ വ്യക്തിപരമായി എനിക്ക് ആ സിനിമ നഷ്ടമാണ്. നല്ല സിനിമ തന്നെയാണ് അത്. മൂന്ന് കോടി രൂപ ഈ സിനിമയിലൂടെ ലാഭം കിട്ടിയിട്ടുണ്ട്. പക്ഷെ എനിക്ക് അത് നഷ്ടമാണ്. അത് ചിലപ്പോള്‍ എന്റെ കഴിവുകേടായിരിക്കും.
അന്നയും റസൂലുമെന്ന സിനിമ പുതിയ ജനറേഷന്റെ റിയലസ്റ്റിക് സിനിമയാണ്. അങ്ങനെയൊരു സിനിമ ചെയ്തതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്, അഭിമാനവുമുണ്ട്. എനിക്ക് വളരെ അന്തസോടെ പറയാന്‍ പറ്റുന്ന സിനിമ തന്നെയാണ് അന്നയും റസൂലും.
അതിന് രാജീവ് രവിയോട് എനിക്ക് നന്ദിയുണ്ട്. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചാല്‍ മനസാക്ഷി ഇല്ലായ്മയുണ്ട്. അതാണ് ഒറ്റവാക്കില്‍ പറയാനാകുന്ന ഉത്തരം. ഈ സിനിമയുടെ സംവിധായകനെ ഞാന്‍ കുറ്റം പറയില്ല. കുറ്റം സംവിധായകന്റേതല്ല.
സിനിമ വിതരണം ചെയ്ത ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്ത ആളുകളുണ്ട്. E4 എന്റര്‍ടൈമെന്റ്‌സ് എന്ന കമ്പനിയുടെ ആദ്യ സിനിമയായിരുന്നു അന്നയും റസൂലും. ഞാന്‍ ഔട്ട് റൈറ്റ് എടുത്ത സിനിമയാണ് ഇത്. പിന്നീട് ഔട്ട് റൈറ്റ് വിറ്റു.
കൃത്യമായി ഇത്ര ബഡ്ജറ്റില്‍ നാല്‍പത് ദിവസം കൊണ്ട് ഷൂട്ടിങ് തീര്‍ക്കാമെന്ന് ഞാനും രാജീവ് രവിയും പറഞ്ഞുറപ്പിച്ചിരുന്നു. പക്ഷെ നാല്‍പത് ദിവസം കൊണ്ട് ഷൂട്ട് ചെയ്യേണ്ട സിനിമ അറുപത് ദിവസമെടുത്താണ് ഷൂട്ട് ചെയ്തിരുന്നത്,’ സെവന്‍ ആര്‍ട്‌സ് മോഹന്‍ പറഞ്ഞു.
Content Highlight: Producer Seven Arts Mohan Talks About Fahadh Faasil Movie Annayum Rasoolum