| Sunday, 30th November 2014, 10:58 am

ഐ.എഫ്.എഫ്.ഐയില്‍ 'ലിബാസ്' പ്രദര്‍ശിപ്പിച്ചതിന് മാപ്പു പറയണമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: “ലിബാസ്” എന്ന ചിത്രം ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലില്‍ പ്രദര്‍ശിപ്പിച്ചതില്‍ സംഘാടകര്‍ മാപ്പു പറയണമെന്ന് നിര്‍മ്മാതാവ് വികാസ് മോഹന്‍.

ചിത്രം പ്രദര്‍ശിപ്പിച്ചതില്‍ നിരുപാധികം മാപ്പു പറയണമെന്നാവശ്യപ്പെട്ട് ഐ.എഫ്.എഫ്.ഐ ഡയറക്ടര്‍ ശങ്കര്‍ മോഹനും ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് സെക്രട്ടറി ബിമല്‍ ജുല്‍ക്കയ്ക്കും വികാസ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്.

കവിയും സംവിധായകനുമായ ഗുല്‍സര്‍ സംവിധാനം ചെയ്ത് 1988ലെടുത്ത ചിത്രമാണ് “ലിബാസ്”. ഷബാന അസ്മിയും നസ്‌റുദ്ദീന്‍ ഷായും, രാജ് ബബ്ബാറും, ഉത്പല്‍ ദത്തും അന്നു കപൂറും അഭിനയിച്ച ചിത്രം റിലീസ് ചെയ്തിരുന്നില്ല. ഐ.എഫ്.എഫ്.ഐയുടെ ഇന്ത്യന്‍ പനോരമ വിഭാഗത്തിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിച്ചത്.

എന്നാല്‍ മാപ്പു പറയണമെന്ന വികാസിന്റെ ആവശ്യം ശങ്കര്‍ മോഹന്‍ തള്ളി. ഈ ചിത്രം ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചതിനാല്‍ വക്കീല്‍ നോട്ടീസ് നിലനില്‍ക്കില്ലയെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യന്‍ പനോരമയില്‍ കൊമേഴ്‌സ്യല്‍ അല്ലാത്തതിനാല്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം വാദിച്ചു.

വിവാഹേതര ബന്ധം വിഷയമായ ഒരു ചെറുകഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. അന്തര്‍ദേശീയ ചലച്ചിത്രമേളകളിലുള്‍പ്പെടെ വിമര്‍ശക പ്രശംസ പിടിച്ചുപറ്റിയ ഈ ചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ല.

1991ല്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുമതി തേടി അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നെന്ന് നിര്‍മ്മാതാവ് പറയുന്നു. കോമേഴ്‌സ്യല്‍ അല്ലാത്ത പ്രദര്‍ശനത്തിനാണ് അനുമതി തേടിയത്. എന്നാല്‍ ഈ ഫിലിം ഫെസ്റ്റിവെലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ കാണികളില്‍ നിന്നും സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ് വാങ്ങിയിട്ടുണ്ട്. അതുവഴി ചിത്രത്തിന്റെ പ്രദര്‍ശനം കൊമേഴ്‌സ്യല്‍ ആക്കിയെന്നാണ് നോട്ടീസില്‍ പറയുന്നത്.

പ്രദര്‍ശനം കാണാന്‍ നസ്‌റുദ്ദീന്‍ ഷായേയും ഷബാന അസ്മിയെയും ക്ഷണിക്കാത്തതിനെയും നിര്‍മ്മാതാവ് കുറ്റപ്പെടുത്തി. കൂടാതെ ഈ ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും അത് കോപ്പി റൈറ്റ് ലംഘനമാണെന്നും അദ്ദേഹം ആരോപിക്കുന്നു.

We use cookies to give you the best possible experience. Learn more