| Saturday, 29th October 2022, 10:32 pm

നീ എന്താണ് വിചാരിച്ചത്, ശരിക്കും എന്റെ സ്വഭാവത്തിന് അടി തന്ന് വിടേണ്ടതാണ്, പ്രതിഫലം കേട്ട മമ്മൂക്ക പറഞ്ഞു: സേവി മനോ മാത്യു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2004ല്‍ ബ്ലസിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ സിനിമയാണ് കാഴ്ച. സ്വതന്ത്ര സംവിധായകനായി ബ്ലസി അരങ്ങേറ്റം കുറിച്ച ചിത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഗുജറാത്തില്‍ ഭൂകമ്പമുണ്ടായതിനെ തുടര്‍ന്ന് കേരളത്തിലേക്ക് എത്തിപ്പെട്ട അനാഥബാലന്റേയും അവനെ സ്വന്തം മകനെ പോലെ വളര്‍ത്തിയ മാധവന്റേയും കഥയാണ് ചിത്രം പറഞ്ഞത്.

ചിത്രത്തില്‍ മമ്മൂട്ടി വളരെ കുറച്ച് പ്രതിഫലമാണ് വാങ്ങിയതെന്ന് പറയുകയാണ് നിര്‍മാതാവ് സേവി മനോ മാത്യു. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സേവി മമ്മൂട്ടിയുടെ പ്രതിഫലത്തെ പറ്റി പറഞ്ഞത്.

‘കാഴ്ചയുടെ കഥ പറയാന്‍ മമ്മൂക്കയുടെ വീട്ടില്‍ ഞാനും ബ്ലസിയും കൂടിയാണ് പോയത്. കഥ കേട്ട് കഴിഞ്ഞ് ആരാണ് എഴുതുന്നത് എന്ന് മമ്മൂക്ക ചോദിച്ചു. ഏതെങ്കിലും നല്ല എഴുത്തുകാരെക്കൊണ്ട് എഴുതിക്കണമെന്ന് ബ്ലസി പറഞ്ഞു. ഏത് നല്ല എഴുത്തുകാര്‍ തന്റെ മനസിലല്ലേ കഥ, താനങ്ങ് എഴുതാന്‍ മമ്മൂക്ക ബ്ലസിയോട് പറഞ്ഞു. അങ്ങനെ തിരുവല്ലയിലെ പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസ് എടുത്ത് ബ്ലസി എഴുതാന്‍ തുടങ്ങി.

പ്രതിഫലത്തിന്റെ കാര്യം പറയാന്‍ എന്നോട് ചെല്ലാന്‍ പറഞ്ഞു. ഞാന്‍ വീട്ടില്‍ ചെന്നു. സബ്‌ജെക്ട് പറഞ്ഞിട്ട് പോയതല്ലാതെ സാമ്പത്തികമൊന്നും നീ പറയുന്നില്ലല്ലോ എന്ന് മമ്മൂക്ക പറഞ്ഞു. സിനിമ ചെയ്യണമെന്ന ആഗ്രഹത്തിലാണ് വന്നത് അല്ലാതെ പ്രൊഡ്യൂസര്‍ എന്ന നിലയിലല്ല എന്ന് മമ്മൂക്കയോട് പറഞ്ഞു. വളച്ചുകെട്ടാതെ കാര്യം പറയാന്‍ മമ്മൂക്ക പറഞ്ഞു.

ഞാന്‍ ഒരു എമൗണ്ട് പറഞ്ഞു. നീ ആയതുകൊണ്ട് ഞാന്‍ ഒന്നും പറയുന്നില്ല, ശരിക്കും എന്റെ സ്വഭാവത്തിന് അടി തന്ന് വിടേണ്ടതാണ്, നീ എന്താണ് വിചാരിച്ചിരിക്കുന്നത്, ഞാന്‍ തുടങ്ങിയ സമയത്ത് ഇതിനെക്കാള്‍ മേടിച്ചിട്ടുണ്ടല്ലോ എന്ന് മമ്മൂക്ക പറഞ്ഞു. (ചിരിക്കുന്നു) വേറൊന്നും കൊണ്ടല്ല നമ്മുടെ കയ്യില്‍ ഇതേ ഉള്ളൂ, സിനിമ ചെയ്യണമെന്നതാണ് നമ്മുടെ ആഗ്രഹമെന്ന് മമ്മൂക്കയോട് പറഞ്ഞു.

വളരെ പൈസ കുറച്ചാണ് അന്ന് മമ്മൂക്ക അഭിനയിച്ചത്. എന്തുകൊണ്ടാണ് ആ എമൗണ്ടിന് സമ്മതിച്ചതെന്ന് അറിയില്ല. ചിലപ്പോള്‍ നമ്മുടെ നല്ല സമയം കൊണ്ടായിരിക്കും. ആ സമയത്ത് സാധാരണ സിനിമകള്‍ക്ക് വേണ്ടി മമ്മൂക്ക മേടിച്ചോണ്ടിരുന്നത് 50 ലക്ഷം രൂപയാണ്. പക്ഷേ ഈ സിനിമയില്‍ അതിന്റെ അഞ്ചിലൊന്ന് പോലും കൊടുക്കേണ്ടി വന്നില്ല,’ സേവി മനോ മാത്യു പറഞ്ഞു.

Content Highlight: Producer Savi Mano Mathew says that Mammootty was paid very little for the film kazhcha

We use cookies to give you the best possible experience. Learn more