‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’ല്‍ സുരാജ് വെഞ്ഞാറമൂടിന് പകരം തീരുമാനിച്ചിരുന്നത് അലന്‍സിയറിനെ ആയിരുന്നെന്ന് നിര്‍മാതാവ് സന്തോഷ് ടി. കുരുവിള. താനാണ് സുരാജ് വെഞ്ഞാറമൂടിനെ ആ സിനിമയിലേക്ക് സജസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറയുന്നു. സില്ലി മോങ്ക്‌സ് മോളീവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയിരുന്നു സന്തോഷ് ടി. കുരുവിള.
‘വൈറസ്’ സിനിമയില്‍ ശ്രീനാഥ് ഭാസി ചെയ്ത കഥാപാത്രത്തില്‍ കാളിദാസ് ജയറാമിനെയാണ് കണ്ടിരുന്നതെന്നും കാളിദാസിന് അന്ന് ഏതോ തമിഴ് സിനിമയില്‍ ഷൂട്ട് ഉണ്ടായിരുന്നത് കാരണമാണ് അതില്‍ നിന്ന് പിന്മാറിയതെന്നും അഭിമുഖത്തില്‍ പറയുന്നുണ്ട്.
ദൈവം തലയില്‍ വരച്ചത് മാറ്റാന്‍ വലിയ ബുദ്ധിമുട്ടാണെന്നും അഭിനയിക്കുമ്പോള്‍ അതിനാവശ്യമായ എഫേര്‍ട്ടിടണമെങ്കിലും ബാക്കിയെല്ലാം നമ്മളുടെ തലയില്‍ എഴുതിവെച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ സിനിമയുമായി രണ്ടര കൊല്ലത്തോളം ഡയറക്ടര്‍ പല നിര്‍മാതാക്കളെയും നടന്മാരെയും പോയി കണ്ടിരുന്നു. മമ്മൂക്കയെ വരെ കണ്ടിരുന്നുവെന്നാണ് കേട്ടത്. അന്ന് ആന്‍ഡ്രോയിഡ് കുഞ്ഞപ്പനില്‍ അലന്‍സിയറായിരുന്നു സുരാജ് വെഞ്ഞാറമൂടിന് പകരം ഉണ്ടായിരുന്നത്.
സൗബിന്റെ കഥാപാത്രത്തെ ചെയ്യാന്‍ ആദ്യം സൗബിനെ തന്നെയായിരുന്നു കണ്ടതെന്ന് തോന്നുന്നു. സൗബിന്‍ അതില്‍ നിന്ന് പിന്മാറിയപ്പോഴാണ് കുഞ്ചാക്കോ ബോബനെ കണ്ടതെന്നൊക്കെ കേട്ടിട്ടുണ്ട്. ഇതൊക്കെ ഞാന്‍ ഈ സിനിമയിലേക്ക് വരുന്നതിന് മുമ്പുള്ള കാര്യമാണ്.
ഈ സിനിമയിലേക്ക് വന്നതിന് ശേഷം ഞാനാണ് സുരാജ് വെഞ്ഞാറമൂടിനെ സജസ്റ്റ് ചെയ്യുന്നത്. ഞാന്‍ തന്നെയാണ് സുരാജേട്ടനെ വിളിച്ച് നമ്മുടെ സിനിമയില്‍ ഇങ്ങനെയൊരു റോളുണ്ടെന്ന് പറയുന്നതും. അങ്ങനെയാണ് സുരാജേട്ടന്‍ വന്ന് കഥ കേള്‍ക്കുന്നത്.
സൗബിനും ഞാനും തമ്മിലുള്ള ബന്ധത്തിന് പുറത്താണ് സൗബിന്‍ ഈ സിനിമയിലേക്ക് വരുന്നത്. അതിന് മുമ്പുള്ള കാസ്റ്റിങ്ങ് എന്തായാലും ഇവര്‍ രണ്ടുപേരുമായിരുന്നില്ല. സൗബിന്‍ പക്ഷേ മുമ്പ് പരിഗണനയില്‍ ഉണ്ടായിരുന്നു.
‘വൈറസ്’ സിനിമയില്‍ കാസ്റ്റിങ്ങ് അനൗണ്‍സ് ചെയ്യുമ്പോള്‍ അതില്‍ കാളിദാസ് ജയറാം ഉണ്ടായിരുന്നു. പിന്നീട് ആ കഥാപാത്രം ചെയ്തത് ശ്രീനാഥ് ഭാസിയായിരുന്നു. കാളിദാസിന് അന്ന് ഏതോ തമിഴ് സിനിമയില്‍ ഷൂട്ട് ഉണ്ടായിരുന്നു.
ദൈവം തലയില്‍ വരച്ചത് മാറ്റാന്‍ വലിയ ബുദ്ധിമുട്ടാണ്. നമ്മള്‍ കേട്ടിട്ടുണ്ടല്ലോ, ചില സിനിമയില്‍ മമ്മൂക്കക്ക് തീരുമാനിച്ച വേഷം ലാലേട്ടന്‍ ചെയ്തിട്ട് ആ സിനിമ ഹിറ്റായെന്നും, ലാലേട്ടന് തീരുമാനിച്ച വേഷം മമ്മൂക്ക ചെയ്തിട്ട് അത് ഹിറ്റായെന്നുമൊക്കെ. എന്നുപറയുന്നത് പോലെ ഇതൊക്കെ നമ്മുടെ തലയില്‍ എഴുതി വെച്ച സാധനങ്ങളാണ്. അഭിനയിക്കുമ്പോള്‍ അതിന് വേണ്ട എഫേര്‍ട്ടിടണം. അതല്ലാതെ ബാക്കിയെല്ലാം നമ്മളുടെ തലയില്‍ എഴുതിവെച്ചിട്ടുണ്ട്,’ സന്തോഷ് ടി. കുരുവിള പറയുന്നു.
Content Highlight: Producer Santhosh T Kuruvila Talks About Suraj Venjaramoodu And Alencier Ley Lopez