മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച നിർമാതാവാണ് സന്തോഷ്. ടി. കുരുവിള. കഴിഞ്ഞവർഷം സന്തോഷ് നിർമിച്ച ‘ന്നാ താൻ കേസ് കൊട് ‘ എന്ന ചിത്രം വലിയ വിജയമായിരുന്നു.
ചിത്രത്തിന്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലുള്ളപ്പോൾ സംവിധായകനെതിരെ ആരോപണവുമായി വന്നിരിക്കുകയാണ് സന്തോഷ്. ടി. കുരുവിള.
താൻ നിർമിച്ച ന്നാ താൻ കേസ് കൊട് എന്ന സിനിമയിൽ നിന്നും മറ്റൊരു സ്പിൻ ഓഫ് ചെയ്യുന്നത് അതിന്റെ നിർമാതാവായ താൻ അറിഞ്ഞിട്ടില്ല എന്നാണ് സന്തോഷ് പറയുന്നത്. സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സന്തോഷ്. ടി. കുരുവിള.
‘സിനിമയിൽ എനിക്ക് കൂടുതലും നല്ല ഓർമ്മകളാണുള്ളത്. പറയാനാണെങ്കിൽ ഒരു ചീത്ത ഓർമ്മ ഇപ്പോൾ നിലവിൽ ഉണ്ട്. ഞാൻ നിർമ്മിച്ച ‘ന്നാ താൻ കേസ് കൊട്’ സിനിമയുടെ സ്പിൻ ഓഫ് എന്ന പേരിൽ ഒരു സിനിമയുടെ ഷൂട്ടിപ്പോൾ നടക്കുന്നുണ്ട്. രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്നെയാണ് അതിന്റെയും സംവിധായകൻ. പക്ഷേ എന്നോടിതു വരെ അതിനെ പറ്റുയൊരു വാക്ക് ആരും പറഞ്ഞിട്ടില്ല.
സിനിമയെടുത്തോട്ടെ എന്ന് എന്നോട് ചോദിച്ചിട്ട് പോലുമില്ല. ഞാൻ പൈസ മുടക്കി കഥ എഴുതിപ്പിച്ച് അദ്ദേഹത്തിന് പൈസ കൊടുത്ത സിനിമയിൽ നിന്നും ഒരു സ്പിൻ ഓഫ് ചെയ്യുമ്പോൾ എന്നോടിത് വരെ ആ ചിത്രത്തെ പറ്റിയൊന്നും സൂചിപ്പിച്ചിട്ട് പോലുമില്ല. അവർ ആ സിനിമ എടുത്തോട്ടെ, താരങ്ങൾ അഭിനയിച്ചോട്ടെ അതിലൊന്നും എനിക്കൊരു പ്രശ്നവുമില്ല.
കഴിഞ്ഞ ദിവസം സംസ്ഥാന അവാർഡിന്റെ ഒരു അഭിമുഖത്തിലാണ് അങ്ങനെയൊരു സ്പിൻ ഓഫ് വരുന്നുണ്ടെന്ന് തന്നെ ഞാൻ അറിയുന്നത്. സത്യം പറഞ്ഞാൽ അതെനിക്ക് വേദനയുണ്ടാക്കി. പക്ഷെ എനിക്ക് വേദനയുണ്ടെന്ന് കരുതി അവർക്ക് സിനിമ ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ.
എന്നോട് ഒരുപാട് ആളുകൾ അതിനെതിരെ കേസ് കൊടുക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ആ ചിത്രത്തിന്റെ നിർമാതാവിന്റെ പണവും അണിയറ പ്രവർത്തകരുടെയും താരങ്ങളുടെയും കുറേ ദിവസത്തെ അധ്വാനവുമെല്ലാം ആ സിനിമയ്കകത്തുണ്ട്.
ഞാൻ ആ സിനിമക്കെതിരെ കേസിന് പോയാൽ തീർച്ചയായും ഞാൻ വിജയിക്കുമെന്ന് ഉറപ്പാണ്. നിരവധി ആളുകൾ എന്നോട് പറഞ്ഞു നീ കേസിനു പോകണം, വക്കീലിനെ സമീപിക്കണം, പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ പരാതി കൊടുക്കണം എന്നൊക്കെ. എന്തിനാണത്? എനിക്കതിന് സമയമില്ല.
നാളെ ചിലപ്പോൾ ‘ഏലിയൻ അളിയൻ ‘എന്ന പേരിൽ രതീഷ് തന്നെ എഴുതി എന്റെ അടുത്ത് രജിസ്റ്റർ ചെയ്തിട്ടിരിക്കുന്ന ചിത്രം വേറൊരാളോടൊപ്പം ചെയ്യുമായിരിക്കും. പക്ഷേ ഒരിക്കലും ഞാൻ അതെടുക്കാൻ അനുവദിക്കില്ല. ഞാൻ പൈസ മുടക്കി എഴുതിപ്പിച്ചു രജിസ്റ്റർ ചെയ്തിട്ടിരിക്കുന്നതാണത്. ആ സിനിമ ചിലപ്പോൾ സംഭവിച്ചേക്കാം,’സന്തോഷ്.ടി.കുരുവിള പറയുന്നു.
Content Highlight : Producer Santhosh.T.Kuruvila Talk About Director Ratheesh Balakrishna Pothuval